തിരുവനന്തപുരം: നാലാമത് പി. പരമേശ്വരന്‍ സ്മൃതി ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി അനുസ്മരണ സഭ സംഘടിപ്പിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ചിന്തയുടെ സൈദ്ധാന്തികന്‍ എന്ന നിലയിലാണ് പൊതുസമൂഹം അദ്ദേഹത്തെ കണ്ടത് എന്നും വളരെ സഫലമായ ജീവിതയാത്ര പൂര്‍ത്തിയാക്കിയ മഹാത്മാവാണ് പി. പരമേശ്വരന്‍ എന്നും ആര്‍. സഞ്ജയന്‍ പറഞ്ഞു. ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിന്റെ ബുദ്ധി ജീവികളെയാകെ ഇടതുപക്ഷം കൈയടക്കി വച്ചിരുന്ന കാലഘട്ടത്തിലാണ് പി.പരമേശ്വരന്‍ ധൈക്ഷണിക മേഖലയിലേക്ക് കടന്ന് വന്നത് എന്ന് സജി നാരായണന്‍ പറഞ്ഞു. മാര്‍ക്‌സും വിവേകാനന്ദനും എന്ന പ്രഭാഷണ പരമ്പരയിലൂടെ ബുദ്ധിജീവികളിലെ കമ്മ്യൂണിസ്റ്റ് ആധിപത്യം ഇല്ലാതാക്കി. എറണാകുളത്തെ വിശാലഹിന്ദു സമ്മേളനം, നിലയ്‌ക്കല്‍ സമരത്തിന്റെ ഉജ്വല വിജയം എന്നിവ പി.പരമേശ്വരന്റെ സംഘാടക മികവിന്റെ ഉദാഹരണങ്ങളാണ്. രാഷ്‌ട്രീയ പ്രതിയോഗികളോടുപോലും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് പി. പരമേശ്വരന്റേത് എന്ന് സജി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
പദ്മഭൂഷണ്‍ സമ്മാനിച്ച് രാജ്യം ആദരിച്ച ഒ. രാജഗോപാലിനെ ആര്‍. സഞ്ജയന്‍ ഷാള്‍ അണിയിച്ചു. തന്റെ രാഷ്‌ട്രീയ രംഗത്തെ ഉയര്‍ച്ചയ്‌ക്ക് കാരണവും രാജ്യസഭയിലേക്ക് പേര് നിര്‍ദ്ദേശിച്ചതും പി. പരമേശ്വരന്‍ ആണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സി.വി. ജയമണി, ജില്ലാ അധ്യക്ഷന്‍ ഡോ. കെ. വിജയകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.പരമേശ്വരന്റ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് യോഗം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: