മട്ടാഞ്ചേരി: ഫോര്‍ട്ടു കൊച്ചി കസ്റ്റംസ് ജെട്ടിയുടെ നവീകരണത്തില്‍ വന്‍ അഴിമതിയെന്നാരോപണം. ജെട്ടി നവീകരണത്തിന് 95 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് പൊതു പ്രവര്‍ത്തകന്‍ നിസാര്‍ മാമുവിന് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട മറുപടിയില്‍ ലഭിച്ചത്.
ജെട്ടിയുടെ നവീകരണത്തില്‍ കാതലായ നവീകരണം നടന്നിരിക്കുന്നത് റൂഫിങ് ഷീറ്റുകള്‍ മാറ്റി പുതിയ ഇനം റൂഫിങ് ഷീറ്റ് പാകിയതും തറയില്‍ ഗ്രാനൈറ്റ് പാകിയതുമാണ്. പഴയവ മാറ്റി പുതിയ സ്റ്റീല്‍ ഗ്രീല്ലുകള്‍ സ്ഥാപിച്ചു. ഏതാണ്ട് 300 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ടോയ്‌ലറ്റ് അടക്കമുള്ള കെട്ടിട നിര്‍മാണമാണ് ആകെ നടന്നിട്ടുള്ളത്.
പുതുതായി നിര്‍മിച്ച പൈല്‍ കാപ്പ് ബോട്ട് അടുത്തപ്പോള്‍ തന്നെ പൊട്ടിയിരുന്നു. നിര്‍മാണത്തിലെ ഗുണനിലവാര കുറവാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് ആരോപണം. പ്രവേശന കവാടം മുതല്‍ ടിക്കറ്റ് കൗണ്ടര്‍ വരെയുള്ള ഷീറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഏതാണ്ട് നിര്‍മാണം നിലച്ച മട്ടാണ്. ഇത്രയും വലിയ തുക ചെലവിടുമ്പോഴും വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും അത്യാവശ്യത്തിന് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമില്ല. പണിത ടോയ്‌ലറ്റ് വെള്ളമില്ലാത്തതിനാല്‍ പൂട്ടി കിടക്കുകയാണ്. നവീകരണത്തിലെ അഴിമതി അന്വേഷണ വിധേയമാക്കണമെന്നാണ് നാട്ടുകാരും സംഘടനകളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: