നരേന്ദ്ര മോദി
പ്രധാനമന്ത്രി
കാര്‍ഷിക ശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ദീര്‍ഘദര്‍ശിയായ പ്രൊഫസര്‍ എം എസ് സ്വാമിനാഥന് ഇന്ത്യയ്ക്ക് നല്കിയ സംഭാവനകള്‍ എക്കാലവും സുവര്‍ണ ലിപികളില്‍ കൊത്തിവയ്ക്കപ്പെടും. രാജ്യത്തെ ഏറെ സ്നേഹിച്ച പ്രൊഫ. എം.എസ്. സ്വാമിനാഥന് രാഷ്ട്രത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും നമ്മുടെ കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച ജീവിതം ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പഠനകാലത്ത് അക്കാദമികമായി ഏറെ മികവ് തെളിയിച്ച അദ്ദേഹത്തിന് ഏത് പഠന മേഖലയും തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ 1943ലെ ബംഗാള്‍ ക്ഷാമം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. താന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കാര്‍ഷിക രംഗത്തെക്കുറിച്ച് പഠിക്കുക എന്നതായിരിക്കണമെന്ന് അന്ന് അദ്ദേഹം നിശ്ചയിക്കുകയാണുണ്ടായത്.
താരതമ്യേന ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം ഡോ. നോര്‍മന്‍ ബോര്‍ലോഗുമായി ബന്ധം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ കൃതികളെ വളരെ വിശദമായി ഉള്‍ക്കൊള്ളുകയും ചെയ്തു. 1950കളില്‍ യുഎസില്‍ ഫാക്കല്‍റ്റി സ്ഥാനമെന്ന വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും സ്വന്തം രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ച അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്.
സ്വയംപര്യാപ്തതയുടെയും ആത്മവിശ്വാസത്തിന്റെയും പാതയിലേക്ക് നമ്മുടെ രാജ്യത്തെ നയിച്ച അദ്ദേഹം അതികായനായി തലയെടുപ്പോടെ നിലകൊണ്ട വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെക്കുറിച്ച് നിങ്ങള്‍ എല്ലാവരും ചിന്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ രണ്ടു ദശകങ്ങളില്‍ നാം വലിയ തോതിലുള്ള വെല്ലുവിളികളാണു നേരിട്ടത്. അതിലൊന്ന് ഭക്ഷ്യക്ഷാമമായിരുന്നു. 1960 കളുടെ തുടക്കത്തില്‍, ഇന്ത്യ ക്ഷാമത്തോട് കഠിനമായ പോരാട്ടം നടത്തുകയായിരുന്നു. അപ്പോഴാണ് പ്രൊഫസര്‍ സ്വാമിനാഥന്റെ കഴിവും പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവും കാര്‍ഷിക സമൃദ്ധിയുടെ പുതിയ യുഗത്തിലേക്ക് രാജ്യത്തെ നയിച്ചത്. കൃഷിയിലും ഗോതമ്പ് ഉല്പാദനം പോലുള്ള പ്രത്യേക മേഖലകളിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗോതമ്പ് ഉല്പാദനത്തില് ഗണ്യമായ വര്‍ദ്ധനയ്ക്കു കാരണമായി. അങ്ങനെ ഇന്ത്യയെ ഭക്ഷ്യക്ഷാമമുള്ള രാജ്യത്ത് നിന്ന് സ്വയംപര്യാപ്ത രാഷ്ട്രമാക്കി മാറ്റി. ഈ മഹത്തായ നേട്ടം അദ്ദേഹത്തിന് ‘ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ്’ എന്ന മഹത്തായ പദവി നേടിക്കൊടുത്തു.
ഏത് പ്രതിസന്ധിയിലും തളരാത്ത മൂന്നേറാന്‍ രാജ്യത്തിന് സാധിക്കുമെന്ന് ഹരിതവിപ്ലവം തെളിയിച്ചു. നമുക്ക് ദശകോടിക്കണക്കിന് വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ ആ വെല്ലുവിളികളെ അതിജീവിക്കാന്‍ നൂതനാശയങ്ങളുമായി ദശകോടിക്കണക്കിന് ജനങ്ങളുമുണ്ട്. ഹരിതവിപ്ലവം ആരംഭിച്ച് അഞ്ചു ദശാബ്ദം പിന്നിടുമ്പോള്‍ ഇന്ത്യന്‍ കാര്‍ഷികരംഗം കൂടുതല്‍ ആധുനികവും പുരോഗമനപരവുമായി മാറിയിരിക്കുന്നു. എന്നാല്‍ ഇവയെല്ലാം, പ്രൊഫസര്‍ സ്വാമിനാഥന് സ്ഥാപിച്ച അടിത്തറയുടെ കരുത്തിലാണ് ആര്‍ജ്ജിച്ചത്.
വര്‍ഷങ്ങളോളം ഉരുളക്കിഴങ്ങ് വിളകളെ ബാധിച്ചിരുന്ന പരാന്നഭോജികളെ നേരിടുന്നതില്‍ അദ്ദേഹം അത്യാധുനിക ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ ഗവേഷണം ഉരുളക്കിഴങ്ങ് വിളകളെ തണുത്ത കാലാവസ്ഥയെ പ്രതിരോധിക്കാന്‍ പ്രാപ്തമാക്കി. ഇന്ന്, ലോകം ചോളത്തെയും ശ്രീ അന്നയെയും ‘സൂപ്പര്‍ ഫുഡു’കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ പ്രൊഫസര്‍ സ്വാമിനാഥന് 1990കള്‍ മുതല്‍ ചെറുധാന്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിച്ചിരുന്നു.
പ്രൊഫസര്‍ സ്വാമിനാഥനുമായുള്ള എന്റെ വ്യക്തിപരമായ ബന്ധവും ഇടപെടലുകളും വിപുലമായിരുന്നു. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമാണ് ഈ ബന്ധം ആരംഭിച്ചത്. അക്കാലത്ത് ഗുജറാത്ത് കാര്‍ഷിക മേഖലയിലെ മികവിനും വൈദഗ്ധ്യത്തിനും പേരുകേട്ട സംസ്ഥാനമായിരുന്നില്ല. തുടര്‍ച്ചയായ വരള്‍ച്ചയും വന്‍ ചുഴലിക്കാറ്റുകളും ഭൂകമ്പവും സംസ്ഥാനത്തിന്റെ വളര്‍ച്ചാവേഗതയെ പിന്നോട്ടടിക്കുന്ന കാലമായിരുന്നു അത്. അന്ന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നിരവധി സംരംഭങ്ങളില്‍ ഒന്നാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്. ഇത് മണ്ണിനെ നന്നായി മനസ്സിലാക്കാനും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവ പരിഹരിക്കാനും ഞങ്ങളെ പ്രാപ്തരാക്കി. ഈ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ഞാന്‍ പ്രൊഫസര്‍ സ്വാമിനാഥനെ കണ്ടുമുട്ടിയത്. പദ്ധതിയെ അഭിനന്ദിച്ച അദ്ദേഹം അതിനായി തന്റെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ഗുജറാത്തിന്റെ കാര്‍ഷിക വിജയത്തിന് കളമൊരുക്കുന്ന പദ്ധതിയെക്കുറിച്ച് സംശയമുള്ളവരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന്റെ അംഗീകാരം സഹായകരമായിരുന്നു.
ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോഴും ഞങ്ങളുടെ ബന്ധവും ആശയവിനിമയവും തുടര്‍ന്നു. അന്താരാഷ്ട്ര കാര്ഷികജൈവവൈവിധ്യ കോണ്‍ഗ്രസില്‍ ഞാന്‍ അദ്ദേഹത്തെ കാണുകയുണ്ടായി. അടുത്ത വര്‍ഷം 2017ല്‍ അദ്ദേഹം എഴുതിയ രണ്ട് ഭാഗങ്ങളുള്ള പുസ്തക പരമ്പര പ്രകാശനം ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു.
എല്ലാവരെയും നിലനിര്‍ത്തുന്നത് കര്‍ഷകരായതിനാല്‍ ലോകത്തെ ഒരുമിച്ച് നിര്‍ത്തുന്ന ശക്തി എന്നാണ് തിരുക്കുറല്‍ കര്‍ഷകരെ വിശേഷിപ്പിക്കുന്നത്. ഈ തത്വം നന്നായി മനസ്സിലാക്കി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പ്രൊഫസര്‍ സ്വാമിനാഥന്. ധാരാളം പേര് അദ്ദേഹത്തെ കൃഷി ശാസ്ത്രജ്ഞന് എന്നു വിളിക്കുന്നു. പക്ഷേ, അദ്ദേഹം അതിലും വലുതാണെന്ന് ഞാന്‍ എല്ലായ്പ്പോഴും വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഒരു കൃഷിക്കാരന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളുടെ വിജയം അദ്ദേഹത്തിന്റെ അക്കാദമിക മികവില്‍ മാത്രം പരിമിതപ്പെടുത്തി വിലയിരുത്തേണ്ടതല്ല; മറിച്ച്, പരീക്ഷണശാലകള്‍ക്ക് പുറത്തും കൃഷിയിടങ്ങളിലും വയലുകളിലും അദ്ദേഹം ചെലുത്തിയ സ്വാധീനത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തിന്റെ കൃതികള്‍ ശാസ്ത്രീയ അറിവും അതിന്റെ പ്രായോഗിക പ്രവര്‍ത്തനവും തമ്മിലുള്ള വിടവ് കുറച്ചു.
മനുഷ്യന്റെ പുരോഗതിയും പാരിസ്ഥിതിക സുസ്ഥിരതയും തമ്മിലുള്ള അതിലോലമായ സന്തുലിതാവസ്ഥയ്ക്ക് ഊന്നല്‍ നല്കി, സുസ്ഥിര കൃഷിക്കായി അദ്ദേഹം നിരന്തരം വാദിച്ചു. ചെറുകിട കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നൂതനാശയങ്ങളുടെ ഫലങ്ങള്‍ അവര്‍ ആസ്വദിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും പ്രൊഫസര്‍ സ്വാമിനാഥന് നല്കിയ പ്രത്യേക ഊന്നലും കാണാതെ പോകരുത്. വനിതാ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
ഭപ്രൊഫസര്‍ എം എസ് സ്വാമിനാഥനെക്കുറിച്ച് ശ്രദ്ധേയമായ മറ്റൊരു വശമുണ്ട് അദ്ദേഹം പുതുമയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെയും അഭിമാനസ്തംഭമായി ഉയര്ന്നുനില്ക്കുന്നു. 1987ല്‍ ലോക ഭക്ഷ്യ പുരസ്കാരം നേടിയപ്പോള്‍, അഭിമാനകരമായ ആ ബഹുമതിയുടെ ആദ്യ സ്വീകര്‍ത്താവായ അദ്ദേഹം സമ്മാനത്തുക ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗവേഷണ ഫൗണ്ടേഷന് സ്ഥാപിക്കാന്‍ ഉപയോഗിച്ചു. ഇന്നുവരെ, വിവിധ മേഖലകളില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആ സംഘടന ഏറ്റെടുത്തു നടത്തുന്നു. അദ്ദേഹം ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിക്കുകയും അവരില്‍ പഠനത്തോടും പുതുമയോടുമുള്ള അഭിനിവേശം വളര്‍ത്തുകയും ചെയ്തു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍, അദ്ദേഹത്തിന്റെ ജീവിതം നമ്മെ അറിവ്, മാര്‍ഗ്ഗനിര്‍ദ്ദേശം, നവീകരണം എന്നിവയുടെ ശാശ്വതശക്തിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. മനിലയിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ദക്ഷിണേഷ്യന്‍ റീജിയണല്‍ സെന്റര്‍ 2018 ല്‍ വാരണാസിയില്‍ ആരംഭിച്ചു.
ഡോ. സ്വാമിനാഥന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഈ വേളയില്‍ ഞാന്‍ വീണ്ടും തിരുക്കുറല്‍ ഉദ്ധരിക്കുകയാണ്. അതില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘ആസൂത്രണം ചെയ്തവര്‍ ദൃഢനിശ്ചയമുള്ളവരാണെങ്കില്‍, അവര്‍ ആഗ്രഹിച്ചതു അവര്‍ ആഗ്രഹിച്ചതുപോലെ നേടും’. കൃഷിയെ ശക്തിപ്പെടുത്താനും കര്‍ഷകരെ സേവിക്കാനും ആഗ്രഹിക്കുന്നുവെന്ന് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ തീരുമാനിച്ച ഒരു മഹത് വ്യക്തി ഇവിടെയുണ്ടായിരുന്നു. അസാധാരണമാംവിധം നൂതനമായും വികാരഭരിതനായും അദ്ദേഹം അത് നിര്‍വഹിച്ചു. കാര്‍ഷിക നവീകരണത്തിന്റെയും സുസ്ഥിരതയുടെയും പാതയിലൂടെ രാജ്യം സഞ്ചരിക്കുമ്പോള്‍ ഡോ. സ്വാമിനാഥന്റെ സംഭാവനകള്‍ നമ്മെ പ്രചോദിപ്പിക്കുകയും മുമ്പോട്ട് നയിക്കുകയും ചെയ്യുന്നു. അദ്ദേഹം കൃഷിക്കാര്‍ക്കും കാര്‍ഷിക മേഖലയ്ക്കുമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും തത്വങ്ങളുടെയും പതാകവാഹകരായി, വരാനിരിക്കുന്ന തലമുറകളിലേക്ക് അവയുടെ നേട്ടം എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: