ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് നേതാക്കള്‍ എക്കാലത്തും പിന്നില്‍ നിന്നു കുത്തിയിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച്.ഡി. ദേവഗൗഡ. കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്കി രാജ്യസഭയില്‍ പ്രസംഗിക്കുമ്പോള്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലായിരുന്നു ദേവഗൗഡയുടെ പരാമര്‍ശങ്ങള്‍.
കോണ്‍ഗ്രസിലെ താങ്കളുടെ സുഹൃത്തുക്കള്‍ തന്നെയാണ് എക്കാലവും താങ്കളെ എതിര്‍ത്തത്, ഖാര്ഗെയോടായി ദേവഗൗഡ പറഞ്ഞു. ഖാര്‍ഗെജി, എനിക്ക് അങ്ങയെ നാല്പതു വര്‍ഷമായി അറിയാം. രാഷ്ട്രീയത്തില്‍ താങ്കള്‍ ശുദ്ധനാണ്. പക്ഷേ, ഇന്‍ഡി മുന്നണി യോഗത്തില്‍ എന്താണ് സംഭവിച്ചത്? പ്രധാനമന്ത്രിയായി, ഇന്‍ഡി മുന്നണി നേതാവായി താങ്കളുടെ പേര് ആരോ പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ അതിനെ എതിര്‍ത്തത് കോണ്‍ഗ്രസിലെ സുഹൃത്തുക്കളാണ്.
2018ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യം അധികാരത്തില്‍ വന്നപ്പോള്‍ ഖാര്‍ഗെ മുഖ്യമന്ത്രിയാവട്ടെ എന്നാണ് താന്‍ നിര്‍ദേശിച്ചതെന്ന് ദേവഗൗഡ പറഞ്ഞു. എന്നാല്‍ എന്റെ മകന് കുമാരസ്വാമി മുഖ്യമന്ത്രിയാവണം എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്നു പറഞ്ഞത്, ദേവഗൗഡ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിച്ച പ്രധാനമന്ത്രിയാണ് ഡോ. മന്മോഹന് സിങ്. പക്ഷേ, അദ്ദേഹത്തേയും കോണ്‍ഗ്രസുകാര്‍ കരയിച്ചു. 2ജി സ്പെക്ട്രം അഴിമതിക്കേസിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ സംസാരിക്കുമ്പോഴാണ് കോണ്‍ഗ്രസിലെ ഉന്നതരായ ചില നേതാക്കളുടെ തെറ്റുകള്‍ മനസിലോര്‍ത്ത് മന്‍മോഹന്‍സിങ് വിതുമ്പിയത്, ദേവഗൗഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: