ടി.എം. നാരായണന്
മുന്‍ സംസ്ഥാന പ്രസിഡന്റ്
കേരള എന്‍ജിഒ സംഘ്
കക്ഷിരാഷ്ട്രീയ പിളര്‍പ്പുകള്‍ക്കനുസരിച്ച് സംഘടനകള്‍ പിളരുന്ന ഘട്ടത്തിലാണ് രാഷ്ട്രീയ വിധേയത്വമില്ലാത്ത തൊഴിലാളി സംഘടനയെന്ന രാജ്യത്തിന്റെ ആവശ്യം ഉള്‍ക്കൊണ്ട് 1955ല്‍ തിലകജയന്തിയായ ജൂലൈ 23ന് ഭോപ്പാലില്‍ ഭാരതീയ മസ്ദൂര്‍ സംഘം രൂപീകരിക്കപ്പെട്ടത്. ഇതിനിടെ മഹാരാഷ്ട്രയിലെ പ്രമുഖ ട്രേഡ് യൂണിയന് നേതാവായി മാറിക്കഴിഞ്ഞിരുന്ന ദത്തോപാന്ത് ഠേംഗ്ഡിജി ഒരു സംഘടനയെയും പിളര്ക്കാതെയാണ് ബിഎംഎസ് രൂപീകരിച്ചത്. നൂറുകണക്കിന് യൂണിയനുകളുടെ അഫിലിയേഷനോടെയാണ് മറ്റു ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കപ്പെട്ടതെങ്കില്‍ ഭാരതീയ മസ്ദൂര്‍ സംഘം ഒരു യൂണിയനും സ്വന്തമായി കൂടെയില്ലാതെയാണ് രൂപീകരിക്കപ്പെട്ടത്.
ഠേംഗ്ഡിജിയുടെയും ആദ്യകാല പ്രവര്‍ത്തകരുടെയും അക്ഷീണപ്രവര്ത്തന ഫലമായി പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം എത്തിച്ചശേഷം 1967ല്‍ മാത്രമാണ് ആദ്യ ദേശീയസമ്മേളനം നടന്നത്. അതായത്, പ്രസ്ഥാനം രൂപീകരിക്കപ്പെട്ട് ഒരു പതിറ്റാണ്ടിന് ശേഷമാണ് അതിന്റെ ദേശീയസമ്മേളനം നടന്നതെന്നതായിരുന്നു പ്രത്യേകത. എന്നാല്‍ ഭാരതത്തിന്റെ ദേശീയതയെ മുറുകെപിടിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി 1994ല്‍ത്തന്നെ ഭാരതീയ മസ്ദൂര്‍ സംഘം രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയന് സംഘടനയായി അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് അന്തര്‍ദേശീയ തൊഴില്‍സംഘടനയുടെ (ഐഎല്‍ഒ) സമ്മേളനങ്ങളില്‍ ഭാരതത്തിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നത് ഭാരതീയ മസ്ദൂര്‍ സംഘമാണ്.
‘ദേശീയബോധമുള്ള തൊഴിലാളി, തൊഴിലാളീകരിച്ച വ്യവസായം, വ്യവസായവത്കൃതരാഷ്ട്രം’ എന്ന മുഖ്യമുദ്രാവാക്യവുമായാണ് ബിഎംഎസ് പ്രവര്‍ത്തിക്കുന്നത്. ‘അധ്വാനം, ആരാധന’ എന്ന ആപ്തവാക്യമാണ് ബിഎംഎസ് തൊഴിലാളികള്‍ക്കു മുന്നിലേക്ക് വെക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയ താത്പര്യത്തിന് ഹിതകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ ചെയ്യാറില്ല. ദേശീയ താത്പര്യം, വ്യവസായ താത്പര്യം, തൊഴിലാളി താത്പര്യം എന്നതാണ് സംഘടനയുടെ മുഖ്യകാര്യക്രമം.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് പലപ്പോഴും ബിഎംഎസിന്റെ നിലപാടുകള്‍ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. 1991 മുതല്‍ രാജ്യത്ത് നടപ്പാക്കിയ ആഗോളവത്കരണ – സ്വകാര്യവത്കരണ – ഉദാരവത്കരണ നയങ്ങളെ എതിര്‍ത്തുകൊണ്ട് ബിഎംഎസ് നിരവധി പ്രക്ഷോഭങ്ങളാണ് നടത്തിയിട്ടുള്ളത്. നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രസ്തുത നയങ്ങള്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നപ്പോള്‍ അതിനെതിരെയും പ്രക്ഷോഭവുമായി രംഗത്തുവരാന്‍ ബിഎംഎസ് തയാറായിട്ടുണ്ട്്. തൊഴിലാളി താത്പര്യത്തിന് നിരക്കാത്ത നിയമനിര്‍മാണങ്ങളുമായി രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാര്‍ മുന്നോട്ടുവെച്ചപ്പോഴും എതിര്‍ക്കുകയുണ്ടായി. പലപ്പോഴും മറ്റു ട്രേഡ് യൂണിയനുകളുമായി ഒരുമിച്ച് ചേര്‍ന്നും ബിഎംഎസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴില്‍ നിയമ പരിഷ്കരണം കാലങ്ങളായി ബിഎംഎസ് മുന്നോട്ടുവെക്കുന്ന ആവശ്യമാണ്. ദേശീയതലത്തിലും സംസ്ഥാനങ്ങളിലുമായി നിലവിലുള്ള വിവിധ തൊഴില്‍നിയമങ്ങളെ ഏകീകരിച്ചുകൊണ്ട് നാല് തൊഴില്‍കോഡുകള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയാറായപ്പോള്‍ അതിനെ എതിര്‍ക്കുകയാണ് രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് മറ്റു പല ട്രേഡ് യൂണിയനുകളും തയാറായത്. ബിഎംഎസ് സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറാവുകയും തൊഴിലാളി താല്പര്യത്തിന് യോജിക്കാത്ത പല വകുപ്പുകളെയും എതിര്‍ക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പല മാറ്റങ്ങള്‍ വരുത്തിയാണ് നാല് തൊഴില്‍ കോഡുകള്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. ചില മാറ്റങ്ങള്‍ ഇനിയും വരാനുണ്ട്. അതും ചര്ച്ചകൡലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് ബിഎംഎസിന്റെ വിശ്വാസം. എന്നാല്‍ പ്രസ്തുത കോഡുകള്‍ പിന്‍വലിക്കുകയെന്ന ഒറ്റ ആവശ്യമാണ് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളും മറ്റും കൈക്കൊള്ളുന്നത്. നൂറോളം വര്‍ഷങ്ങളിലായി പല ഘട്ടങ്ങളിലായി നിലനില്‍ക്കുന്ന തൊഴില്‍നിയമങ്ങള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം പിന്തിരിപ്പനാണ്. പ്രസ്തുത നിലപാട് തൊഴിലാളിക്കും വ്യവസായ വളര്‍ച്ചക്കും രാജ്യത്തിന്റെ വികസനത്തിനും അനുയോജ്യമല്ല എന്നതാണ് ബിഎംഎസ് നിലപാട്. ‘സംഘട്ടനമല്ല, സഹവര്‍ത്തിത്വമാണ് ബിഎംഎസിന്റെ മുഖമുദ്ര.’ സര്‍ക്കാരുമായുള്ള എല്ലാ ചര്‍ച്ചകളും നടത്തേണ്ട ചുമതല ഇപ്പോള്‍ ഭാരതീയ മസ്ദൂര്‍ സംഘത്തില്‍ നിക്ഷിപ്തമായിരിക്കുന്ന സന്ദര്‍ഭം കൂടിയാണിത്. എല്‍-20യുമായടക്കം സഹകരിക്കാന്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകള്‍ തയാറായിട്ടില്ല.
രാജ്യം പുരോഗതിയിലേക്ക് മുന്നേറുമ്പോള്‍ അതിനനുസൃതമായ നേട്ടങ്ങള്‍ തൊഴിലാളിക്കും ലഭ്യമാകണമെന്നാണ് ബിഎംഎസ് നിലപാട്. അതുകൊണ്ടാണ് 2023 ഏപ്രില്‍ 28, 29 തീയതികളില്‍ പാറ്റ്നയില്‍ നടന്ന ബിഎംഎസ് ദേശീയ സമ്മേളനം തൊഴിലാളികള്‍ക്ക് ലിവിങ് വേജ് (ജീവിതവേതനം) നല്കണമെന്നാവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ പുരോഗതി കുറച്ചുപേരില്‍മാത്രം കേന്ദ്രീകരിക്കുന്ന ഇന്നത്തെ അവസ്ഥക്ക് മാറ്റം വരണമെന്നും പുരോഗതിയുടെ ഗുണം തൊഴിലാളിക്കും ലഭ്യമാക്കണമെന്നും ബിഎംഎസ് ആവശ്യപ്പെടുന്നു. ജീവിതം നിലനിര്‍ത്താന്‍ ആവശ്യമായ ചുരുങ്ങിയ കാര്യം മാത്രം കണക്കിലെടുത്തുകൊണ്ടാണ് ഇപ്പോള്‍ തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നത്. ഇപ്പോള്‍ മിനിമം വേതനമാണ് ഭൂരിപക്ഷം മേഖലയിലും നല്‍കുന്നത്. 1957ലെ ദേശീയ തൊഴില്‍ സമ്മേളനം അവശ്യാധിഷ്ഠിത മിനിമം വേതനതത്വം അംഗീകരിച്ചുവെങ്കിലും അത് നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയാറായിരുന്നില്ല. രാജ്യം സാമ്പത്തികമായി ഒരു കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ അതിന്റെ ഗുണഫലങ്ങള്‍ തൊഴിലാളിക്കും ലഭിക്കേണ്ടതുണ്ട്. അതിനനുസൃതമായ കുറേക്കൂടി മെച്ചപ്പെട്ട വേതനം ശിപാര്‍ശ ചെയ്യുന്ന ലിവിങ് വേജ് നല്‍കണം എന്നതാണ് ബിഎംഎസ് ആവശ്യപ്പെടുന്നത്. ബോണസ് ലാഭവിഹിതമല്ല, നീക്കിവെക്കപ്പെട്ട വേതനമാണ് എന്ന നയമാണ് ബിഎംഎസ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കടക്കം ബോണസ് എന്ന ആവശ്യം ആദ്യമായി ബിഎംഎസ് മുന്നോട്ടുവെച്ചത്. ‘അഷ്ടാംശം പാരിതോഷ്യം’ (എട്ടിലൊന്ന് പാരിതോഷികം) എന്ന ശുക്രനീതി വചനപ്രകാരം മിനിമം ബോണസ് പന്ത്രണ്ടര ശതമാനം നല്‍കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: