ന്യൂദല്‍ഹി: ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനുള്ള സ്പെക്ട്രം ലേലം ചെയ്യാനുള്ള ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി.
അധിക സ്പെക്ട്രം ടെലികോം സേവനങ്ങളുടെ ഗുണനിലവാരവും ഉപഭോക്താക്കള്‍ക്കുള്ള കവറേജും മെച്ചപ്പെടുത്തും. 96,317.65 കോടി രൂപ കരുതല്‍ വിലയില്‍ ആകെ 10,523.15 മെഗാഹെര്‍ട്സ് ആണ് ലേലം ചെയ്യുക. 800, 900, 1800, 2100, 2300, 2500, 3300 എന്നീ മെഗാഹെര്‍ട്സ് ഫ്രീക്വന്‍സി ബാന്‍ഡുകളിലും 26 ജിഗാഹെര്‍ട്സ് ഫ്രീക്വന്‍സി ബാന്‍ഡുകളിലുള്ള സ്പെക്ട്രത്തിനായാണ് ലേലം നടക്കുക. 20 വര്‍ഷത്തേക്കാണ് ലേലം.
ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്പെക്ട്രം ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള സ്പെക്ട്രം ഉപയോഗത്തിന്റെ പുനര്‍നിര്‍മ്മാണം പരിഗണിക്കുന്നതിനായി സെക്രട്ടറിമാരുടെ ഒരു കമ്മിറ്റിയും രൂപീകരിച്ചു. ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 700 മെഗാഹെര്‍ട്സ് ബാന്‍ഡിലുള്ള എന്‍സിആര്‍ടിസി പോലുള്ള റെയില്‍ അധിഷ്ഠിത നഗര, പ്രാദേശിക ട്രാന്‍സിറ്റ് സിസ്റ്റങ്ങളുടെ സ്പെക്ട്രം ആവശ്യകതകള്‍ക്കായുള്ള നിര്‍ദ്ദേശത്തിനും കാബിനറ്റ് അംഗീകാരം നല്കി.
മത്സ്യത്തൊഴിലാളി മേഖലയിലെ സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കായി പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയ്ക്കു കീഴിലുള്ള ഉപപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സാഹ്-യോജനയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കി.
ആറായിരം കോടി രൂപ പദ്ധതിക്കായി നീക്കിവച്ചു. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, മത്സ്യവില്‍പ്പനക്കാര്‍ അല്ലെങ്കില്‍ മത്സ്യബന്ധന മൂല്യ ശൃംഖലയില്‍ നേരിട്ട് ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് വ്യക്തികള്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (എഫ്ഐഡിഎഫ്) മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടാനും മന്ത്രിസഭാ യോഗം അംഗീകാരം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: