തിരുവനന്തപുരം: അയോദ്ധ്യ ദര്‍ശനത്തിനുള്ള കേരളീയരുടെ നീണ്ട കാത്തിരിപ്പിന് പരിസമാപ്തിയായി. കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷ്യല്‍ ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് തീര്‍ഥാടകരുമായി പുറപ്പെട്ടു. രാമനാമജപത്തോടെയും ജയശ്രീറാം വിളികളോടെയുമാണ് രാമഭക്തര്‍ അയോധ്യാ യാത്രക്ക് ആരംഭം കുറിച്ചത്. രാവിലെ 10ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ മുന്‍ എംഎല്‍എ ഒ. രാജഗോപാല്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു.
മാസങ്ങളുടെ കാത്തിരിപ്പിനും തയ്യാറെടുപ്പിനും ശേഷമാണ് മുമ്പെല്ലാം തീര്‍ഥാടകര്‍ അയോദ്ധ്യയിലേക്ക് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നേരിട്ട് ട്രെയിന്‍ യാത്രക്കുള്ള അവസരമൊരുക്കിയത് തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രാണപ്രതിഷ്ഠാദിനം മുതല്‍ അയോധ്യ യാത്രക്ക് കാത്തിരുന്ന തീര്‍ഥാടകരും വലിയ ആവേശത്തോടെയാണ് എത്തിയത്. 20 കോച്ചുകള്‍ ഉള്ള ട്രെയിനില്‍ 972 തീര്‍ഥാടകരാണുള്ളത്. 12 ന് പുലര്‍ച്ചെ രണ്ടുമണിക്ക് ട്രെയിന്‍ അയോധ്യ സ്റ്റേഷനില്‍ എത്തും. 13ന് പുലര്‍ച്ചെ 12.2ന് അയോധ്യയില്‍ നിന്ന് തിരിച്ച് 15ന് രാത്രി 10.45ന് കൊച്ചുവേളിയില്‍ എത്തും.
ഭക്ഷണമുള്‍പ്പെടെ 3300 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ വരും ദിവസങ്ങളില്‍ അയോദ്ധ്യയിലേക്ക് പുറപ്പെടും. തീര്‍ഥാടകരെ യാത്രയാക്കാന്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ്ബാബു, ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, ട്രഷറര്‍ ബാലമുരളി, സെല്‍ കോര്‍ഡിനേറ്റര്‍ നിഷാന്ത് സുഗുണന്, കൗണ്‍സിലര്‍ ഡി.ജി.കുമാരന്, ഉള്ളൂര്‍ മണ്ഡലം പ്രസിഡന്റ് കരിക്കകം മണികണ്ഠന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: