ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ളയും സമ്മതിച്ചു.
400ല്‍ അധികം സീറ്റുകള്‍ എന്‍ഡിഎ സഖ്യത്തിന് ലഭിച്ചേക്കുമെന്ന് ഇന്‍ഡി സഖ്യത്തിലെ നേതാവു കൂടിയായ ഒമര്‍ അബ്ദുള്ള പറഞ്ഞു.
രാജ്യത്തെ പ്രതിപക്ഷം നിലവില്‍ ക്ഷീണിച്ച നിലയിലാണ്. രണ്ട് മാസം മുമ്പായിരുന്നു പൊതു തെരഞ്ഞെടുപ്പെങ്കില്‍ ഒരു പക്ഷേ സ്ഥിതി മാറിയേനെ. നിലവിലെ സാഹചര്യത്തില്‍ ബിജെപിക്കാണ് മുന്‍തൂക്കം. അതുകൊണ്ടുതന്നെ എന്‍ഡിഎയ്ക്കാണ് വിജയസാധ്യത 400ല്‍ കൂടുതല്‍ സീറ്റുകളെന്ന ലക്ഷ്യം മറികടക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. ബിജെപിക്കെതിരെ പാര്‍ട്ടികളെയെല്ലാം ഒരുമിപ്പിച്ച് മുന്നണി രൂപീകരിക്കാനുള്ള ശ്രമം വിജയിച്ചില്ല. ശക്തമായ പ്രതിപക്ഷമല്ല നമുക്കുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിനായി കുറച്ച് സമയം കൂടിയുണ്ട്. ഈ സമയത്തിനുള്ളില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ മാത്രം എന്‍ഡിഎ അടുത്ത മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നത് തടയാം.
ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നടക്കാന്‍ സാധ്യതയില്ല. പൊതു തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ സീറ്റ് നില സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കുന്നത്. ഇന്‍ഡി സഖ്യത്തില്‍ നിലകൊള്ളുന്നതിനാല്‍ പിഡിപി, കോണ്‍ഗ്രസ് എന്നിവരോട് ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: