ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള വിരുന്ന് ജീവിതത്തിലെ പുതിയ അനുഭവമായിരുന്നെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി.
സൗഹൃദപരമായ സംഭാഷണമാണ് വിരുന്നില്‍ നടന്നത്. മോദിയുടെ ജീവിതാനുഭവങ്ങളും ദിനേനെയുള്ള കാര്യങ്ങളും തുറന്ന് സംവദിച്ചെന്ന് പ്രേമചന്ദ്രന് എം.പി പ്രതികരിച്ചു.
അപ്രതീക്ഷിതമായുള്ള ക്ഷണമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉച്ചക്ക് ലഭിച്ചത്. ഒരു രാഷ്ട്രീയപരമായ കാര്യങ്ങളെക്കുറിച്ചും പരോക്ഷമായി പോലും ചര്‍ച്ചയുണ്ടായില്ല. പുതിയ അനുഭവമായിരുന്നു. മോദിയുടെ ജീവിതാനുഭവങ്ങള്‍, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇപ്പോള്‍ പ്രധാനമന്ത്രിയായ സമയത്തും ദിനേനെയുള്ള കാര്യങ്ങള്‍ തുറന്ന് സംവദിച്ചു.
ഒരു പ്രധാനമന്ത്രിയുമായി ഇരുന്ന് സംസാരിക്കുന്ന ഫീല്‍ പോലും ഇല്ലാത്ത സൗഹൃദ അന്തരീക്ഷമായിരുന്നു. ജീവിതത്തിലെ പുതിയ അനുഭവമായിരുന്നു. സന്തോഷകരമായ അനുഭവം തന്നെയായിരുന്നു അത്, ഒരു സംശയവുമില്ല പ്രേമചന്ദ്രന് പറഞ്ഞു.
ഇന്നലെ ബജറ്റ് സമ്മേളനം തീരും മുമ്പാണ് എന്‍.കെ പ്രേമചന്ദ്രന് അടക്കം തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത ഉച്ചവിരുന്ന് നല്‍കിയത്.
ചലിയെ ആപ്കോ ഏക് പണീഷ്മെന്റ് ദേനാ ഹേ (വരൂ, നിങ്ങള്‍ക്കെല്ലാം ഒരു ശിക്ഷ നല്‍കാനുണ്ട്) എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് പ്രധാനമന്ത്രി എംപിമാരെ സ്വീകരിച്ചത്. വാതില്‍ തുറന്നത് പാര്‍ലമെന്റ് ക്യാന്റീനില്‍. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണത്തിനുള്ള ക്ഷണമായിരുന്നു അതെന്ന് അപ്പോഴാണ് എംപിമാര്‍ തിരിച്ചറിഞ്ഞത്. ഇന്ത്യ മുന്നണിയില്‍ നിന്നും എന്‍.കെ പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: