Categories: GulfMarukara

“ലോക സർക്കാർ ഉച്ചകോടി 2024 ” , ഭാരതം അതിഥിയാകും : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

അതിഥി രാജ്യങ്ങൾ അവരുടെ ഭരണനിയന്ത്രണം സംബന്ധിച്ച അനുഭവങ്ങളും മികച്ച വികസന പ്രവർത്തനങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്നതാണ്

ദുബായ്: ദുബായിൽ ഈ മാസം 12 മുതൽ ആരംഭിക്കാനിരിക്കുന്ന ലോക സർക്കാർ ഉച്ചകോടി 2024-ലെ അതിഥിയായി ഭാരതം പങ്കെടുക്കും. 12 മുതൽ 14 വരെയാണ് വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് 2024 സംഘടിപ്പിക്കുന്നത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭാരതത്തിന് പുറമെ തുർക്കി, ഖത്തർ എന്നിവരും വിശിഷ്ടാതിഥികളായി ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

‘ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഇത്തവണത്തെ ഉച്ചകോടിയിൽ 25-ലധികം സർക്കാർ, സംസ്ഥാന തലവന്മാർ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, തുർക്കി രാഷ്‌ട്രപതി റജബ് ത്വയ്യിബ് എർദോഗൻ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരുടെ നേതൃത്വത്തിലായിരിക്കും മൂന്ന് അതിഥി രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുക.

അതിഥി രാജ്യങ്ങൾ അവരുടെ ഭരണനിയന്ത്രണം സംബന്ധിച്ച അനുഭവങ്ങളും മികച്ച വികസന പ്രവർത്തനങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്നതാണ്. വിവിധ രാജ്യങ്ങളിലെ നേതാക്കളും, വിദഗ്ധരും, 85-ലധികം അന്താരാഷ്‌ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും, 120 ഗവൺമെൻ്റ് പ്രതിനിധികളുമടക്കം 4,000-ത്തിൽ പരം പേർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരതം, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങൾ ഈ വർഷത്തെ അതിഥികളായി ഉച്ചകോടിയിൽ പങ്കെടുക്കുന്നത് യു എ ഇയുമായുള്ള ഈ രാജ്യങ്ങളുടെ ബന്ധത്തെയും, തന്ത്രപരമായ പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് കാബിനറ്റ് കാര്യ മന്ത്രിയും സമ്മേളനം ഓർഗനൈസേഷൻ ചെയർമാനുമായ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക