പാലക്കാട്: കമ്മ്യൂണിസവും സോഷ്യലിസവും പാടെ ഉപേക്ഷിച്ച് സിപിഎം കേരളത്തിലും മുതലാളിത്തത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്ന് ബിഎംഎസ് മുന്‍ അഖിലേന്ത്യ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ പറഞ്ഞു. പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബിഎംഎസ് 20-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ ജീര്‍ണത അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുകയാണ്. പ്രാകൃതകമ്മ്യൂണിസം പിന്തുടര്‍ന്ന രാജ്യങ്ങള്‍ അതെല്ലാം ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ് മുതലാളിത്തത്തിന്റെ പാത പിന്തുടര്ന്നപ്പോള് ആകെയുണ്ടായിരുന്ന അവശേഷിപ്പ് കേരളത്തിലായിരുന്നു. എന്നാലിപ്പോള്‍, കമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിച്ച രീതിയിലാണ് മുതലാളിത്തത്തിലേക്കുള്ള നീക്കവും. അക്കാര്യം സര്‍ക്കാര്‍ സംസ്ഥാന ബജറ്റില്‍ത്തന്നെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമ്പോള്‍ തൊഴിലാളികളുടെ നഷ്ടം ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉടമയുടെ ശേഷി നോക്കി കൂലി കൊടുത്താല്‍ മതിയെന്ന തൊഴിലാളിവിരുദ്ധ നയമാണ് കേരളത്തിലെ സിപിഎമ്മിനുള്ളത്. ലോകത്ത് കമ്മ്യൂണിസം ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം ഇതുതന്നെയായിരുന്നു നിലപാടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി പാര്‍ട്ടിയെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവര്‍ ഇപ്പോള്‍ തൊഴിലാളിവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നത്.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയാണ്. സാധാരണക്കാര്‍ക്ക് ക്ഷേമ പെന്ഷന് ലഭിക്കുന്നില്ല, പെന്ഷന് വര്‍ദ്ധനവുമില്ല. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവുമില്ല പെന്‍ഷനുമില്ല. എന്നിട്ടും ഇതിനെയെല്ലാം ന്യായീകരിക്കുന്ന സിഐടിയു ന്യായീകരണ തൊഴിലാളി സംഘടനയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഏറ്റവും വിലയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും കഴിഞ്ഞാല്‍ അടുത്തത് കേരളമാണ്. അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിക്കുളിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വ്യവസായികളുടെയും സംരംഭകരുടെയും ശവപ്പറമ്പായി കേരളം മാറി. വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമം സര്‍ക്കാരില്‍ നിന്നും ഉണ്ടാവാത്തത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ ഉള്‍പ്പെടെ ജനദ്രോഹനയങ്ങളാണ്. ഇതില്‍ ഇടത് അണികള്‍ വരെ നിരാശയിലാണ.് മറ്റുള്ളവരാകട്ടെ അവരുടെ നിലനില്‍പ്പിനായി മൗനം പാലിക്കുകയും ചെയ്യുന്നു. എന്നാല്‍ തൊഴിലാളികള്‍ക്കൊപ്പം അവരുടെ അവകാശ സംരക്ഷണത്തിനായി ബിഎംഎസ് എന്നും ഉണ്ടാവുമെന്നും സജിനാരായണന്‍ പറഞ്ഞു.
ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണ്‍ ഉണ്ണിത്താന് അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ റിട്ട. ജില്ലാ ജഡ്ജി ടി. ഇന്ദിര, സംസ്ഥാന സെക്രട്ടറി അഡ്വ. പി. മുരളീധരന്, സ്വാഗതസംഘം ജന. കണ്‍വീനര്‍ സി. ബാലചന്ദ്രന് സംസാരിച്ചു.
സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് രചിച്ച ‘നിലപാടുകളും ആവശ്യങ്ങളും’, ‘ട്രേഡ് യൂണിയന് ചരിത്രം’ എന്നീ പുസ്തകങ്ങള്‍ യഥാക്രമം സംസ്ഥാന സ്ഥാപകാധ്യക്ഷന്‍ അഡ്വ. കെ. രാംകുമാര്‍, ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണനും, ദേശീയ സെക്രട്ടറി രാംനാഥ് ഗണേഷ് സ്വാഗതസംഘം അധ്യക്ഷ ടി. ഇന്ദിരക്കും നല്കി പ്രകാശനം ചെയ്തു.
മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ അഡ്വ. കെ. രാംകുമാര്‍, അഡ്വ. എം.എസ്. കരുണാകരന്, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം. സുകുമാരന്‍, മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗംഗാധരന്, ദേശീയ സെക്രട്ടറിമാരായ വി. രാധാകൃഷ്ണന്, രാംനാഥ് ഗണേഷ്, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം, നേതാക്കളായ അഡ്വ. എസ്. ആശാമോള്‍, ചന്ദ്രലത, കെ.കെ. വിജയകുമാര്‍, ഡി. ശിവജി സുദര്ശന്, കെ. മഹേഷ്, സിബി വര്‍ഗീസ്, ജി.കെ. അജിത്ത്, എം.പി. ചന്ദ്രശേഖരന്, ഇ. ദിവാകരന്, സി.ജി. ഗോപകുമാര്‍, കെ.വി. മധുകുമാര്‍, ജി. സതീഷ്കുമാര്‍, ചന്ദ്രലത, പാലക്കാട് ജില്ലാ അധ്യക്ഷന്‍ സലിം തെന്നിലാപുരം, സെക്രട്ടറി കെ. രാജേഷ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. എം.പി. ഭാര്ഗവന് അസുഖംമൂലം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ബിഎംഎസിന്റെ വെബ്സൈറ്റ് അഡ്വ. സജിനാരായണന്‍ പ്രകാശനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ജി.കെ. അജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സി. ബാലചന്ദ്രന് കണക്കും അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി രാംഗണേഷ് ദേശീയരംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്റെ പ്രഭാഷണവും ഉണ്ടായി. സംഘടനാചര്‍ച്ചയില്‍ സംസ്ഥാന വൈസ്. പ്രസി. എം.പി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സത്വര നടപടി സ്വീകരിക്കുക, മിനിമം വേതനത്തിനു പകരം ലിവിങ് വേജസ് നടപ്പിലാക്കുക, സ്വകാര്യ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുക, ഇഎസ്ഐ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, സിവില്‍ സര്‍വീസ് മേഖലയെ സംരക്ഷിക്കുക, ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, അസംഘടിത മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരവും തൊഴിലാളി ക്ഷേമവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുക, ഇപിഎഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക, പൊതുമേഖലയെ സംരക്ഷിക്കാന്‍ സത്വര നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
ഇന്ന് രാവിലെ ‘കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി’, ‘തൊഴിലിടങ്ങളില്‍ സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികള്‍’ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടായിരിക്കും. സംഘടനാ തെരഞ്ഞെടുപ്പോടെ 20-ാം സംസ്ഥാന സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: