Categories: Kerala

പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

Published by

കോട്ടയം: പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ തിരുനക്കര ആസാദ് ലെയ്‌നിലെ ശങ്കരമംഗലം വീട്ടില്‍ ഭവാനി ചെല്ലപ്പന്‍(98) അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാളെ വൈകീട്ട് അഞ്ചിന് തിരുനക്കരയിലെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മുട്ടമ്പലം എന്‍എസ്എസ് ശ്മശാനത്തില്‍.

കുമരകം ചെമ്പകശേരില്‍ പദ്മനാഭ പിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മൂത്ത പുത്രിയാണ് ഭവാനി. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയം ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്നു. ഭര്‍ത്താവ്: പരേതനായ പ്രശസ്ത നര്‍ത്തകന്‍ ചെല്ലപ്പന്‍. ചെല്ലപ്പന്‍ ഭവാനി എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഗുരു ഗോപിനാഥില്‍നിന്ന് കേരളനടനം ആധികാരികമായി പഠിച്ചവരില്‍ ഒരാളായിരുന്നു ഭവാനി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയത്ത് നൃത്തവിദ്യാലയം ആരംഭിച്ചത്. കേരളത്തിലെ ബാലെ സംഘത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയായിരുന്നു ഭവാനി.

കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം, ഉത്രാടം തിരുനാള്‍ ഗുരു ശ്രേഷ്ഠ അവാര്‍ഡ്, ഗുരു ഗോപിനാഥ് നാട്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മക്കള്‍: സി.ഗോപാലകൃഷ്ണന്‍ നായര്‍ (റിട്ട.ഐ.ബി ഓഫീസര്‍), സി.രാമചന്ദ്രന്‍ (റിട്ട.കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്‍), സി. രാധാകൃഷ്ണന്‍ (റിട്ട.ജനറല്‍ മാനേജര്‍,പാരഗണ്‍). മരുമക്കള്‍: ശശിപ്രഭ ജൗഹരി, ശോഭ രാമചന്ദ്രന്‍, പത്മജാ രാധാകൃഷ്ണന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by