തൃശ്ശൂര്‍: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എല്ലാ കുറ്റവുമേറ്റ് അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവര്‍ത്തിയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.
നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ബാലചന്ദ്രൻ ചുള്ളിക്കാടിന് നിസാര പ്രതിഫലം നൽകിയതും ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തിരസ്കരിച്ചതുമാണ് സാഹിത്യ അക്കാദമിയെ പ്രതിരോധത്തിലാക്കിയത്. ഇരു സംഭവങ്ങളിലും രൂക്ഷമായ വിമർശനമാണ് സാഹിത്യ അക്കാദമിയും സച്ചിദാനന്ദനും നേരിടേണ്ടി വന്നത്. തുടർന്ന് തമ്പിയോട് കേരളഗാനം ആവശ്യപ്പെട്ടത് സാഹിത്യ അക്കാദമിയോ താനോ അല്ലെന്നാണ് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
സാംസ്‌കാരിക വകുപ്പാണ് ഗാനം ആവശ്യപ്പെട്ടത്. വകുപ്പ് സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ തമ്പിയെ ബന്ധപ്പെട്ടതും ഗാനം ആവശ്യപ്പെട്ടതും. ഇതുവരെയും ഒരു ഗാനവും സെലക്ട് ചെയ്തിട്ടില്ല. നൂറുകണക്കിന് ഗാനങ്ങള്‍ ലഭിച്ചു. ഇപ്പോഴും ആളുകള്‍ അയച്ചുകൊണ്ടിരിക്കുന്നുവെന്നും പറഞ്ഞിരുന്നു. നേരത്തെ സച്ചിദാനന്ദന്‍ പറഞ്ഞതിന് കടകവിരുദ്ധമായ നിലപാടായിരുന്നു ഇത്.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ഡോ എം. ലീലാവതി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റി തള്ളി എന്നും പകരം ബി.കെ. ഹരിനാരായണന്റെ ഗാനം സ്വീകരിച്ചു എന്നുമാണ് സച്ചിദാനന്ദന്‍ ആദ്യം പറഞ്ഞത്. ശ്രീകുമാരന്‍ തമ്പിയെ അധിക്ഷേപിച്ചതിനെതിരെ രൂക്ഷമായ പ്രതികരണമാണ് സാംസ്‌കാരിക ലോകത്തു നിന്നും ഉണ്ടായത്. ഡോ. എം. ലീലാവതിയും ഹരിനാരായണനും ഉള്‍പ്പെടെയുള്ളവര്‍ സച്ചിദാനന്ദന്റെ വാദങ്ങള്‍ തള്ളി നേരത്തെ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: