ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര സന്ദർശനത്തിന് യുപിയിലെ നിയമസഭാ സാമാജികർ ഇന്ന് യാത്ര തിരിക്കും. എന്നാൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ക്ഷണം നിരസിച്ചു. ശ്രീരാമൻ വിളിച്ചാൽ മാത്രമേ ഞങ്ങൾ പോകൂവെന്ന പരിഹാസ മറുപടിയാണ് സ്പീക്കറുടെ ക്ഷണത്തിന് അഖിലേഷ് നൽകിയത്.
കാബിനറ്റ് മന്ത്രിമാരെയും നിയമസഭാ സാമാജികരെയും വഹിച്ചുകൊണ്ടുള്ള പത്ത് ലക്ഷ്വറി ബസുകൾ രാവിലെ എട്ട് മുതൽ അയോധ്യയിലേക്ക് പുറപ്പെടും. ഗതാഗത സഹമന്ത്രി ദയാശങ്കർ സിങ്ങിന്റെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഉത്തർപ്രദേശ് നിയമസഭയുടെ ഇരുസഭകളിലെയും നിരവധി അംഗങ്ങൾ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എസ്പി നേതാക്കളൊഴികെ മിക്ക നിയമസഭാംഗങ്ങളും അയോധ്യയിലേക്ക് പോകാൻ സമ്മതം നൽകിയിട്ടുണ്ട്. എസ്പിയുടെ സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക്ദളിന്റെ നിയമസഭാ കക്ഷി നേതാവ് രാജ്പാൽ ബല്യാൻ പോലും പാർട്ടിയുടെ ഭൂരിഭാഗം എംഎൽഎമാരും അയോധ്യയിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നു.
നേരത്തെ അയോധ്യയിലെ രാമക്ഷേത്രത്തിൽ നിയമസഭയുടെ ഇരുസഭകളിലെയും അംഗങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും യുപി നിയമസഭാ സ്പീക്കർ സതീഷ് മഹാനയും ക്ഷണിച്ചിരുന്നു. എല്ലാ നിയമസഭാംഗങ്ങളും ഇന്ന് രാവിലെ ബസുകളിൽ അയോധ്യയിലേക്ക് പോകുമെന്ന് മഹാന പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ വിമാനത്താവളത്തിൽ നേരിട്ട് എത്തുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം അദ്ദേഹവും ക്യാബിനറ്റ് മന്ത്രിമാരും രാം ലല്ലയെ ദർശിക്കാൻ പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: