പി.ജി. ഗോപാലകൃഷ്ണന്‍
(തപസ്യ സംസ്ഥാന സെക്രട്ടറി)
സംസ്‌കാര്‍ ഭാരതി മൂന്നുവര്‍ഷം കൂടുമ്പോള്‍ ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കലാസാധക സംഗമം 2024 ഫെബ്രുവരി ഒന്ന് മുതല്‍ നാല് വരെ നാലു ദിവസങ്ങളിലായി ബെംഗളൂരു ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുകയുണ്ടായി. രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് ഈ കലാസംഗമത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയല്ലാത്തതിനാല്‍ വൈവിധ്യം നിറഞ്ഞ ഈ കലാമാമാങ്കം ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കുന്നതാണ്.
കന്യാകുമാരി മുതല്‍ കാശ്മീരം വരെയും കച്ഛ് മുതല്‍ കാമരൂപം വരെയുള്ള കലാകാരന്മാരുടെ നീണ്ട നിരയും അവരുടെ കലാപ്രകടനങ്ങളും നവ്യാനുഭവം പകര്‍ന്നു നല്‍കുന്നതായിരുന്നു. ഗ്രാമീണ, ഗോത്ര, നഗര, ക്ലാസിക്കല്‍ കലകളുടെ സംഗമഭൂമിയായി ബെംഗളൂരു ശ്രീശ്രീ രവിശങ്കര്‍ ഇടം മാറി. ഇന്നത്തെ പ്രധാന ചിന്താവിഷയമായ ‘സാമൂഹിക സമരസത’യെ അടിസ്ഥാനമാക്കിയുള്ള കലാരൂപങ്ങളുടെ രംഗാവിഷ്‌കാരം ഭാരതീയ ദേശീയബോധത്തെയും പൗരാണികതയെയും ഊട്ടിയുറപ്പിക്കുവാന്‍ പര്യാപ്തമായിരുന്നു. ചിത്രപ്രദര്‍ശനവും ഫോട്ടോപ്രദര്‍ശനവും രംഗോലിയും പുസ്തകമേളയും എല്ലാംകൂടി ചരിത്രപ്രാധാന്യത്തെ ഓര്‍മപ്പെടുത്തുന്ന ദൃശ്യവിരുന്നായിരുന്നു.
പ്രദര്‍ശിനിയിലെ ആകര്‍ഷണീയത രംഗോലി ചിത്രകാരന്മാരുടെ അഭൗമമായ കലാവിരുതായിരുന്നു. ഓയില്‍, അക്രിലിക്, ജലച്ചായം മീഡിയത്തിലെ രചനകളായാലും, പ്രാഗല്‍ഭ്യത്തോടെ നിലത്ത് വര്‍ണപ്പൊടികള്‍കൊണ്ട് ധൂളീചിത്രം വരച്ചിരിക്കുന്നതിലായാലും അത്ഭുതത്തോടെ മാത്രമേ കാണുവാന്‍ കഴിയുമായിരുന്നുള്ളൂ.
ത്രിമാനതകള്‍ പൊടികളില്‍ക്കൂടി വരയ്‌ക്കാന്‍ ഏറെ പ്രാഗല്‍ഭ്യം വേണം. ചിത്രങ്ങള്‍ ഫിനിഷ് ചെയ്തുകൊണ്ട് മാത്രമേ മുകളില്‍നിന്ന് താഴോട്ട് ചെയ്തുകൊണ്ടുവരുവാന്‍ സാധിക്കൂ. പല ചിത്രങ്ങളും അതന്റെ മികവിനാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെയും വിവേകാനന്ദസ്വാമികളുടെയും ചിത്രങ്ങള്‍ മലയാളികളെ വല്ലാതെ ആകര്‍ഷിച്ചു. സ്വാമികളുടെ തലപ്പാവിലെ ചെറിയ ചെറിയ മടക്കുകള്‍വരെ അതിസൂക്ഷ്മമായി ധൂളിയില്‍ ചെയ്തിരിക്കുന്നു. സ്വാമി വിശ്വേശതീര്‍ത്ഥ, അംബേദ്കര്‍, ചൈതന്യ മഹാപ്രഭു, ശ്രീബുദ്ധന്‍, ഭക്തമീര തുടങ്ങിയവരുടെയും മറ്റും ആകാരഭംഗിയും വര്‍ണ്ണവൈവിധ്യവും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സപ്തവര്‍ണ്ണങ്ങള്‍ ഏഴും ചേര്‍ന്നുള്ള ഈ ധൂളീ ചിത്രരചനയില്‍ ചിത്രകാരന്മാരുടെ വിരലിന്റെ മാന്ത്രികസ്പര്‍ശം അവര്‍ വരച്ച ചിത്രങ്ങളിലൂടെ അനുഭവിച്ചറിയാന്‍ കഴിഞ്ഞു. അതുപോലെ പൊടികളില്‍ തീര്‍ത്ത ത്രിഡി ചിത്രവും കാഴ്ചയില്‍ തന്നെ നമ്മെ അമ്പരിപ്പിക്കും.
ചിത്രങ്ങള്‍ കൂടാതെ ജ്യോമട്രിക്കല്‍ പാറ്റേണുകളിലുള്ള രംഗോലിയും (കോലം വര) ശ്രദ്ധിക്കപ്പെട്ടു. ‘സാമൂഹിക സമരസത’ ഓര്‍മപ്പെടുത്തുന്ന രണ്ടു ഡസനോളം വലിയ ചിത്രങ്ങള്‍ സമ്മേളന നഗരിയുടെ പ്രധാന കവാടത്തിനു മുന്‍പിലുള്ള വീഥിയുടെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഓയില്‍, അക്രിലിക്, വാട്ടര്‍ എന്നീ മീഡിയയില്‍ വരച്ച നൂറിലധികം ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നതില്‍ ‘സാമൂഹിക സമരസത’ വിളിച്ചോതുന്ന ചിത്രങ്ങളായിരുന്നു കൂടുതലും. റിയലിസ്റ്റിക്, താന്ത്രിക്, കൊളാഷ്, ഗ്രാമീണ, നാടോടി, ഇന്ത്യന്‍, മോഡേണ്‍ രീതികളില്‍ വരച്ചിട്ടുള്ള പെയിന്റിങ്ങുകള്‍ ഏറെ കൗതുകത്തോടുകൂടിയാണ് കാണികള്‍ ആസ്വദിച്ചത്. ചിത്രങ്ങളുടെ ആകര്‍ഷണീയതയില്‍ മാത്രമല്ല ചിത്രങ്ങള്‍ കാണുന്നവരുടെ മുഖഭാവത്തിലുണ്ടാകുന്ന പ്രസന്നതയും ദര്‍ശിക്കാന്‍ കഴിയും.
കലാരൂപ പ്രദര്‍ശനങ്ങളും കലാവതരണങ്ങളുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയിരുന്നതിനാല്‍ അക്ഷമരായും കരഘോഷം മുഴക്കിയും ആസ്വാദനത്തിന്റെ ഭാവതലങ്ങള്‍ വൈവിധ്യങ്ങളാല്‍ മുഖരിതമായിരുന്നു. സാമൂഹിക സമരസതയെ ബോധ്യപ്പെടുത്തിയ കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. വിഷയത്തിന്റെ അര്‍ത്ഥതലങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട ഈ കലാകാരന്മാര്‍ വേദികളില്‍ നിറഞ്ഞാടുകതന്നെ ചെയ്തു. അയോധ്യയുടെയും രാമായണത്തിന്റെയും ശ്രീരാമചന്ദ്രന്റെയും പ്രസക്തി വിവിധ രീതിയില്‍ ഇവിടെ പ്രകടമായി കാണാമായിരുന്നു.
സംസ്‌കാര്‍ഭാരതിയുടെ പ്രഥമ ഭരതമുനി പുരസ്‌കാര സമര്‍പ്പണ വേദിയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യവും സന്ദേശവും പ്രസക്തമായിരുന്നു. ഭാരതീയന്റെ അടയാളം സംസ്‌കാരമാണെന്നും, ആ സംസ്‌കാരം രൂപപ്പെടുന്നത് കലയിലൂടെയാണെന്നും, അതിന് കലാകാരന്റെ പങ്ക് മുഖ്യമാണെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ കലാകാരന്മാരും കലാസ്വാദകരും നീണ്ട കയ്യടിയോടെയാണ് സ്വീകരിച്ചത്. ഈ കലയുടെ പ്രചാരണമാണ് സംസ്‌കാര്‍ ഭാരതി ഏറ്റെടുത്തു ചെയ്യുന്നതും. ഇത് ദീര്‍ഘകാല ദൗത്യത്തിന്റെ ഭാഗവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ആദിവാസി മേഖലയില്‍ അവരുടെയിടയിലെ ചിത്ര, ശില്‍പ, പാവക്കൂത്ത് തുടങ്ങിയ അനേകം കലകളുടെ വളര്‍ച്ചക്കും പ്രചാരണത്തിനും നാടന്‍കലാ മ്യൂസിയം സ്ഥാപിച്ച് കലാപൈതൃകം സംരക്ഷിക്കുന്ന മഹാരാഷ്‌ട്രാ സ്വദേശി ഗണപത് സഖാറാം മഗ്സേയ്‌ക്കും, ചിത്രകലാ രംഗത്തെ അതിപ്രശസ്തനും ചിത്രകലാ അധ്യാപകനുമായ മുംബൈ സ്വദേശി വിജയ് ദശരഥ് അചരേക്കര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഒരു ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
എല്ലാ സംസ്ഥാനങ്ങളിലേയും പരിപാടികളാല്‍ സമ്പന്നമായ വേദിയില്‍ പ്രശസ്ത നടന്‍ നിധീഷ് ഭരദ്വാജിന്റെ രംഗപ്രവേശം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റത്. മഹാഭാരതം ടിവി പരമ്പരയില്‍ ശ്രീകൃഷ്ണനായി വേഷമിട്ട് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ആകാരമാണല്ലോ നിധീഷ് ഭരദ്വാജിന്റേത്. പത്മരാജന്‍ സംവിധാനം ചെയ്ത ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന സിനിമയില്‍ നായകവേഷത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് നിധീഷ്. കൃഷ്ണ കഹോ എന്ന ലഘുനാടകത്തില്‍ കൃഷ്ണവേഷം ധരിച്ചാണ് കലാസാധക സംഗമവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. സാമൂഹിക സമരസത എന്ന സന്ദേശത്തിലൂന്നിയുള്ള ഈ ലഘുനാടകത്തിലൂടെ ജാതി, മത, വര്‍ണ, വര്‍ഗ വിവേചനങ്ങള്‍ ആരു ചെയ്താലും അത് ദൈവനിന്ദയാണെന്നുള്ള സന്ദേശമാണ് മുന്നോട്ടുവച്ചത്. നിധീഷ് ഭരദ്വാജ് സംസ്‌കാര്‍ ഭാരതിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുകൂടിയാണ്.
ഈ കലാസാധക സംഗമത്തില്‍ ശ്രദ്ധേയമായ സന്ദേശം ഡോ. മോഹന്‍ ഭാഗവതിന്റേതായിരുന്നു. ‘കല’ സത്യവും ശിവവും സുന്ദരവുമാണ്. കലയെ വിഘടനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അദ്ദേഹം ഈ സന്ദേശത്തിലൂടെ നല്‍കിയത്. കല സാമൂഹിക സമരസതയ്‌ക്ക് വേണ്ടിയാവണമെന്നും അദ്ദേഹം പ്രസ്താവിച്ചു. കല രസിപ്പിക്കുന്നതിനു മാത്രമല്ല കലക്കും കലാകാരനും ധര്‍മമുണ്ടായിരിക്കണം. അതിന് ആവശ്യത്തിന് അവസരമൊരുക്കണം. ഇതാണ് സംസ്‌കാര്‍ ഭാരതി ഏറ്റെടുത്ത് ചെയ്യുന്നത്. അതിനാലാണ് ഭാരതത്തിലെ ഏറ്റവും വലിയ കലാസംഘടനയായി സംസ്‌കാര്‍ ഭാരതി വളര്‍ന്നത്. ഇങ്ങനെ നീണ്ട ഡോ. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ ആകാംക്ഷയോടെയാണ് നിറഞ്ഞ സദസ്സ് ശ്രവിച്ചത്.
അതുപോലെതന്നെ ചിന്തനീയമായിരുന്നു ഗുരുദേവ് ശ്രീശ്രീ രവിശങ്കറിന്റേയും സൗമ്യഭാഷണം. നമ്മുടെ മഹത്തായ സനാതന സംസ്‌കാരം ആദ്യം സംഘടിതമാക്കിയത് ശങ്കരാചാര്യരും, ഇപ്പോള്‍ അത് ചെയ്യുന്നത് ആര്‍എസ്എസ്സുമാണെന്ന് പറഞ്ഞതില്‍ക്കൂടി ഈ സംസ്‌കാരം എന്നും ഇവിടുണ്ടാകുമെന്നുള്ള സന്ദേശമായിരുന്നു നല്‍കിയത്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വാതായനങ്ങള്‍ ഇതിനായി എന്നും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഭക്തി ദൈവത്തില്‍ മാത്രം പോരാ രാഷ്‌ട്രത്തിനോടും വേണമെന്നുള്ള പ്രഖ്യാപനം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോടുകൂടി തെല്‍ഞ്ഞിരിക്കുകയാണ്. അതിന് ലാല്‍കൃഷ്ണ അദ്വാനി തുടക്കം കുറിച്ചത് സാര്‍ത്ഥകമായെന്ന് ശ്രീ്രശീ രവിശങ്കര്‍ പറഞ്ഞു.
കര്‍ണാടക സംസ്ഥാനത്തിലെ ഗാനാവതരണത്തില്‍ സാമൂഹിക സമരസതയെന്ന സന്ദേശത്തെ കോര്‍ത്തിണക്കിയുള്ള കന്നട, തെലുങ്ക്, മറാത്ത, സംസ്‌കൃതം ഭാഷാഗാനങ്ങളിലെ പ്രസക്ത വരികള്‍ക്കൊപ്പം മലയാളത്തിലെ ‘പരമപവിത്രമതാമീ മണ്ണില്‍ ഭാരതാബയെ പൂജിക്കാന്‍’ എന്ന ഗാനവുമുള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. നിറഞ്ഞ കയ്യടിയോടെ ആസ്വദിച്ച പരിപാടികളില്‍ ഒന്നായിരുന്നു ഇത്.
സമാപന ദിവസം രാവിലെ നടന്ന സാംസ്‌കാരിക ഘോഷയാത്ര ഭാരതത്തിന്റെ പൈതൃക വൈവിധ്യം വിളിച്ചോതുന്ന വിവിധതരം കലാരൂപങ്ങളാലും വേഷവിതാനങ്ങളാലുമുള്ള നിറച്ചാര്‍ത്തായിരുന്നു. മുഴുവന്‍ സംസ്ഥാനങ്ങളിലെയും പ്രതിനിധികളും കലാകാരന്മാരും ഘോഷയാത്രയിലുടനീളവും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുള്ള വ്യഗ്രതയിലായിരുന്നു. ഇത് ലോകം മുഴുവന്‍ നവമാധ്യമങ്ങളിലൂടെ അറിയുകയും ചെയ്തു. കേരളത്തിലേയും തമിഴ്നാട്ടിലേയും കലാകാരന്മാരും പ്രതിനിധികളും കറുപ്പുവസ്ത്രമണിഞ്ഞ് ‘അയ്യപ്പതിന്തകത്തോം’ പാടി പൊതുസമൂഹത്തെ മുഴുവന്‍ സാമൂഹിക സമരസത ഭക്തിയിലൂടെ ഓര്‍മിപ്പിച്ചു.
ട്രാന്‍സ്ജന്‍ഡറില്‍പ്പെട്ട കന്നടയിലെ പ്രശസ്ത നാടന്‍പാട്ട് കലാകാരി പത്മശ്രീ മഞ്ചമ്മ ജഗദി (ജോഗാട്ടി)യായിരുന്നു ഉദ്ഘാടന സഭയിലെ ശ്രദ്ധിക്കപ്പെട്ട പ്രമുഖ. മൈസൂര്‍ രാജവംശത്തിലെ ഇപ്പോഴത്തെ അവകാശി യദുവീര കൃഷ്ണദത്ത് ചാമരാജ് വാഡിയാര്‍ മുഖ്യാതിഥിയായിരുന്നു. വിജയനഗര സാമ്രാജ്യത്തിലെ ഇപ്പോഴുള്ള പ്രധാനി കൃഷ്ണദേവരായ പ്രത്യേകാതിഥി ആയിരുന്നു. ഇവരുടെയെല്ലാം സാന്നിധ്യവും അവരുടെ വാക്കുകളും കലയുടെയും സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഒരുമയുടെയും സമ്മിശ്ര സമ്മേളനമായിരുന്നു. സംസ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ വാസുദേവ് കമ്മത്ത്, ജനറല്‍ സെക്രട്ടറി അശ്വിന്‍ ദാല്‍വി തുടങ്ങിയ അനേകം പ്രഗല്‍ഭമതികളുടെ സന്ദേശങ്ങളെല്ലാം ദേശീയതയിലൂന്നിയ സാമൂഹിക സമരസതയുടേതായിരുന്നു.
സേവനരംഗത്ത് സേവാഭാരതി, ആരോഗ്യ രംഗത്ത് ആരോഗ്യഭാരതി, കായികരംഗത്ത് ക്രീഡാഭാരതി എന്നപോലെ കലാരംഗത്ത് കലാഭാരതി എന്നല്ല ‘സംസ്‌കാര്‍ഭാരതി’ എന്ന് പേര് നല്‍കിയതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. സംസ്‌കാരത്തിന്റെ വളര്‍ച്ചയ്‌ക്കും വികാസത്തിനും കലയുടെ പ്രാധാന്യം മുന്‍പന്തിയിലാണ്. അതുകൊണ്ടാണ് കലാവിഭാഗത്തിന് സംസ്‌കാര്‍ഭാരതി എന്ന പേരിട്ടതെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞപ്പോള്‍ എത്ര ദീര്‍ഘവീക്ഷണമാണിതിന്റെ പിന്നിലെന്ന് ചിന്തിച്ചുപോയി.
ഗുഹനും ശ്രീരാമചന്ദ്രനും തമ്മിലുള്ള ആത്മബന്ധവും അതിന്റെ ആന്തരികാര്‍ത്ഥവും കലാപ്രകടനത്തിലൂടെ വേദിനിറഞ്ഞവതരിപ്പിച്ചപ്പോള്‍ ഗ്രാമീണ, ഗോത്ര കലകളുടെ വേഷവിതാന സൗന്ദര്യവും ഗാംഭീര്യവും ശക്തിയും ഓരോരുത്തരുടേയും മനസ്സിന്റെ അന്തരംഗത്തില്‍ പതിഞ്ഞു. നമ്മുടെ സംസ്‌കൃതിയുടെ പവിത്രതയാണിത്.
സര്‍സംഘചാലകന്റെ രണ്ടു ദിവസത്തെ മുഴുനീള സാന്നിധ്യവും ശ്രീശ്രീ രവിശങ്കറിന്റെ സാമീപ്യവും സംസ്‌കാര്‍ഭാരതി സംഘടിപ്പിച്ച കലാസാധക സംഗമത്തിന് മിഴിവും മികവും കൂട്ടി. ഏറെ സന്തോഷത്തോടെയാണ്, അതിലുപരി അഭിമാനത്തോടെയാണ് ഓരോ കലാകാരന്മാരും പ്രതിനിധികളും, ബംഗളൂരുവിനോട് യാത്ര പറഞ്ഞത്. താമസവും ഭക്ഷണവും യാത്രയും എല്ലാം അതീവ കൃത്യതയോടെയും ശ്രദ്ധയോടെയും ചെയ്തുതന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുണ്ടാകും പങ്കെടുത്ത ഏവരും. കേരളത്തില്‍നിന്നും പങ്കെടുത്ത എല്ലാവരും അതീവ സന്തുഷ്ടരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: