കോട്ടയം: കൈകള്‍ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് മാസപ്പടി കേസ് അന്വേഷണം തടസപ്പെടുത്താന്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനി എസ്എഫ്ഐഒയുടെ അന്വേഷണത്തിന് സ്റ്റേ തേടി കര്‍ണാടക ഹൈക്കോടതിയിയെ സമീപിച്ചത് മടിയില്‍ കനമുള്ളതു കൊണ്ടാണ്. അച്ഛന്റെ കെഎസ്ഐഡിസി കേരള ഹൈക്കോടതിയില്‍ പോയി തിരിച്ചടി നേരിട്ടതിന് പിന്നാലെ മകളുടെ കമ്പനി കര്‍ണാട ഹൈക്കോടതിയില്‍ പോവുകയാണ്. അമ്മയുടെ പെന്ഷന് കൊണ്ടാണ് മകള്‍ കമ്പനി ഉണ്ടാക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് തെറ്റാണെന്ന് രേഖകള്‍ പുറത്തുവന്നപ്പോള്‍ തെളിഞ്ഞു. അച്ഛനും മകളും അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടതെന്നും കോട്ടയം പ്രസ്ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സുരേന്ദ്രന് പറഞ്ഞു.
സിപിഎം പറഞ്ഞിരുന്നത് ഏത് അന്വേഷണവും വന്നോട്ടെ, ഇതിലും വലിയ അന്വേഷണം വന്നിട്ടുണ്ടല്ലോ, സിബിഐക്കാള്‍ വലിയ ഏജന്സിയല്ലോല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഏത് അന്വേഷണവും വന്നുകൊള്ളട്ടെയെന്ന് പാര്‍ട്ടി പറയുമ്പോള്‍ മുഖ്യമന്ത്രിയും മകളും പറയുന്നത് അന്വേഷണം വേണ്ട, അത് തടയണമെന്നാണ്.
എക്സാലോജിക്ക് കര്‍ണാടക കോടതിയെ സമീപിച്ചതിന്റെ പിന്നില്‍ വി.ഡി സതീശന്റെ വളഞ്ഞ ബുദ്ധിയാണ്. വിഡി സതീശനും മാസപ്പടി കിട്ടിയിട്ടുണ്ടോയെന്ന് സംശയം. മുന്‍ പ്രതിപക്ഷ നേതാവിനും പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കും പണം കിട്ടിയിട്ടുണ്ട്. എന്തുകൊണ്ടാണ് കര്‍ണാടക തെരഞ്ഞെടുത്തതെന്നത് ദുരൂഹമാണ്.
കര്‍ണാടകയില്‍ രാഷ്ട്രീയ അഭയം ലഭിക്കുമെന്നതാണ് കാരണം. കെഎസ്ഐഡിസിയെ മുന്‍നിര്‍ത്തിയുള്ള ശ്രമം പാളിയപ്പോള്‍ സതീശന്റെ സഹായം ലഭിച്ചു. മുഖ്യമന്ത്രിയുടെ മകളെ മുന്നില്‍ നിര്‍ത്തി ഈ അന്വേഷണം അവസാനിപ്പിക്കേണ്ടത് യുഡിഎഫിന്റെയും ആവശ്യമാണ്. ഈ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മകള്‍ വീണ വിജയനിലേക്കും മാത്രമല്ല പോകുന്നത്. യുഡിഎഫിന്റെ ഉന്നത നേതാക്കളിലേക്കും അന്വേഷണം പോകും.
ഒരു കുടുംബത്തിന് വേണ്ടി കേസുകള്‍ അട്ടിമറിക്കുന്നതാണോ സിപിഎം നിലപാട്. ഇത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണോയെന്ന് സിപിഎം അഖിലേന്ത്യ നേതൃത്വവും സംസ്ഥാന നേതൃത്വവും വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ കുടുംബമാണ് മാസപ്പടി വാങ്ങിയത്. നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടന്നത്. ഒരു വ്യക്തിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി പാര്‍ട്ടി നിലപാട് ബലികഴിക്കുകയാണ്.
കേരളത്തില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തകരുകയാണ്. പലതും ഷെല്‍ കമ്പനികള്‍ക്ക് വില്‍ക്കുകയാണ്. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി, കോഴിക്കോട് കോണ്ട്രസ്റ്റ് എന്നിവ ഊരാളുങ്കലിന് കൊടുക്കുകയാണ് സര്‍ക്കാര്‍. വി.ഡി. സതീശന് മുഖ്യമന്ത്രിക്ക് വേണ്ടി പാദസേവ ചെയ്യുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: