സജി ചന്ദ്രന്
നെയ്യാര്‍ഡാം: കോട്ടൂര്‍ അഗസ്ത്യവനത്തിനുള്ളിലെ വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ നാലുമാസമായി പണം നല്‍കിയില്ല. വിദ്യാവാഹിനി പദ്ധതി പ്രകാരം ഓടുന്ന വാഹനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കാത്തത്. ഇനിയും പണം ലഭിക്കാതിരുന്നാല്‍ വനത്തിലോടുന്ന 10 വാഹനങ്ങളും യാത്ര അവസാനിപ്പിക്കുമെന്ന് പദ്ധതിയിലെ വാഹനഉടമകള്‍ അറിയിച്ചു.
ഐടിഡിപി ആണ് പദ്ധതിക്കായി പണം അനുവദിക്കേണ്ടത്. പണം അനുവദിക്കാത്തതിനാല്‍ അധികൃതരോട് ഡ്രൈവര്‍മാര്‍ വിശദീകരണം ചോദിച്ചെങ്കിലും ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായാല്‍ വനത്തിനുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവാത്ത സ്ഥിതിയുണ്ടാവും. കുട്ടികളുടെ ഭാവിയെ കരുതിയാണ് കടുത്ത നടപടികളിലേക്ക് ഡ്രൈവര്‍മാര്‍ നീങ്ങാത്തത്. പക്ഷേ ഈ സാഹചര്യം തുടര്‍ന്നാല്‍ വാഹനങ്ങള്‍ ഓടിക്കാനാകാത്ത സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. രണ്ടുദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഇവര്‍ പറഞ്ഞു.
മുമ്പ് ഗോത്രസാരഥി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ഇപ്പോള്‍ വിദ്യാവാഹിനി എന്ന പേരിലേക്ക് മാറിയത്. ഉള്‍വനത്തിലുള്ള വനവാസി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ജീവന് പണയംവച്ചാണ് ഡ്രൈവര്‍മാര്‍ സ്കൂളിലേക്ക് കൊണ്ടുവരുന്നത്. 150ല്‍ പരം കുട്ടികളാണ് വനത്തില്‍ നിന്ന് വാഹനങ്ങളില്‍ കുറ്റിച്ചല്‍ പ്രദേശത്തെ സ്കൂളുകളിലേക്ക് വരുന്നത്. മറ്റ് വനമേഖലകളിലും സമാനമായ സ്ഥിതിയുള്ളതായി ഇവര്‍ പറയുന്നു. വാഹനങ്ങള്‍ പണിമുടക്കിയാല്‍ കോട്ടൂര്‍ വനവാസി ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ ഇനി വിദ്യാലയങ്ങളിലേക്ക് നടന്നു പോകണം.
നാലു മാസത്തെ വാഹനവാടകയും ഇന്ധന, ശമ്പളതുകയും കുടിശ്ശികയായതോടെയാണ് വേദനയോടെയെങ്കിലും സര്‍വീസ് നിര്‍ത്തുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇതു സംബന്ധിച്ച് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനായ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടും നാലു മാസത്തെ വാടക നല്കാന് തയ്യാറായില്ലെന്നാണ് പരാതി. വനമേഖലയിലെ മണ്‍റോഡുകളിലൂടെ എല്ലാ വിദ്യാലയ ദിനങ്ങളിലും കൃത്യസമയത്ത് വിദ്യാര്‍ഥികളെ സ്കൂളിലെത്തിച്ച് പോന്നിരുന്നവരാണ് പട്ടിണിയും കടബാ ധ്യതയും മൂലം വണ്ടിയൊതുക്കുന്നത്. മിക്ക വാഹനങ്ങളും ലോണെടുത്തതിന്റെ ബാധ്യതയുള്ളതാണ്. ഗതാഗത യോഗ്യമല്ലാത്ത റോഡുകളിലൂടെയുള്ള യാത്ര വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നതിനാല് വര്‍ക്ക്ഷോപ്പ് പണികള്‍ക്കും പണം വേണം. നാലു മാസമായി ഡീസലടിച്ച തുകയും നല്‍കാനുണ്ട്. വിദ്യാര്‍ഥികളെ എത്തിക്കാനാകാത്തതില്‍ വിഷമമുണ്ടെന്നും എന്നാല്‍ വീട് പട്ടിണിയിലായത് മൂലം വേറെ മാര്‍ഗമില്ലെന്നും വിദ്യാവാഹിനി ഡ്രൈവര്‍മാര്‍ പറയുന്നു.
.
ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി ഏതാണ്ട് 80,000 കുട്ടികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്. മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പട്ടികവര്‍ഗ കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്കു തടയുന്നതിനുമാണ് വിദ്യാവാഹിനി പദ്ധതി നടപ്പാക്കിയത്. സ്കൂളുകളില്‍ രൂപവത്കരിക്കുന്ന മോണിറ്ററിങ് കമ്മറ്റിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല നല്‍കിയത്. സ്കൂള്‍ പ്രധാനാധ്യാപകന് കണ്‍വീനറായും പിടിഎ പ്രസിഡന്റ് പ്രസിഡന്റായും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറായും പഞ്ചായത്ത് അംഗം, സീനിയര്‍ അധ്യാപകന്, പട്ടികവര്‍ഗ പ്രമോട്ടര്‍, അധ്യാപകര്‍, പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താവ് എന്നിവര്‍ അംഗങ്ങളുമായാണ് മോണിറ്ററിങ് കമ്മറ്റി നിലവില്‍ വന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നും ഉള്‍ക്കാടുകളില്‍നിന്നും കാല്‍നടയായി സ്കൂളുകളില്‍ പോയിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭയം കൂടാതെ വാഹനങ്ങളില്‍ സ്കൂളുകളിലേക്കും തിരികെയുമെത്താന് കഴിഞ്ഞത് രക്ഷാകര്‍ത്താക്കള്‍ക്കും ആശ്വാസമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: