ബുവെയ്‌ക്ക്(ഐവറികോസ്റ്റ്): ആഫ്രിക്കന്‍ ഫുട്‌ബോള്‍ കലാശപ്പോരില്‍ മുന്‍ ചാമ്പ്യന്‍മാരായ നൈജീരിയയും ഐവറികോസ്റ്റും തമ്മില്‍ കൊമ്പുകോര്‍ക്കും. സെമിയില്‍ ജയിച്ച ഇരുവരും തമ്മില്‍ ഞായറാഴ്ച രാത്രി ഒന്നരയ്‌ക്ക് എഡിംപെയിലെ സ്റ്റേഡിയത്തില്‍ കിരീടത്തിനായി ഏറ്റുമുട്ടും. സെമിയില്‍ ഐവറികോസ്റ്റ് ഡി ആര്‍ കോംഗോയെയും നൈജീരിയ ദക്ഷിണാഫ്രിക്കയെയും ആണ് തോല്‍പ്പിച്ചത്.
ആഫ്രിക്കന്‍ ഫുട്‌ബോളിലെ ആദ്യ ഫൈനല്‍ പ്രവേശം എന്ന ഡി ആര്‍ കോംഗോ മോഹങ്ങള്‍ ഏകപക്ഷീയമായ ഒരു ഗോളിന് കെടുത്തിക്കൊണ്ടാണ് ആതിഥേയരായ ഐവറി കോസ്റ്റ് ഫൈനലിലെത്തുന്നത്. കളിയുടെ 65-ാം മിനിറ്റില്‍ മുന്‍നിര താരം സെബാസ്റ്റ്യന്‍ ഹാലര്‍ നേടിയ ഗോളിലാണ് ഐവറി കോസ്റ്റ് വിജയിച്ചത്. ആഫ്രിക്കന്‍ കപ്പില്‍ ടീം നാലാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതിന് മുമ്പ് മൂന്ന് വട്ടം ഫൈനലിലെത്തി. രണ്ട് തവണ ജേതാക്കളായി. 1992ലും 2015ലുമാണ് ടീം ജേതാക്കളായത്. രണ്ട് തവണയും ഫൈനലില്‍ ഘാനയെ തോല്‍പ്പിച്ചായിരുന്നു കിരീടനേട്ടം. 2006ല്‍ ഫൈനലിലെത്തിയെങ്കിലും ഈജിപ്തിനോട് തോറ്റ് റണ്ണറപ്പുകളായി.
ദക്ഷിണാഫ്രിക്കയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് നൈജീരിയയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. 67-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ നൈജീരിയയാണ് ആദ്യ ഗോള്‍ നേടിയത്. വില്ല്യം ട്രൂസ്റ്റ്-ഇക്കോംഗ് ആയിരുന്നു സ്‌കോറര്‍. ടീം ജയമുറപ്പിച്ച് നില്‍ക്കെ 90-ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമായി പെനല്‍റ്റി. ടെബോരോ മൊകീനയിലൂടെ ദക്ഷിണാഫ്രിക്ക സമിലഗോള്‍ നേടി.
അധിക സമയത്തിലേക്ക് കടന്ന മത്സരത്തില്‍ ഗോള് വീണില്ല. പക്ഷെ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധ താരം ഗ്രാന്റ് കെക്കാന 115-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. ശേഷിച്ച സമയത്ത് എതിരാളികള്‍ പത്ത് പേരായി ചുരുങ്ങിയിട്ടും നൈജീരിയയ്‌ക്ക് സ്‌കോര്‍ ചെയ്യാനായില്ല. ഒടുവില്‍ ഷൂട്ടൗട്ടില്‍ 4-2ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.
നൈജീരിയയുടെ ഏഴാം അഫ്രിക്കന്‍ കപ്പ് ഫൈനല്‍ പ്രവേശമാണിത്. നാല് ഫൈനലുകളില്‍ റണ്ണറപ്പുകളായപ്പോള്‍ മൂന്ന് തവണ കിരീടം നേടി. 1980, 1994, 2013 വര്‍ഷങ്ങളിലാണ് ടീം കീരടം നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: