പേരൂര്‍ക്കട: അമ്പലമുക്കില്‍ പൊട്ടിയ 900 എംഎം പ്രിമോ പൈപ്പിന്റെ അറ്റകുറ്റപ്പണി ജലഅതോറിറ്റി പൂര്‍ത്തീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടു കൂടിയാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയായത്. പമ്പിംഗ് പുനരാരംഭിച്ചതോടെ സമീപപ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമായിത്തുടങ്ങി. അതേസമയം ഉയര്‍ന്ന സ്ഥലങ്ങളില്‍ ഇന്ന് ഉച്ചയോടുകൂടി മാത്രമേ പൂര്‍ണതോതില്‍ ജലമെത്തുകയുള്ളൂ.
അരുവിക്കരയില്‍ നിന്നു മണ്വിളയിലേക്കു ജലമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയതെന്നു ഇന്നലെ രാവിലെയാണ് ജല അതോറിറ്റി തിരിച്ചറിഞ്ഞത്. ഈ ഭാഗത്ത് ഏകദേശം അഞ്ചു പൈപ്പുകള്‍ മണ്ണിനടിയിലൂടെ കടന്നുപോകുന്നുണ്ട്. പഴയ പ്രിമോ മാറ്റി പുതിയ പൈപ്പ് വിളക്കിച്ചേര്‍ക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ ജെസിബി ഉപയോഗിച്ച് റോഡില്‍ ആഴത്തില്‍ കുഴിച്ചാണ് പൈപ്പ് കണ്ടെത്തിയത്. പ്രിമോ പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടാന്‍ കാരണമായത്.
പൈപ്പ് പൊട്ടിയതുമൂലം അമ്പലമുക്ക് മുതല്‍ ഉള്ളൂര്‍ വരെയും പരുത്തിപ്പാറ മുതല്‍ പാറോട്ടുകോണം വരെയും പോങ്ങുമ്മൂട് മുതല്‍ മണ്‍വിള വരെയും ശുദ്ധജലവിതരണം തടസ്സപ്പെട്ടിരുന്നു. കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ചതായി ജലഅതോറിറ്റി കഴക്കൂട്ടം, കവടിയാര്‍ സെക്ഷന്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: