കോട്ടയം: പതിമൂന്നാം വയസ്സില്‍ ആരംഭിച്ച നൃത്തം വിടവാങ്ങുന്നതുവരെ ഭവാനി ചെല്ലപ്പന് ജീവനും ജീവിതവുമായിരുന്നു. പഠിക്കാന്‍ താന്‍ അത്രമിടുക്കിയെല്ലെന്ന് മനസിലാക്കിയ ഭവാനി നൃത്തം തനിക്ക് എളുപ്പം വഴങ്ങുമെന്ന് മനസിലാക്കി നൃത്തത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് തിരുവിതാംകൂര്‍ കൊട്ടാരം നര്‍ത്തകനായിരുന്ന ഗുരു ഗോപിനാഥിന്റെ ഗുരുകുലത്തില്‍ നൃത്തം പഠിക്കാന്‍ ചേരുന്നത്. ഗുരു ഗോപിനാഥ് സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ച കേരളനടനമെന്ന ശാസ്ത്രീയനൃത്തം ഗുരുവില്‍ നിന്ന് തന്നെ അഭ്യസിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം പേരിലൊരാളായിരുന്നു ഭവാനി.
പരസ്പരം മുദ്രകള്‍ കൈമാറിയുള്ള പ്രണയം, വിവാഹം ഗുരുകുലത്തിലെ തന്റെ സഹപാഠിയായിരുന്ന ചെല്ലപ്പനോട് തോന്നിയ പ്രണയം വിവാഹത്തിലെത്തി. പ്രണയഭാഷയാവട്ടെ നൃത്ത മുദ്രകളും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം നിരവധി വേദികളില്‍ ഒരുമിച്ച് നൃത്തം ചെയ്തു. നൃത്തത്തിന് പുറമെ ഭര്‍ത്താവുമൊന്നിച്ച് ബാലെ ട്രൂപ്പും ആരംഭിച്ചു. ഭാരതീയ നൃത്ത കലാലയം എന്ന പേരിലാണ് ഇതറിയപ്പട്ടിരുന്നത്. ഉത്സവ വേദികളില്‍ ബാലെ അത്ര പരിചിതമല്ലാത്ത കാലത്ത് കേരളത്തിലെ ബാലെ സംഘത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയായിരുന്നു അവര്‍.
ചെല്ലപ്പന്‍ഭവാനിയും സംഘവും എന്ന പേരിലാണ് ബാലെ ട്രൂപ്പ് അറിയപ്പെട്ടിരുന്നത്. ഓരോ കഥയിലും മുഖ്യകഥാപാത്രങ്ങളായി രംഗത്ത് എത്തിയിരുന്നത് ചെല്ലപ്പനും, ഭവാനിയുമായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം ഭവാനി ബാലെ കളിച്ചിട്ടില്ല.
വിരമിക്കലില്ലാത്ത നൃത്ത ജീവിതംപ്രായം വെറുമൊരു സംഖ്യമാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ഭവാനി ചെല്ലപ്പന്റെ നൃത്തജീവിതം. 97-ാം വയസ്സിലും അവര്‍ നല്ലൊരു നൃത്താധ്യാപികയും നര്‍ത്തകിയുമായിരുന്നു.
സമ്പാദ്യമായുള്ളതോ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍. 1952ല്‍ ഗുരു ഗോപിനാഥിന്റെ നിര്‍ദേശ പ്രകാരമാണ് കോട്ടയത്ത് തിരുനക്കരയില്‍ നൃത്തവിദ്യാലയം ആരംഭിച്ചത്. ഇപ്പോഴും ഇവിടെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും സ്‌പെഷല്‍ ക്ലാസുകള്‍ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ശിഷ്യനാണ് മറ്റു ക്ലാസുകള്‍ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക