ഝബുവ (മധ്യപ്രദേശ്): വര്‍ഷങ്ങളായി അധികാരത്തിലിരുന്നിട്ടും ആദിവാസി യുവാക്കളെയും കുട്ടികളെയും കുറിച്ച് കോണ്‍ഗ്രസ് ശ്രദ്ധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഝബുവ ജില്ലയില്‍ ജന്‍ ജാതി മഹാസഭയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇത്രയും വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു, അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു, എന്നാല്‍ 100 ഏകലവ്യ സ്കൂളുകള്‍ മാത്രമാണ് തുറന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ നാലിരട്ടി ഏകലവ്യ സ്കൂളുകള്‍ തുറന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം ഒരു ആദിവാസി കുട്ടി പോലും പിന്നോക്കം പോയാല്‍ അത് മോദിക്ക് സ്വീകാര്യമല്ല. നമ്മുടെ ആദിവാസി സമൂഹം ആയിരക്കണക്കിന് വര്‍ഷങ്ങളായി വനസമ്പത്തില്‍ നിന്നാണ് ഉപജീവനം നടത്തുന്നതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഭരണകാലത്ത് ആദിവാസികളുടെ അവകാശങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വന സ്വത്ത് നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഞങ്ങളുടെ സര്‍ക്കാര്‍ വനഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ആദിവാസി സമൂഹത്തിന് തിരികെ നല്‍കിയെന്ന് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഇത്രയും വര്‍ഷങ്ങളായി, സിക്കിള്‍ സെല്‍ അനീമിയ ആദിവാസി കുടുംബങ്ങളില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുന്നു. ഇത്രയും വര്‍ഷം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയിരുന്നു, പക്ഷേ മരിച്ച ആദിവാസി യുവാക്കളെയും കുട്ടികളെയും അവര്‍ കാര്യമാക്കിയില്ലെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: