കെ.സുരേന്ദ്രന്‍
ബിജെപി സംസ്ഥാന പ്രസിഡന്റ്
ഇന്ന് ദീനദയാല്‍ ഉപാദ്ധ്യായയുടെ ബലിദാനദിനമാണ്. 1968 ഫെബ്രുവരി 11 നാണ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ദീനദയാല്‍ജി ബിഹാറിലെ മുഗള്‍സരായി സ്റ്റേഷനു സമീപത്തുവച്ച് കൊല്ലപ്പെടുന്നത്. അദ്ദേഹം ജനസംഘം അദ്ധ്യക്ഷ പദവിയിലെത്തിയിട്ട് അന്നേക്ക് കുറച്ചു മാസങ്ങളെ ആയിരുന്നുള്ളൂ. കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ വച്ചാണ് അതുവരെ ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ദീനദയാല്‍ജിയെ അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തത്. കേരളത്തില്‍ ആദ്യമായി നടന്ന ജനസംഘം ദേശീയ സമ്മേളനമായിരുന്നു 67ലേത്. അതിനുമുമ്പും പല തവണ അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട്. മലയാളികളായ നമ്മെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായിരുന്നു വേര്‍പാട്. പരമേശ്വര്‍ജിയെപോലുള്ള അന്നത്തെ പ്രവര്‍ത്തകര്‍ ദീനദയാല്‍ജിയെക്കുറിച്ച് വികാരാധീനരായി പറയുന്നത് കേട്ടതാണ് ഇപ്പോഴത്തെ പ്രവര്‍ത്തകര്‍ക്ക് ദീനദയാല്‍ജിയെക്കുറിച്ചുള്ള അറിവ്. പിന്നെ അദ്ദേഹത്തിന്റെ രചനകളും.
ഒരാള്‍ എപ്പോഴാണ് മഹാനായി തീരുന്നത്. പലപ്പോഴും മഹത്വം മഹാന്മാര്‍ ജീവിച്ചിരിക്കുമ്പോള്‍ പതിച്ചുകൊടുക്കണമെന്നില്ല. ദീനദയാല്‍ജിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളര്‍ത്തിയെടുത്ത പ്രസ്ഥാനവും ഭാരതീയ ദര്‍ശനങ്ങളില്‍ നിന്ന് അദ്ദേഹം വിഭാവനം ചെയ്തെടുത്ത പ്രത്യയശാസ്ത്രം അല്ലെങ്കില്‍ ജീവിത ദര്‍ശനവും ഇന്നെല്ലാവരാലും അംഗീകരിക്കപ്പെടുന്നു. ഭരണകൂടങ്ങള്‍ ബോധപൂര്‍വമായി സൃഷ്ടിച്ചെടുത്ത ഐക്കണുകള്‍ മാത്രമാണ് നമ്മുടെ കണ്‍മുന്നിലും പാഠപുസ്തകങ്ങളിലുമൊക്കെ ഇതുവരെ നാം കണ്ടുകൊണ്ടിരുന്നത്. ഒരുപക്ഷേ ദീനദയാല്‍ജിയെക്കുറിച്ച് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അത്രയധികം ചര്‍ച്ച ചെയ്യപ്പെടുകയോ പഠന നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയോ ചെയ്തിട്ടുണ്ടാവില്ല. അദ്ദേഹം ബീജാവാപം ചെയ്ത, അല്ലെങ്കില്‍ നട്ടുവളര്‍ത്തിയ ഭാരതീയ ജനസംഘം ഇപ്പോഴില്ല. അത് 1977ല്‍ ജനതാപാര്‍ട്ടിയില്‍ ലയിക്കുകയായിരുന്നു. പിന്നീട് ദ്വയാംഗത്വ പ്രശ്നം വന്നപ്പോള്‍ ജനതാപാര്‍ട്ടിയിലെ മുന്‍ ജനസംഘക്കാരെല്ലാം പുറത്തേക്കുവന്നു. ജനസംഘത്തിനോടൊപ്പം ചരണ്‍സിംഗിന്റെ ഭാരതീയ ലോകദള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ് എന്നിവയും ചേര്‍ന്നാണ് ജനതാപാര്‍ട്ടി രൂപീകരിച്ചത്. 1980ലാണ് ബിജെപി രൂപീകരിക്കുന്നത്. ജനസംഘത്തിലുണ്ടായിരുന്ന വളരെ ചുരുക്കം ചിലര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നില്ല. ജനസംഘത്തിലില്ലാതിരുന്ന ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. എന്നാലും ജനസംഘത്തിന്റെ പുനരാവിഷ്‌കാരമാണ് ബിജെപി. ബിജെപിയുടെ മുന്‍ രൂപമാണ് ഭാരതീയ ജനസംഘം. ഇക്കാര്യത്തില്‍ എതിരാളികള്‍ക്കും അനുകൂലികള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകണമെന്നില്ല.
ദീനദയാല്‍ജി ഒരേ സമയം സംഘാടകനും തത്വചിന്തകനുമായിരുന്നു. ജീവിതഗന്ധിയായ തത്വചിന്തയായിരുന്നു അത്. രണ്ട് ദീനദയാല്‍മാര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നമുക്കീരാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയുമെന്നാണ് ജനസംഘം സ്ഥാപകനായ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി പറഞ്ഞിരുന്നത്. പൂജ്യത്തില്‍ നിന്നാണ് ദീനദയാല്‍ജി ജനസംഘത്തെ വളര്‍ത്തിയെടുത്തത്. രാഷ്‌ട്രീയ സ്വയം സേവകസംഘം സര്‍സംഘചാലക് ആയിരുന്ന ഗുരുജിയാണ് സംഘ പ്രചാരകനായിരുന്ന ദീനദയാല്‍ജിയെ ജനസംഘ പ്രവര്‍ത്തനത്തിനായി വിട്ടുനല്‍കുന്നത്. മുഖര്‍ജിക്കാണെങ്കില്‍ കശ്മീരിന് വേണ്ടിയുള്ള പോരാട്ടത്തില്‍ തന്റെ ജീവന്‍ തന്നെ ബലിനല്‍കേണ്ടിവന്നു. ഒട്ടനവധി മഹാരഥന്മാര്‍ അന്ന് പാര്‍ട്ടിയിലുണ്ടായിരുന്നു. എന്നാലും എല്ലായിടത്തും ഓടിനടന്ന് ദീനദയാല്‍ജി ജനസംഘത്തിന് ജീവശ്വാസം നല്‍കി.
ഗാന്ധിജിയും സുഭാഷ്ചന്ദ്രബോസും തിലകനും മഹര്‍ഷിഅരവിന്ദനുമൊക്കെ നയിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനം സ്വാതന്ത്ര്യലബ്ധിയോടെ കോണ്‍ഗ്രസിന്റെ വേരുകളില്‍ നിന്നകന്നിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ വേര്‍പാട് അതിനാക്കം കൂട്ടി. ഒരിക്കല്‍ ദീനദയാല്‍ജി തന്നെ പറഞ്ഞിരുന്നു, ജൂനഗഡും ഹൈദരാബാദുമൊക്കെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേലിന് ദിവസങ്ങളേ വേണ്ടിവന്നുള്ളു. എന്നാല്‍ ഗോവയും ദാമന്‍,ദ്യുവുമൊക്കെ നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിദേശ കോളനികളായി നിന്നു. നാം ഒരു തീരുമാനവുമെടുത്തില്ല. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫ്രഞ്ച് കോളനികള്‍ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറിയത്. അന്നൊക്കെ നെഹ്രുവിന്റെ നേതൃത്വം നിര്‍ന്നിമേഷരായി നില്‍ക്കുകയായിരുന്നു. അവര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള ഇച്ഛാശക്തി ഉണ്ടായിരുന്നില്ല.
62ലാണ് ചൈന ഇന്ത്യയെ ആക്രമിക്കുന്നത്. അത് ഒരു ദിവസം പൊടുന്നനേ നമ്മെ ആക്രമിക്കുകയായിരുന്നില്ല. മറിച്ച് കുറെ നാളായിരുന്നു അവര്‍ സംഘര്‍ഷം തുടങ്ങിയിട്ട്. 1961ല്‍ തന്നെ ദീനദയാല്‍ജി പറഞ്ഞിരുന്നു. ഇനി ചൈനയുമായി ചര്‍ച്ച ചെയ്യുന്നത് നിര്‍ത്തേണ്ട സമയമായി എന്ന്. നാം ശക്തി കാണിച്ച് കൊടുക്കേണ്ട സമയമാണ്. പ്രവര്‍ത്തിക്കേണ്ട സമയമാണ്. എന്നാല്‍ നമ്മുടെ നേതൃത്വം നിഷ്‌ക്രിയമായിരുന്നു. അതുകൊണ്ടുതന്നെ ചൈന ആക്രമിക്കുന്നതുവരെ നാം കാത്തുനിന്നു. യുദ്ധത്തില്‍ വായു സേനയെ ഉപയോഗിച്ചുമില്ല. യുദ്ധം മൂലം രാജ്യത്തിന്റെ മനോവിര്യം തന്നെ ഇല്ലാതായി. കോണ്‍ഗ്രസുകാര്‍ തങ്ങള്‍ പണ്ട് ഉയര്‍ത്തിപ്പിടിച്ചിരുന്ന ഭാരതീയമായ കാഴ്ചപ്പാടുകളോടെല്ലാം അപ്പോഴേക്കും വിടപറഞ്ഞിരുന്നു. പാശ്ചാത്ത്യ സോഷ്യലിസ്റ്റ് ദര്‍ശനത്തിന് പിറകെയായിരുന്നു കോണ്‍ഗ്രസ് പോയിരുന്നത്. അവര്‍ക്ക് ഇന്ത്യയുടെ ആത്മാവിനെ കൈമോശം വന്നുപോയിരുന്നു. എന്നാല്‍ സോഷ്യലിസത്തിനും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഈ സന്ദര്‍ഭത്തിലാണ് ഭാരതീയമായ രാഷ്‌ട്രീയ സാമൂഹ്യ സാമ്പത്തിക കാഴ്ചപ്പാടുകളെ അവതരിപ്പിക്കാന്‍ ദീനദയാല്‍ജി ശ്രമിച്ചത്. അത് മൗലികമായി അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നില്ല. അത് നമ്മുടെ പരമ്പരാഗത ദര്‍ശനത്തിന്റെ ഭാഗം തന്നെയായിരുന്നു. അന്നത്തെ കോണ്‍ഗ്രസുകാര്‍ കരുതിയിരുന്നതുപോലെ രാജ്യം ഭൂമിശാസ്ത്രപരമായ അതിരുകള്‍ കൊണ്ട് മാത്രം സൃഷ്ടിക്കപ്പെട്ട ഒരു വസ്തുത അല്ലെന്നും രാഷ്‌ട്രം എന്നത് ചിരപുരാതനമായതാണെന്നും രാഷ്‌ട്ര ജീവിതമെന്താണെന്നും ദീനദയാല്‍ജി വിശദീകരിച്ചുകൊടുത്തു. ധര്‍മ്മമെന്ന ചോദനയാണ് രാഷ്ടത്തെയും സമൂഹത്തെയും നയിക്കുന്നതെന്നും അതിന് ഒരു ആത്മബോധമുണ്ടെന്നും അത് രാഷ്‌ട്രത്തിന്റെ ആത്മാവ് തന്നെയാണെന്നും അതിനെ ചിതി എന്നു വിളിക്കാമെന്നും ദീനദയാല്‍ജി വ്യക്തമാക്കി കൊടുത്തു. അത് ഒന്നിനെയും ഇല്ലാതാക്കുന്നതായിരുന്നില്ല. സര്‍വാശ്ലേഷിയായിരുന്നു. അത് ഒരു പ്രത്യയ ശാസ്ത്രമായിരുന്നില്ല. ജീവിത ദര്‍ശനമായിരുന്നു. അതിനെ ഏകാത്മമാനവ ദര്‍ശനം എന്നു വിളിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘര്‍ഷമല്ല. മറിച്ച് ഏറ്റവുമൊടുവിലത്തെ ആളെയും ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിനെ അദ്ദേഹം അന്ത്യോദയ എന്നു വിളിച്ചു. അത് തന്നെയാണ് ഇന്ന് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ചെയ്യുന്നത്. ദീനദയാല്‍ജി തുടങ്ങിവച്ച പ്രയാണം ഇന്ന് ഏറെ മുന്നോട്ടുപോയി. എല്ലാ അളവുകോലിലും ലോകരാജ്യങ്ങളുടെ പിറകില്‍ നിന്നിരുന്ന നാമിന്ന് കുതിക്കുകയാണ്. വലിയ സാമ്പത്തിക ശക്തിയായി നാം മാറുന്നു. കൊവിഡ് വന്നപ്പോള്‍ വന്‍ശക്തികള്‍ മുഴുവന്‍ വിരണ്ടു. എന്നാല്‍ നാം സ്വയം വാക്സിനുണ്ടാക്കി, ലോകത്തിന് മുഴുവന്‍ വിതരണം ചെയ്തു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു. ലോകം മുഴുവന്‍ ഇന്ത്യയെ അംഗീകരിക്കുന്നു.
നമുക്ക് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയുന്നു. ആളോഹരി ജിഡിപി വര്‍ദ്ധിക്കുന്നു. മൂലധന ചെലവ് കൂട്ടാന്‍ കഴിയുന്നു. വിദേശ നിക്ഷേപം വര്‍ദ്ധിക്കുന്നു. മൂന്നിലൊന്ന് പട്ടിണിക്കാരായിരുന്ന രാജ്യത്ത് 25 കോടിയോളം പേരെ പട്ടിണിയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു കയറ്റം നടത്തുന്നു. വ്യാപാര വിനിമയങ്ങളില്‍ ഡിജിറ്റല്‍വത്കരണം വ്യാപകമാവുന്നു. ദേശീയ പാതകളും വൈദ്യൂതീകരിക്കപ്പെട്ട റെയില്‍ പാതകളും വന്‍തോതില്‍ വര്‍ദ്ധിക്കുന്നു, വീടില്ലാത്ത കോടിക്കണക്കിനുപേര്‍ക്ക് വീട് നല്‍കുന്നു. ശൗചാലയം നല്‍കുന്നു. ഊര്‍ജ മേഖലയില്‍ കുതിച്ചുകയറ്റം നടത്തുന്നു. ശാസ്ത്ര രംഗത്ത് വന്‍ നേട്ടങ്ങളാണ് നാം ഉണ്ടാക്കുന്നത്. ചന്ദ്രനില്‍ പോകുന്നു. സുര്യനിലേക്ക് ഗവേഷണത്തിനായി ഉപഗ്രഹമയക്കുന്നു. കായിക മേഖലയിലും ഈ മുന്നേറ്റം കാണാന്‍ കഴിയും. അന്താരാഷ്‌ട്ര കാര്യങ്ങളെടുത്താല്‍ നമ്മുടെ നിലാപാടുകള്‍ ലോകം അംഗീകരിക്കുന്നു. എല്ലാ രംഗങ്ങളിലും ഈ മാറ്റം കാണാം. ദീനദയാല്‍ ഉപാദ്ധ്യായ വിഭാവനം ചെയ്ത ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കഴിയുന്നുണ്ട്.
ദീനദയാല്‍ ഉപാദ്ധ്യായ വിഭാവനം ചെയ്ത ദര്‍ശനത്തിനനുസൃതമായ ഒരു ലോകത്തെ പുനഃസംഘടിപ്പിക്കുകയാണ് നാം ചെയ്യുന്നത്. അത് ഒരുപക്ഷേ ഭാരതത്തിന്റെ അതിരുകളില്‍ ഒതുങ്ങേണ്ടതല്ല. മനഷ്യരാശിയെ കുറിച്ചാണ് ദീനദയാല്‍ പറഞ്ഞത്. മാനവരാശിയെ പുനരുദ്ധരിക്കുക എന്നതാകട്ടെ നമ്മുടെ ലക്ഷ്യം. ദീനദയാല്‍ജിയുടെ കാഴ്ചപ്പാടുകളും പാതയുമാണ് നമ്മെ ഇതിലേക്ക് നയിക്കേണ്ടത്. രാഷ്‌ട്രത്തിനു വേണ്ടി പുനരര്‍പ്പണം ചെയ്യുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. ദീനദയാല്‍ജിക്കായുളള ഏറ്റവും നല്ല ശ്രദ്ധാഞ്ജലിയാവും അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: