ചെറുകോല്‍പ്പുഴ: ലോകമെങ്ങും പഠന വിഷയമായതും അംഗീകാരമുള്ളതുമായ സനാതന ധര്‍മത്തെ അഭിമാനത്തോടെ പിന്തുടരണമെന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍. 112 മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ഇന്നലെ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത സംസ്‌കാരത്തിന്റെ മഹത്വം വിദേശികള്‍ മനസിലാക്കിയപ്പോള്‍ ഭാരതീയര്‍ അതിനു ശ്രമിച്ചിരുന്നില്ല. ധര്‍മത്തിന് അപചയം സംഭവിക്കുമ്പോള്‍ മഹത്തായ സംസ്‌കാരത്തെ ജനങ്ങളിലെത്തിക്കാന്‍ മഹാത്മാക്കള്‍ മാര്‍ഗം ഉപദേശിച്ചിട്ടുണ്ട്. മാര്‍ഗദര്‍ശനം നല്കാന്‍ അത്തരം അവസരങ്ങളില്‍ മഹാത്മാക്കള്‍ അവതരിക്കുന്നു. ഇത്തരത്തില്‍ ആദ്ധ്യാത്മികതയും ദൈവികതയും പ്രകൃതിയില്‍ പോലും ദൃശ്യമായ നാടാണ് കേരളം, ഗുരുക്കന്മാരുടെ നാടാണ് കേരളം. അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്‌കാരങ്ങളുടെയും പ്രതീകമാണ് ഭാരതീയ സംസ്‌കാരം. സംസ്‌കാരത്തിന്റെ അച്ചുതണ്ടാണ് കുടുംബം. കുടുംബ വ്യവസ്ഥയുടെ തകര്‍ച്ച സംസ്‌കാരത്തിന്റെയും നാടിന്റെയും നാശത്തിന് കാരണമാകും. കുടുംബ വ്യവസ്ഥയുടെ വെളിച്ചം അമ്മയാണ്. അമ്മയെ കാവല്‍ ദൈവമായി കണക്കാക്കണം.
രാഷ്‌ട്രത്തിന്റെയും ലോകത്തിന്റെ നന്മയ്‌ക്ക് കാരണമാകുന്ന സ്ത്രീകള്‍ പൂജ്യരാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ എംഎല്‍എയും ഹിന്ദു മഹാമണ്ഡലം വൈസ് പ്രസിഡന്റുമായ മാലേത്ത് സരളാ ദേവി അധ്യക്ഷയായി. തലയോലപ്പറമ്പ് ഡിബി കോളജ് അസോ. പ്രൊഫസര്‍ ഇന്ദുലേഖ നായര്‍, സിനിമാ താരം അഖില ശശിധരന്‍, ബാലഗോകുലം സംസ്ഥാന സഹഭഗിനി പ്രമുഖ് കൃഷ്ണപ്രിയ പി., ഹിന്ദുമത മഹാമണ്ഡലം എക്‌സി. കമ്മിറ്റി അംഗങ്ങളായ രത്‌നമ്മ വി. പിള്ള, രാധ എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക