1953 ല്‍ തിരുവനന്തപുരം പുത്തന്‍ ചന്ത ശാഖയില്‍ കണ്ട ഹരിയേട്ടനെ പിന്നീട് അനേകം വര്‍ഷക്കാലത്തേക്ക് കാണാനോ സമ്പര്‍ക്കം പുതുക്കാനോ അവസരമുണ്ടായില്ല. രണ്ട് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ഞാന്‍ വിദ്യാഭ്യാസം കഴിഞ്ഞു. ഇക്കാലത്തിനിടെ തൊടുപുഴയില്‍ സംഘശാഖ ആരംഭിക്കാന്‍ ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തു. ആദ്യ ശാഖയില്‍ പങ്കെടുത്തവരോട് സംസാരിക്കാന്‍ ഓരോ മുതിര്‍ന്ന സ്വയംസേവകരെ ഭാസ്‌കര്‍റാവു അയക്കുമായിരുന്നു. ചിലപ്പോള്‍ സ്വയം അദ്ദേഹം തന്നെ വന്നിരുന്നു. ഒരിക്കല്‍ അയച്ചത് ഹരിയേട്ടന്റെ ജ്യേഷ്ഠന്‍ പുരുഷോത്തമ ഷേണായിയെ ആയിരുന്നു. ദൂരെ നിന്ന് കണ്ടാല്‍ ഹരിയേട്ടന്റെ അതേ രൂപം. അടുത്തു വന്നപ്പോള്‍ തെറ്റിദ്ധാരണ മാറി. പഴയ സ്മരണകള്‍ ഇരുവരിലും ഉണര്‍ന്നു.
ഗുരുജിയുടെ 51-ാം ജന്മദിനത്തെ മുന്‍നിറുത്തി 51 ദിവസത്തെ രാഷ്‌ട്ര ജാഗരണ പ്രസ്ഥാനവും ജനസമ്പര്‍ക്ക യജ്ഞവും ആരംഭിക്കുന്ന തീരുമാനം ശാഖയില്‍ പറയാന്‍ പുരുഷോത്തമന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ മലയാള ഉച്ചാരണം സ്വയംസേവകരില്‍ വളരെ കൗതുകമുളവാക്കി. താന്‍ സംസാരിക്കുന്നത് മലയാളമല്ല, കൊലയാളമാണെന്ന് പറയാനുള്ള നര്‍മ്മ ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. ഹരിയേട്ടന്‍ പാലക്കാട് പ്രചാരകനാണെന്നറിഞ്ഞു. തൃശ്ശിവപേരൂര്‍ നഗരത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.
1957 മാര്‍ച്ച് മാസത്തില്‍ ഞാന്‍ പ്രചാരകനായി. അന്ന് എറണാകുളത്ത് പ്രചാരകനായ പി. പരമേശ്വര്‍ജിയെ ചെന്നുകണ്ട് നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു പ്രാന്ത പ്രചാരക് ദത്താജി ഡിഡോള്‍ക്കര്‍ നിര്‍ദ്ദേശിച്ചത്. കോട്ടയം ജില്ലാ പ്രചാരകനായിരുന്ന ഭാസ്‌കര്‍ റാവുവില്‍ നിന്ന് ലഭിച്ചുവന്ന നിര്‍ദ്ദേശങ്ങളുടെയും ഉപദേശങ്ങളുടെയും സ്ഥാനത്ത് ഇനി പരമേശ്വര്‍ജിയുടേതായിരിക്കും അനുസരിക്കേണ്ടി വരിക. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ 1958 മാര്‍ച്ച് മാസത്തില്‍ കൊച്ചിയിലെ യോഗ്യപൈ നായരായണ പൈ ട്രസ്റ്റില്‍ കേരളം, തമിഴ്നാട് ഉള്‍പ്പെട്ട പ്രാന്തത്തിലെ പ്രചാരകന്മാരുടെ നാല് ദിവസത്തെ ശിബിരം നടന്നു. ഭയ്യാജി ദാണിയ്‌ക്കു പകരം ഏകനാഥ് റാനഡെ സര്‍ കാര്യവാഹ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘനിരോധനത്തിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. രാഷ്‌ട്രവിഭജനത്തെ തുടര്‍ന്ന് നിലവില്‍ വന്ന പുതിയ പരിസ്ഥിതിയില്‍ രാഷ്‌ട്രം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന് ചര്‍ച്ച ചെയ്യാനാണ് കൊച്ചിയിലെ ബൈഠക് ഏര്‍പ്പാട് ചെയ്തത്. എല്ലാ പ്രാന്തങ്ങളിലും ഈ പ്രക്രിയ നടന്നുവന്നു.
ആദ്യത്തെ രണ്ട് ദിവസം ഏകനാഥജിയാണ് ചിന്തകള്‍ ഓരോന്നായി അവതരിപ്പിച്ച് വിശദീകരിച്ചത്. സാധാരണ സ്വയംസേവകന്റെയും കാര്യകര്‍ത്താവിന്റെയും പെരുമാറ്റവും മനോഭാവവും എന്തായിരിക്കണമെന്നതായിരുന്നു അദ്ദേഹം വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ക്ക് മലയാളത്തിലും തമിഴിലും വിശദീകരിണങ്ങളും നല്‍കിയിരുന്നു.
മാനനീയ ഏകനാഥജിയുടെ വിശദീകരണത്തിനു ശേഷം എല്ലാവര്‍ക്കും തങ്ങളുടെ മനോഗതം അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായി. മാധവജി, ശങ്കര്‍ശാസ്ത്രി, ഭാസ്‌കര്‍റാവു, ഹരിയേട്ടന്‍ മുതലായവര്‍ താന്താങ്ങളുടെ ഇംഗിതങ്ങള്‍ വ്യക്തമാക്കി. മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കേരളസംസ്ഥാനം രൂപീകരിച്ച് കഴിഞ്ഞ സ്ഥിതിക്ക് സംഘവും കേരള പ്രാന്ത് രൂപീകരിക്കണമെന്നും, സംഘസാഹിത്യം മലയാളത്തില്‍ കൂടുതലായി പ്രസിദ്ധീകരിക്കണമെന്നും, ജനസംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരു മുതിര്‍ന്ന പ്രചാരകന്റെ സേവനം ലഭ്യമാക്കണമെന്നും ഏറ്റവും ശക്തമായി ഹരിയേട്ടന്‍ ആവശ്യപ്പെട്ടു. ഗാനാഞ്ജലിയും ഭാരതത്തിലെ വിദേശ പാതിരി പ്രവര്‍ത്തവും മാത്രമാണ് നിലവിലുള്ള സംഘസാഹിത്യം എന്നാണ് അദ്ദേഹം പറഞ്ഞത്.
സമാപനത്തില്‍ മുതിര്‍ന്ന കാര്യകര്‍ത്താക്കളെക്കൂടി ക്ഷണിച്ചിരുന്നു. ഏകനാഥജിയുടെ സമാരോപ് ബൗദ്ധിക് എല്ലാവരുടെയും അഭിലാഷങ്ങള്‍ നിറവേറ്റുന്ന തരത്തിലായിരുന്നു. കേരളത്തെ പ്രത്യേക പ്രാന്തമാക്കിയില്ലെങ്കിലും കാസര്‍കോട് താലൂക്കൊഴികെയുള്ള മലബാര്‍, തിരുക്കൊച്ചി സംസ്ഥാനങ്ങള്‍ കേരള ഭാഗ് ആയി നിശ്ചിയിക്കപ്പെട്ടു. കാസര്‍കോട് താലൂക്കിലെ കന്നട ഗ്രാമങ്ങള്‍ കര്‍ണാടക പ്രാന്തത്തില്‍ തുടരാനുമായിരുന്നു നിര്‍ണയം. ജനസംഘത്തിന്റെ ചുമതല നല്‍കേണ്ടയാളെ പ്രഖ്യാപിക്കാന്‍ ഗുരുജിയുടെ അനുമതി കൂടി ലഭിച്ചിട്ടേ സാധിക്കൂവെന്നും ഏകനാഥജി അറിയിച്ചു. ഗാനാഞ്ജലിക്ക് പുതിയ പതിപ്പ് വേണമെന്നും മാനനീയ ബാബാ സാഹേബ് ആപ്‌ടേ രചിച്ച ഡോ. ഹെഡ്ഗേവാര്‍ എന്ന ജീവചരിത്രഗ്രന്ഥം മേയ് മാസത്തിലെ സംഘശിക്ഷാവര്‍ഗില്‍ തന്നെ പുറത്തിറക്കണമെന്നും തീരുമാനിക്കപ്പെട്ടു. അതിന്റെ ചുമതല പരമേശ്വര്‍ജിക്കായിരുന്നു. അച്ചടി പൂര്‍ത്തിയാക്കി തൃശ്ശിനാപ്പള്ളിയിലെ സംഘശിക്ഷാവര്‍ഗില്‍ എത്തിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടാണ് പരമേശ്വര്‍ജി പോയത്. അച്ചടി സംബന്ധമായ കാര്യങ്ങളുടെ ഹരിഃശ്രീ കുറിച്ചത് അങ്ങനെ എറണാകുളത്തെ നര്‍മ്മദ പ്രസിലായിരുന്നു. മാനേജര്‍ ശ്രീരാമകൃഷ്ണന്‍ അതിന്റെ ആശാനും.
സംഘശിക്ഷാവര്‍ഗ് കഴിഞ്ഞ പ്രചാരകന്മാരുടെ മാറ്റി പ്രതിഷ്ഠയില്‍ പരമേശ്വര്‍ജി ജനസംഘത്തിന്റെ സംസ്ഥാന ചുമതലയുമായി കോഴിക്കോട്ടേക്ക് പോയി. പാലക്കാട് തൃശ്ശിവപേരൂര്‍ ജില്ലകളുടെ പ്രചാരകനായി ഹരിയേട്ടന്‍ നിയമിതനായി. ഗുരുവായൂര്‍ ചാവക്കാട് താലൂക്കുകള്‍ ഹരിയേട്ടന്റെ ചുമതലയിലുമായി. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്. എന്റെ ചുമതലയില്‍ ചേറ്റുവായ് പുഴയ്‌ക്ക് തെക്കുള്ള ഭാഗങ്ങള്‍ പെട്ടിരുന്നില്ല. എങ്കിലും ഹരിയേട്ടന്റെ സന്ദര്‍ശനവേളയില്‍ ഞാനും ഒപ്പം പോയി. പരമേശ്വര്‍ജി ജനസംഘചുമതലയിലേക്ക് പോ
യതിനുശേഷം മറ്റൊരു മുതിര്‍ന്ന പ്രചാരകനോടൊത്ത് പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരമാണ്. സ്വാഭാവികമായും അവരെ ഇരുവരെയും താരതമ്യം ചെയ്യാന്‍ പ്രവണതയുണ്ടായി. ഹരിയേട്ടന്‍ നാട്ടിക ഫര്‍ക്ക എന്ന ഭാഗത്തെ എത്ര ഗഹനമായി മനസിലാക്കിയിരുന്നു എന്ന് ഓര്‍ത്തു പോവുകയാണ്. ഏറ്റവും വിദ്യാഭ്യാസ സാന്ദ്രതയുള്ള ഫര്‍ക്കയാണത്രെ അത്. ഏങ്ങണ്ടിയൂരിലെ ബ്രാഞ്ച് ലൈബ്രറിയില്‍ വേലായുധന്‍ പണിക്കശേരി എന്ന ചരിത്രഗവേഷകന്‍ സദാ ഉണ്ടായിരുന്നു. ഏങ്ങണ്ടിയൂര്‍ എന്ന സ്ഥലം നാട്ടിക ഫര്‍ക്കയുടെ വടക്കേ അറ്റമാണ്. അന്നുതന്നെ (1958ല്‍) അവിടെ ആറു ഹൈസ്‌കൂളുണ്ടായിരുന്നു. രാഷ്‌ട്രീയ വിഷങ്ങളല്ല ചരിത്രപരവും സാമൂഹ്യപരവുമായിരുന്ന കാര്യങ്ങളായിരുന്നു സംസാരവിഷയം. ഏങ്ങണ്ടിയൂരില്‍ നിന്ന് പുഴകടന്നാല്‍ കുണ്ടഴിയൂര്‍ എന്ന സ്ഥലമാണ്. അവിടെയും ഭൂരിപക്ഷം ഹിന്ദുക്കളെങ്കിലും വിദ്യാഭ്യാസപരമായി ഏറെ പിന്നിലാണ്. ഇതിനു കാരണമെന്താണെന്ന് ഹരിയേട്ടന്‍ എന്നും ചര്‍ച്ച ചെയ്യുമായിരുന്നു. ചേറ്റുവായ് കടവിനു സമീപമായി പഴയ ഒരു നായര്‍ തറവാടുണ്ട്. അവിടെ 1948 ല്‍ സംഘശിക്ഷാവര്‍ഗ്ഗ് കഴിഞ്ഞ ഗോപി എന്ന സ്വയംസേവകന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെയും കാണാന്‍ അവസരമുണ്ടായി. മഞ്ഞളാവില്‍ എന്ന അവരുടെ തറവാട്ടുകാരാണത്രെ പണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ചേറ്റുവായില്‍ കോട്ട കെട്ടാന്‍ സ്ഥലം കൊടുത്തത്!
ഗുരുസ്ഥാനീയരായ പ്രചാരകന്മാരെ താരതമ്യം ചെയ്യരുതെന്നാണ് കീഴ്‌വഴക്കം. പൂജനീയ ഗുരുജിക്ക് ശേഷം ദേവരസ്ജിയെ സര്‍സംഘചാലക് ആയി നിര്‍ദ്ദേശിച്ചു കഴിഞ്ഞ് നാഗ്പൂ
രില്‍ നടന്ന മുതിര്‍ന്ന പ്രചാരകന്മാരുടെ ബൈഠക്കില്‍ മുന്‍ സര്‍സംഘചാലകനെ നിയുക്ത സര്‍സംഘചാലകനുമായി ആരും താരതമ്യം ചെയ്യരുതെന്ന് മാനനീയ ഭാവുറാവു ദേവരസ് പറയുകയുണ്ടായി. ഇത് പരമേശ്വര്‍ജിയെയും ഹരിയേട്ടനെയും പോലുള്ളവരെ സംബന്ധിച്ചും ശരിയാണെന്ന് തോന്നുന്നു. അവരിരുവരുമായി ഒരുമിച്ചുള്ളപ്പോള്‍ ധാരാളം സാഹിത്യപരമായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. പരമേശ്വര്‍ജി അധികവും മലയാള സാഹിത്യപരമായ ചര്‍ച്ചകളാണ് നടത്തിയത്. ഹരിയേട്ടനാകട്ടെ അധികവും സംസ്‌കൃത ക്ലാസിക്കുകളാണ് സന്ദര്‍ഭാനുസരണം വിശദമാക്കുക. ഒരിക്കല്‍ മയൂരസന്ദേശം വായിച്ച് ആശയപരമായും കവിതാഗുണപരമായും മേഘസന്ദേശത്തേക്കാള്‍ വളരെ കീഴ്കിടയാണെന്ന് പറഞ്ഞു. മയൂരസന്ദേശം എ.ആര്‍. തമ്പുരാന്‍ സ്വന്തം വ്യാഖ്യാനത്തോടു കൂടി പ്രസിദ്ധീകരിച്ചതില്‍ ചില ശ്ലോകങ്ങള്‍ മേഘസന്ദേശത്തെ അതിശയിപ്പിക്കുന്നവെന്ന് അഭിപ്രായപ്പെട്ടതിനെയും ഹരിയേട്ടന്‍ വിമര്‍ശിച്ചിരുന്നു.
കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ ഭാഷാ ഭാരതം വായിച്ചു നോക്കിയോ എന്നന്വേഷിച്ചപ്പോള്‍ തിരക്കിട്ട സംഘകാര്യങ്ങള്‍ക്കിടയില്‍ അതിന് സമയം ലഭിച്ചില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് മഹാഭാരതത്തിലെ കഥാപാത്രങ്ങളെ പുരസ്‌ക്കരിച്ച് ഹരിയേട്ടന്‍ പുസ്തകങ്ങള്‍ രചിച്ചപ്പോള്‍ പ്രസിദ്ധമായ ഗീതാപ്രസിന്റെയും ബനാറസ് സര്‍വകലാശാലയുടെയും ഭണ്ഡാര്‍ക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പതിപ്പുകള്‍ക്കൊപ്പം ഭാഷാഭാരതവും പരിശോധിക്കാന്‍ ഉപയോഗിച്ചുവെന്ന് പറഞ്ഞു. താന്‍ എഴുതുന്നതിന്റെ ആധികാരികതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഡോ. എം. ലീലാവതിയാണ് മഹാഭാരതത്തിലെ ശ്രീകൃഷ്ണന് അവതാരിക എഴുതിയത്. ഹരിയേട്ടന്‍ ഗ്രന്ഥരചനയില്‍ കാണിച്ച നിഷ്‌കര്‍ഷയെ എത്രമനോഹരമായാണ് അവര്‍ പ്രശംസിച്ചത്!
കെ. ഗോവിന്ദന്‍കുട്ടിയെന്ന വളരെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. കേന്ദ്രസര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക സംഘത്തില്‍ വയനാട്ടിലെ ഗിരിവര്‍ഗവികാസപദ്ധതികള്‍ സന്ദര്‍ശിക്കാന്‍ പോയ കൂട്ടത്തില്‍ ഞങ്ങള്‍ ഇരുവരുമുണ്ടായിരുന്നു. ഞങ്ങള്‍ സസ്യാഹാര വിഷയത്തില്‍ ഏകാഭിപ്രായക്കാരായതിനാല്‍ ഒരുമിച്ചായിരുന്നു ഭക്ഷണം. യാത്രയിലുടനീളം സസ്യേതര ഭക്ഷണത്തിന്റെ ഗന്ധം പോലുമില്ലാത്തിടം കണ്ടെത്താന്‍ അതിനാല്‍ സാധിച്ചു. യാത്രയ്‌ക്കിടെ നിലമ്പൂരിലെത്തി. വനംവകുപ്പിന്റെ അതിഥി മന്ദിരത്തിലായിരുന്നു താമസം. നിലമ്പൂരിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ടി.എന്‍. ഭരതേട്ടനെക്കുറിച്ചും പ്രചാരകനായിരിക്കെ നിലമേല്‍ കോളേജില്‍ വച്ച് കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ പുത്രന്‍ ദുര്‍ഗ്ഗാദാസിനെക്കുറിച്ചും പരാമര്‍ശിച്ചു. അടുത്താണ് അവരുടെ വീടെന്നും അവിടെ പോകാന്‍ എനിക്ക് പദ്ധതിയുണ്ടെന്നും വേണമെങ്കില്‍ ഒപ്പം വരാമെന്നും പറഞ്ഞു. ഞങ്ങളിരുവരും കോവിലകത്ത് പോയി. അവിചാരിതമായി കണ്ടതില്‍ ഭരതേട്ടന്‍ വിസ്മയിച്ചു. ഭരതേട്ടനുമായുള്ള ഗോവിന്ദന്‍ കുട്ടിയുടെ സംസാരത്തില്‍ അത് കേരളത്തിലെ ആദ്യ സംഘകുടുംബമാണെന്നറിഞ്ഞു. സെറാമിക് ടെക്നോളജിയില്‍ ബിരുദം നേടിയ മലബാറിലെ ആദ്യ വ്യക്തിയാണ് ഭരതേട്ടനെന്നും കുണ്ടറ, ഫറോഖ്, കോട്ടയം എന്നിവിടങ്ങളിലെ സെറാമിക് ഫാക്ടറികളുടെ ചുമതലക്കാരെപ്പോലെ ജീവിതം വ്യവസായമാക്കാതെ കേരളത്തിലെ സംഘത്തിന്റെ അടിത്തറ ഭദ്രമാക്കാനിറങ്ങിയ ആളാണ് എന്നും മനസിലാക്കി. ഗോവിന്ദന്‍കുട്ടിയ്‌ക്ക് ഈ വിവരങ്ങള്‍ വിസ്മയകരമായി തോന്നി.
വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം എളമക്കര അമൃതാ ആശുപത്രിയില്‍ വച്ച് ഗോവിന്ദന്‍കുട്ടിയെ യാദൃശ്ചികമായി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഹരിയേട്ടന്റെ ചില പുസ്തകങ്ങള്‍ കണ്ടു. ആരാണ് ആര്‍ ഹരി? എന്ത് ആശയഗാംഭീര്യമാണ് വാക്കുകള്‍ക്ക് എന്നും പറഞ്ഞു. കുട്ടികൃഷ്ണമാരാര്‍ മാറി നില്‍ക്കുമല്ലോ എന്നും ചോദിച്ചു. നമ്മുടെ പുരാണേതിഹാസങ്ങളെക്കുറിച്ചുള്ള അവസാന വാക്ക് കുട്ടികൃഷ്ണമാരാരാണെന്ന് കരുതുന്ന ധാരാളം കണ്ണുകളും അടഞ്ഞ മനസുകളും തുറപ്പിക്കാന്‍ ഹരിയേട്ടന്റെ എഴുത്തുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പരമേശ്വര്‍ജിയോടൊപ്പം ആദ്യ കാലങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ സംഭാഷണത്തിനിടെ സാഹിത്യസംബന്ധമായ ചര്‍ച്ചകള്‍ വരുമായിരുന്നു. അതില്‍ മലയാള സാഹിത്യസംബന്ധമായിരുന്നു അധികവും. പെരിങ്ങാട് ശാഖയിലെ എ.എസ്. ബാലന്‍ എന്ന പാവറട്ടി സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥിക്ക് സാഹിത്യകൗതുകം ഏറെയുണ്ടായിരുന്നു. സംസ്‌കൃത പഠനം സാധാരണ പിന്നാക്ക ജാതിക്കാരില്‍ സാധാരണമാക്കാന്‍ ആ സ്ഥാപനം ഏറെ സഹായിച്ചു. ബാലന്‍ തന്നെ മുക്കുവ സമുദായക്കാരനായിരുന്നു. സംഘശിക്ഷാവര്‍ഗിന്റെ ഒന്നാം വര്‍ഷം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഹരിയേട്ടന്‍ പ്രചാരകനായി വന്നപ്പോള്‍ ബാലന്‍ സംസാരിക്കുന്നത് ഗ്രാമഭാഷയിലല്ലായിരുന്നു. സാധാരണ സംസാരിക്കുമ്പോള്‍ സാഹിത്യം കൂട്ടാതിരിക്കുന്നതാണ് ഭംഗി, നാട്ടിലെ സാധാരണക്കാര്‍ പറയുന്നതെങ്ങിനെയെന്ന് നമ്മുക്ക് മനസിലാകുമല്ലോ എന്നു പറഞ്ഞു. എന്നാല്‍ സഞ്ചാരത്തിനിടെ സാഹിത്യ പ്രയോഗങ്ങള്‍ കേട്ടാല്‍ അത് കുറിച്ചു വയ്‌ക്കുകയും അവസരോചിതമായി പ്രയോഗിക്കാനും ഹരിയേട്ടന്‍ ശ്രദ്ധിച്ചു.
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ഒരിക്കല്‍ ഹരിയേട്ടന്റെ കയ്യില്‍ കണ്ടു. അത് പ്രസിദ്ധീകരിച്ചവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ഭാഗിനേയന്‍ എ.ആര്‍. രാജരാജവര്‍മ്മയും പെടും. മയൂരസന്ദേശത്തിലെ ചില ശ്ലോകങ്ങള്‍ കാളിദാസന്റെ മേഘസന്ദേശത്തെയും അതിശയിപ്പിക്കുന്നവയാണെന്ന് വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചിരുന്നത് ഉചിതമായില്ല എന്നായിരുന്നു ഹരിയേട്ടന്റെ അഭിപ്രായം. പരമേശ്വര്‍ജിയുടെ അച്ഛനുമൊത്ത് ഒരു രാത്രി എറണാകുളത്ത് നിന്ന് ആലപ്പുഴയ്‌ക്ക് ബോട്ടില്‍ യാത്രചെയ്യാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പരമേശ്വര്‍ജിയില്‍ കവിതാവാസന വളര്‍ന്നു വന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു. വലിയകോയിത്തമ്പുരാനുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ മയൂരസന്ദേശം ഉത്തമകവിതയല്ല, അതില്‍ അശ്ലീല പ്രയോഗങ്ങളും ദുസ്സൂചനകളും ധാരാളമുണ്ടെന്ന് ഒന്നു രണ്ട് ശ്ലോകങ്ങള്‍ വ്യാഖ്യാനിച്ച് പറയുകയുണ്ടായി.
ഇക്കാര്യം സൂചിപ്പിക്കാതെയാണ് ഹരിയേട്ടന്‍ മയൂരസന്ദേശത്തെപ്പറ്റി അഭിപ്രായം പറഞ്ഞത്. മഹാകവിയുടെ മികച്ചവയിലൊരു ശ്ലോകം ചൊല്ലി അര്‍ഥവും സാരസ്യവും മനസിലാക്കിത്തന്നു.
പുരാണവീണാം ഗണനാ പ്രസംഗേ
കനിഷ്ടകാധിഷ്ഠിത കാളിദാസ
തഥാദ്വിതീയാകവയോര ഭാവേ
അനാമികാനാമമിതി പ്രസിദ്ധം
പണ്ട് കവികളെ എണ്ണാന്‍ വേണ്ടി ചെറുവിരല്‍ മടക്കി ഒന്ന് എന്നു കാളിദാസന്റെ പേര്‍ പറഞ്ഞു. അടുത്ത് കവിയില്ലാത്തതിനാല്‍ വിരലിന്റെ പേര് അനാമികയെന്നായിത്തീര്‍ന്നു. ഇപ്രകാരമുള്ള ഒട്ടേറെ വിഷയങ്ങള്‍ ഹരിയേട്ടനുമായി ഒരുമിച്ച് കഴിയുമ്പോള്‍ നമ്മുക്ക് മനസിലാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: