തിരുവനന്തപുരം: ബ്രിട്ടനിലെ സ്കൂളുകള്‍ക്ക് പോലും ടിപ്പു വധിക്കപ്പെട്ട ദിവസം അവധി നല്‍കിയാണ് സായിപ്പ് ആ ദിവസം ആഘോഷിച്ചതെന്ന് കെ ടി ജലീല്‍. കോട്ടവാതില്‍ സുരക്ഷയുടെ ചുമതലക്കാരനായ ടിപ്പു സുല്‍ത്താന്റെ ഭാര്യാസഹോദരന്‍ മിര്‍ജാഫറിനെ ബ്രിട്ടീഷുകാര്‍ വിലക്കെടുത്താണ് കുറ്റിയിടാത്ത കോട്ടവാതിലിലൂടെ അകത്ത് കടന്ന് പ്രഭാത പ്രാര്‍ത്ഥനക്ക് പോവുകയായിരുന്ന ടിപ്പുവിനെ വെള്ളക്കാര്‍ വെട്ടിവീഴ്ത്തിയത്. മിര്‍കാസിമിനെ പാട്ടിലാക്കി ബംഗാളിലെ സിറാജുദ്ദൗളയേയും ബ്രിട്ടീഷുകാര്‍ കൊന്നുതള്ളി. അഭിനവ ഏകാധിപതികളായ സംഘികള്‍ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ ലീഗിനെയാണോ വിലക്കെടുത്തിരിക്കുന്നത്? ഫേസ് ബുക്ക് പോസ്റ്റില്‍ ജലീല്‍ ചോദിച്ചു.
ഭാരതത്തിന്റെ മുഴുവന്‍ അഭിമാനമായി അയോധ്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിംലീഗിന്റെ നിലപാട് സ്വാഗതം ചെയ്ത ജന്മഭൂമി മുഖപ്രസംഗത്തെ വിമര്‍ശിച്ചെഴുതിയ കുറിപ്പിലാണ് സിപിഎം എംഎല്‍എയുടെ വിമര്‍ശനം.
രാമക്ഷേത്ര നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആണ് വ്യക്തമാക്കിയിരിക്കുന്നത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും, ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും അയോധ്യയില്‍ നിര്‍മിച്ചിരിക്കുന്ന രാമക്ഷേത്രവും നിര്‍മിക്കാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും, കോടതിവിധി അനുസരിച്ചാണ് ക്ഷേത്രം നിര്‍മിച്ചതെന്നും ലീഗിന്റെ അധ്യക്ഷന്‍ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നതില്‍ തീര്‍ച്ചയായും പുതുമയുണ്ടെന്ന് ജന്മഭൂമി എഴുതിയിരുന്നു.
‘ജന്മഭൂമി’ലീഗിന് കൊടുത്ത പട്ടം എല്ലാ ലീഗോഫീസുകളിലും ചില്ലിട്ട് സൂക്ഷിക്കണം എന്ന് കളിയാക്കുകയാണ് ജലീല്‍. ഖാഇദെമില്ലത്തിനും ബാഫഖിതങ്ങള്‍ക്കും പൂക്കോയതങ്ങള്‍ക്കും സേട്ടു സാഹിബിനും ബനാത്ത് വാലക്കും സീതിസാഹിബിനും സി.എച്ചിനും ശിഹാബ്തങ്ങള്‍ക്കും ഹൈദരലിതങ്ങള്‍ക്കും കിട്ടാത്ത ഇടമാണ് സാദിഖലി തങ്ങള്‍ക്ക് ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍ കിട്ടിയിട്ടുള്ളത്, എന്നും ജലീല്‍ എഴുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: