തിരുവനന്തപുരം: രാജ്യം സാമ്പത്തിക ശക്തിയാകുന്നത് എല്ലാവരുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. നെഹ്റു യുവകേന്ദ്രയുടെയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ സി.എസ്.ഐ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ സംഘടിപ്പിച്ച തൊഴില്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ കഴിവുകള്‍ അവര്‍ക്കും കുടുംബത്തിനും നാടിനും പ്രയോജനപ്പെടുത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്മെന്റ് നൈപുണ്യവികസനത്തിന് ഊന്നല്‍ നല്‍കുന്നത് അതിന് വേണ്ടിയാണ്. യുവാക്കളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും വി. മുരളീധരന് പറഞ്ഞു.
ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. നമ്മുടെ നാട് സാമ്പത്തിക ശക്തിയാകുക എന്നാല്‍ എല്ലാവര്ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്തുക എന്നത് കൂടിയാണ്. ഇന്ത്യ ഇനിയും മുന്നേറുമെന്നാണ് ലോകം മുഴുവന്‍ പ്രതീക്ഷയോടെ വിലയിരുത്തുന്നത്. അതിന് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂവായിരത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന മേളയില്‍ അന്‍പതോളം സ്ഥാപനങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: