ന്യൂദല്‍ഹി: കൊല്ലം ലോക്സഭാംഗവും ആര്‍എസ്പി നേതാവുമായ എന്‍.കെ. പ്രേമചന്ദ്രന് അടക്കമുള്ള എട്ടോളം എംപിമാര്‍ക്ക് ഉച്ചക്ക് രണ്ടരയോടെ ഒരു സന്ദേശമെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാണണമെന്നതായിരുന്നു അറിയിപ്പ്. പ്രതിപക്ഷത്തെയും ബിജെപിയുടേയും എംപിമാര്‍ ഉടന്‍ തന്നെ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. ചലിയെ ആപ്കോ ഏക് പണീഷ്മെന്റ് ദേനാ ഹേ (വരൂ, നിങ്ങള്‍ക്കെല്ലാം ഒരു ശിക്ഷ നല്‍കാനുണ്ട്) എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് പ്രധാനമന്ത്രി എംപിമാരുമായി ലിഫ്റ്റിലേക്ക്. വാതില്‍ തുറന്നത് പാര്‍ലമെന്റ് ക്യാന്റീനില്‍. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണത്തിനുള്ള ക്ഷണമായിരുന്നു അതെന്ന് അപ്പോഴാണ് എംപിമാര്‍ തിരിച്ചറിഞ്ഞത്.
തന്റെ ഇഷ്ടവിഭവമായ കിച്ടിയെപ്പറ്റി വാചാലനാകവേ മോദി പറഞ്ഞു, ഞാനെപ്പോഴും പി.എം മോഡിലല്ല, എനിക്കും നല്ല ഭക്ഷണമാണ് വേണ്ടത്. പ്രധാനമന്ത്രിയുടെ തിരക്കുകളെപ്പറ്റിയും വിദേശയാത്രകളെപ്പറ്റിയും ഗുജറാത്തിനെപ്പറ്റിയുമെല്ലാം എംപിമാര്‍ മോദിയോട് ചോദിച്ചറിഞ്ഞു. പാകിസ്ഥാന് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നവാസ് ഷെരീഫിന്റെ ലാഹോറിലെ വസതിയിലേക്ക് നടത്തിയ അപ്രതീക്ഷിത യാത്രയെപ്പറ്റി പ്രധാനമന്ത്രിയും വിവരിച്ചു. ഞങ്ങള്‍ അദ്ദേഹത്തോട് ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു, ഞങ്ങളാണ് ആ സമയത്തെ അജണ്ട സെറ്റ് ചെയ്തത്, പ്രധാനമന്ത്രിക്കൊപ്പമുള്ള ഉച്ചഭക്ഷണത്തെപ്പറ്റി ഒരു പ്രതിപക്ഷ എംപി പ്രതികരിച്ചതിങ്ങനെ.
എന്‍.കെ പ്രേമചന്ദ്രന് പുറമേ, ടിഡിപി എംപി രാം മോഹന്‍ നായിഡു, ബിഎസ്പിയുടെ റിതേഷ് പാണ്ഡേ, ബിജെഡിയുടെ സസ്മിത് പാത്ര എന്നിവരും ബിജെപി എംപിമാരായ ഹീന ഗാവിത്, ഫാങ്നോന്‍ കൊന്യാക്, ജംയാങ് സെരിങ് നാംഗ്യാല്‍, കേന്ദ്രമന്ത്രി എല്‍. മുരുഗന് എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം പാര്‍ലമെന്റില്‍ ഉച്ചഭക്ഷണം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: