കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി സംഭവിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കാട്ടാന ജനവാസ മേഖലയിലിറങ്ങിയ വിവരം ലഭിച്ചിട്ടും ജനങ്ങളെ അറിയിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്ന് രാവിലെയാണ് കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ച് വനത്തില്‍ തുറന്നുവിട്ട ആന ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊന്നത്.
പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. വീട്ടിലേക്ക് കയറിവന്ന ആന അജിയെ പുറകെ ഓടിച്ചിട്ട് കുത്തുകയായിരുന്നു. പത്ത് മിനുട്ട് മുമ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ അജിയുടെ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ആന ഇപ്പോൾ കൊയിലേരി താന്നിക്കൽ മേഖലയിലാണുള്ളത്.
അജിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിലും ആളുകൾ പ്രതിഷേധിക്കുകയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ സമ്മതിക്കാതെയാണ് നാട്ടുകാരുടെ പ്രതിഷേധം. ആന ഇറങ്ങിയതോടെ മാനന്തവാടി പ്രദേശത്തെ നാല് മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി, കാടൻകൊല്ലി, കുറുവ മേഖലയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
എന്നാൽ മാനന്തവാടിയിൽ ഇറങ്ങിയത് ഏത് കാട്ടാനയാണെന്ന് അറിയില്ലെന്നാണ് കർണാടക വനംവകുപ്പ് പറയുന്നത്. കേരളവുമായി സംസാരിച്ചു വരികയാണ്. അന്വേഷിച്ച് വിവരം നൽകാമെന്നും കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡേ പറഞ്ഞു.
കർണാടക വനാതിർത്തിയിൽ നിന്ന് ആനയെത്തിയെന്നാണ് വിവരം. വിഷയത്തിൽ ഉന്നതതല യോഗം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
ആനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാനയാക്രമണങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സാധാരണ നടപടികൾ കൊണ്ട് വയനാട്ടിലെ ജനങ്ങളുടെ ആശങ്കയ്‌ക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് സർക്കാർ നിരീക്ഷിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: