പത്തനംതിട്ട: മുന്നൂറു കോടിയില്‍പ്പരം രൂപയുടെ നിക്ഷേപവും സ്വീകരിച്ച് പുല്ലാട് ജി ആന്‍ഡ് ജി ഫൈനാന്‍സ് ഉടമകള്‍ കുടുംബസമേതം മുങ്ങി. നിക്ഷേപകരുടെ പരാതിയില്‍ അഞ്ചു പോലീസ് സ്റ്റേഷനുകളിലായി 80 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അരലക്ഷം മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്.
തെള്ളിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫൈനാന്‍സിയേഴ്സിന്റെ ഉടമ ശ്രീരാമസദനത്തില്‍ ഡി. ഗോപാലകൃഷ്ണന് നായര്‍, ഭാര്യ സിന്ധു ജി. നായര്‍, മകന് ഗോവിന്ദ് ജി. നായര്‍, മരുമകള്‍ ലക്ഷ്മി എന്നിവരാണ് ഒളിവില്‍പ്പോയത്. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കായതായി കോയിപ്രം പോലീസ് പറഞ്ഞു.
ജനുവരി അവസാന ആഴ്ചയിലാണ് ഇവര്‍ കുടുംബസമേതം മുങ്ങിയത്. ഡിസംബര്‍ വരെ നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്നു. ഇതിന് മുന്‍പുള്ള മാസങ്ങളില്‍ നിക്ഷേപം കാലാവധി പൂര്‍ത്തിയായവര്‍ തുക മടക്കി കിട്ടുന്നതിന് ഉടമകളെ സമീപിച്ചിരുന്നു. ഇവരോട് ഫണ്ട് വരാനുണ്ട് എന്ന കാരണം പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഇതിനിടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാര്‍ത്ത പരന്നു. ഇതോടെ നിക്ഷേപകര്‍ തെള്ളിയൂരിലെ ആസ്ഥാനത്ത് വന്ന് പണം മടക്കി ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നതോടെ ഉടമകള്‍ നിക്ഷേപകരുടെ യോഗം വിളിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പണം പല ഘട്ടങ്ങളിലായി മടക്കി നല്‍കാമെന്നും ജനുവരി 13 ന് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നിക്ഷേപത്തിന്റെ ഒരു ശതമാനം വച്ച് നൂറുമാസം കൊണ്ട് മടക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇത് നിക്ഷേപകര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിമാസം മുതലിന്റെ രണ്ടു ശതമാനം വീതം തിരികെ നല്‍കാമെന്ന ധാരണയില്‍ എത്തി. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം ഉടമകള്‍ നാലു പേരും വീട്ടില്‍ നിന്ന് മുങ്ങി. രണ്ടു ജോലിക്കാര്‍ മാത്രം അവശേഷിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഇവരും ഇവിടെ നിന്ന് അപ്രത്യക്ഷരായി. ഗോപാലകൃഷ്ണന് നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടിക്കമ്പനി ഉടമയ്ക്ക് വിറ്റ ശേഷമാണ് മുങ്ങിയിരിക്കുന്നത് എന്ന് നിക്ഷേപകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: