ഇന്നു ഗംഗോത്രിയിലേക്ക് പോകുന്ന യാത്രക്കാരുടെ ഒരു സംഘം കൂടി ഞങ്ങളുടെ കൂടെ ചേര്‍ന്നു. ആ സംഘത്തില്‍ ഏഴുപേരുണ്ടായിരുന്നു. 5 പുരുഷന്മാരും 2 സ്ത്രീകളും. ഞങ്ങളുടെ ഭാണ്ഡം ഞങ്ങള്‍ തന്നെയാണ് ചുമന്നിരുന്നത്. എന്നാല്‍ ആ ഏഴുപേരുടെയും കിടക്കയും കെട്ടുകളും ഒരു ചുമട്ടുകാരനായിരുന്നു ചുമന്നുകൊണ്ടു നടന്നത്. ചുമട്ടുകാരന് ഗ്രാമീണനായിരുന്നു. അയാളുടെ ഭാഷയും ശരിക്കുമനസ്സിലാകത്തില്ലായിരുന്നു. അയാള്‍ സ്വതവേ കലഹപ്രിയനും പരുഷസ്വഭാവിയും ആണെന്നു തോന്നി. മുകളിലത്തെ മലയിലൂടെ ‘ഝാലാ’ താവളത്തിലേക്ക് ഞങ്ങള്‍ നടന്നുപോകുകയായിരുന്നു. അപ്പോള്‍ വിരലുകള്‍ കൊണ്ടു ആംഗ്യം കാട്ടി ഭയാവഹമായ മുദ്രയില്‍ ഏതോ വസ്തു ലക്ഷ്യമാക്കി കാണിച്ച് അയാളുടെ ഭാഷയില്‍ എന്തോ പറഞ്ഞു. കാര്യം മുഴുവനും മനസ്സിലായില്ല. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് കരടി (ഭാലു) എന്നു മാത്രം പിടികിട്ടി, അയാള്‍ അവിടേക്ക് സൂക്ഷിച്ചു നോക്കാനും തുടങ്ങി. കടുത്ത മൂടല്‍മഞ്ഞു നിമിത്തം ഒന്നും ശരിക്കു കാണത്തില്ലായിരുന്നു. എന്നാല്‍ ചുമട്ടുകാരന് കാണിച്ച ഭാഗത്ത് ഏതോ കറുത്ത മൃഗങ്ങള്‍ നടക്കുന്നതായി അയാള്‍ക്ക് കാണപ്പെട്ടു.
മരണഭയത്തോടെ…
ചുമട്ടുകാരന്റെ വായില്‍നിന്നും കരടി, കരടി (ഭാലു, ഭാലു) എന്നു കേള്‍ക്കുകയും അയാള്‍ ചൂണ്ടിക്കാണിച്ച ഭാഗത്ത് മൃഗങ്ങള്‍ അലഞ്ഞുനടക്കുന്നതായി കാണുകയും ചെയ്ത ആള് വളരെ ഭയന്നുപോയി. താഴെ കരടികള്‍ കറങ്ങിനടക്കുകയാണെന്ന് അയാള്‍ ശരിക്കും വിശ്വസിച്ചു. അയാള്‍ പിന്നിലായിരുന്നു. ശബ്ദമുണ്ടാക്കാതെ കാല് വലിച്ചു നടന്ന് വേഗം ഞങ്ങളോടൊപ്പമെത്തി. ചിറി ഉണങ്ങി, പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ ഞങ്ങളെ പിടിച്ചുനിര്‍ത്തി താഴെ കറുത്ത മൃഗങ്ങളെ കാണിച്ചുകൊണ്ട് അവിടെ കരടികള്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്നും ഇവിടെ ജീവന് അപകടത്തിലാണെന്നും പറഞ്ഞു.
ഞങ്ങളും പേടിച്ചു പോയി. എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ലായിരുന്നു. ഇടതിങ്ങിയ വനപ്രദേശമായിരുന്നു, ഒപ്പം ഭയാനകവും. അതിലല്‍ കരടികള്‍ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത സ്വാഭാവികമായിരുന്നു. കൂടാതെ രണ്ടുവര്‍ഷം മുമ്പ് മാനസ സരോവരത്തില്‍ പോയിരുന്ന സഹയാത്രികരില്‍ നിന്നും കരടികളുടെ ഭീകരത്വത്തെപ്പറ്റി നീണ്ട വിവരണങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് കേട്ടിരുന്നതും. ഭയം വര്‍ദ്ധിച്ചുവരികയായിരുന്നു. കറുത്ത മൃഗങ്ങള്‍ ഞങ്ങളുടെ ഭാഗത്തേക്ക് അടുത്തുവരികയുമായിരുന്നു. കടുത്ത മൂടല്‍ മഞ്ഞ് കാരണം ആകൃതി ശരിക്കു വ്യക്തമാകുന്നില്ലായിരുന്നു. എന്നാല്‍ കറുത്തനിറവും ഉയരക്കുറവുംകൊണ്ട് കരടികളെപ്പോലെതന്നെ കാണപ്പെട്ടു. പിന്നെ ചുമട്ടുകാരന് കരടി, കരടി എന്നു പറഞ്ഞിരുന്നതിനാല്‍ സംശയിക്കേണ്ട കാര്യവുമില്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ചുമട്ടുകാരനോടുതന്നെ ചോദിച്ചുകളയാമെന്നു കരുതി തിരിഞ്ഞുനോക്കിയപ്പോള്‍ അയാളെ ഒകാണാനുമില്ലായിരുന്നു.
ഞങ്ങളെല്ലാവരും കൂടെ ഒന്നിച്ച് ഒരിടത്തിരുന്നു. അറ്റത്തു ആണിതറച്ച വടികള്‍(നടക്കാനുപയോഗിച്ചിരുന്നത്) തോക്കുകള്‍പോലെ നീട്ടിപ്പിടിച്ച്, കരടിയുടെ ആക്രമണമുണ്ടായാല്‍ വടിയുടെ ആണിതറച്ചഭാഗം അതിന്റെ വായില്‍ കടത്തുന്നതോടൊപ്പം ഒന്നിച്ചു കരടിയെ ആക്രമിക്കണമെന്നും, എന്തുതന്നെ സംഭവിച്ചാലും ആരും ഓടിപ്പോകരുതെന്നും, ഒറ്റകെട്ടായി നില്‍ക്കണമെന്നും തീരുമാനിച്ചിരിപ്പായി. പദ്ധതിപ്രകാരം ഞങ്ങള്‍ പതുക്കെ പതുക്കെ മുമ്പോട്ടു നീങ്ങിത്തുടങ്ങി. ഞങ്ങളുടെ ഭാഗത്തേയ്ക്കു വരുന്നതായികാണപ്പെട്ട കരടികള്‍ താഴേക്കിറങ്ങിത്തുടങ്ങി. ഞങ്ങള്‍ നടപ്പിന്റെ വേഗത കൂട്ടി, മുമ്പത്തേക്കാള്‍ രണ്ടിരട്ടി. എത്രയുംവേഗം അപകടമേഖല തരണംചെയ്യുക എന്നതായിരുന്നു എല്ലാവരുടേയും ലക്ഷ്യം. എല്ലാവരുടെയും നാവില്‍ ഈശ്വരനാമമായിരുന്നു. മനസ്സിലാകെ വല്ലാതെ ഭയം നിറഞ്ഞിരുന്നു. ഇങ്ങനെ ഒന്നൊന്നരമൈല്‍ ദൂരം പിന്നിട്ടു.
മൂടല്‍ അല്പം കുറഞ്ഞു. സമയം 8 മണി ആകാറായി. സൂര്യപ്രകാശവും കണ്ടു തുടങ്ങി. വൃക്ഷനിബിഡമായ പ്രദേശവും പിന്നിട്ടു കഴിഞ്ഞു. ആടുമാടുകളെ മേയ്ക്കുന്നവരെയും കണ്ടു തുടങ്ങി. വിശ്രമിക്കാനിരുന്നു. ഇത്രയുമായപ്പോഴേക്കും ചുമട്ടുകാരനും പുറകേ എത്തി. ഞങ്ങളെല്ലാം ഭയപ്പെട്ടിരിക്കുന്നത് കണ്ട് അയാള്‍ കാരണമന്വേഷിച്ചു. സഹയാത്രികര്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞ കരടികളില്‍ നിന്നും ഈശ്വരന് രക്ഷിച്ചു. പക്ഷേ നിങ്ങള്‍ രക്ഷപ്പെടാനുള്ള വഴി പറഞ്ഞുതരുന്നതിനുപകരം തനിയെ ഒളിച്ചു കളഞ്ഞു.
ചുമട്ടുകാരന് അന്ധാളിച്ചുനിന്നു. എന്തോ തെറ്റിദ്ധാരണ സംഭവിച്ചതായി അയാള്‍ക്കു തോന്നി. അയാളുടെ ആംഗ്യത്തില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കിയ കരടിയുടെ കാര്യം പറഞ്ഞപ്പോള്‍ അയള്‍ക്ക് തെറ്റിദ്ധാരണയുടെ ഉള്ളു പിടികിട്ടി. അയാള്വിശദമാക്കി: ‘ഝാലാ’ ഗ്രാമത്തിലെ ഉരുളക്കിഴങ്ങു വളരെ വലിപ്പമുള്ളതും പ്രസിദ്ധവുമാണ്. ഇതുപോലുള്ള കിഴങ്ങു വേറൊരു ഗ്രാമത്തിലും വിളയുന്നില്ല. ഇക്കാര്യമാണ് ഞാന്‍ ആംഗ്യംകൊണ്ട് പറഞ്ഞത്. ഝാലായിലെ ‘ആലു’ (ഉരുളക്കിഴങ്ങ്) എന്നു പറഞ്ഞത് നിങ്ങള്‍ ‘ഭാലു'(കരടി) എന്നു ധരിച്ചു. കറുത്തു കണ്ട മൃഗങ്ങള്‍ ഇവിടുത്തെ പശുക്കളാണ്, അവ പകല്‍ മുഴുവന്‍ ഇവിടിങ്ങനെ മേഞ്ഞു നടക്കും. മൂടല്‍മഞ്ഞു കാരണം അവ നിങ്ങള്‍ക്ക് കരടികളായി തോന്നി. ഇവിടെ കരടികളേ ഇല്ല. കുറേകൂടി ഉയര്‍ന്ന സ്ഥലങ്ങളിലാണ് അവ ഉള്ളത്. നിങ്ങളെല്ലാം വെറുതെ പേടിച്ചുപോയി. ഞാന്‍ മലശോധനാര്ത്ഥം പുഴയരികില്് ഇരുന്നതാണ്. നിങ്ങളോടൊപ്പമായിരുന്നെങ്കില് അപ്പോള്‍ തന്നെ തെറ്റിദ്ധാരണ മാറ്റാമായിരുന്നു. സ്വന്തം വിഡ്ഢിത്തത്തില്‍ ഞങ്ങള്‍ ചിരിക്കുകയും ലജ്ജിക്കുകയും ചെയ്തു. ചുമട്ടുകാരന് പറഞ്ഞകാര്യം തെറ്റായ വിധത്തില്‍ മനസ്സിലാക്കിയ കൂട്ടുകാരനെ ഒത്തിരി ആക്ഷേപിച്ചു.
യാഥാര്‍ഥ്യവും തെറ്റിദ്ധാരണകളും
മണിക്കൂറിനു മുമ്പ് അത്യന്തം യഥാര്ത്ഥ്യമായിരുന്ന ജീവിതമരണ പ്രശ്നമായിരുന്ന കരടിയുടെ കാര്യം ഒടുവില്‍ ഒരു തെറ്റിദ്ധാരണയായി തെളിയിക്കപ്പെട്ടു. ഇതു പോലെ നമ്മുടെ ജീവിതത്തിലും അനേകം തെറ്റിദ്ധാരണകള്‍ വേരൂന്നിയിട്ടില്ലേ എന്ന് ആലോചിക്കുകയാണ്. ഇതുകാരണം നാം എപ്പോഴും ഭയാശങ്കകളോടെയാണ് കഴിയുന്നത്. എന്നാല്‍ ഒടുവില്‍ അവയെല്ലാം മനസ്സിന്റെ ദൗര്‍ബല്യങ്ങളാണെന്ന് തെളിയുകയും ചെയ്യാറുണ്ട്. ആഡംബരത്തിലോ, ഫാഷനിലോ, വീട്ടു സൗകര്യങ്ങളിലോ അല്പം കുറവുവന്നാല്‍ അത് നമ്മുടെ നിര്ധനത്വമായി കരുതപ്പെടുമെന്ന ആശങ്കമൂലം അധികമാളുകളും കഴിവില്‍ കവിഞ്ഞ ചെലവു വര്‍ദ്ധിപ്പിക്കുന്നുണ്ട്. നമ്മുടെ സാന്മാര്‍ഗ്ഗികത്വം പതനോന്മുഖമാകുന്ന അവസരത്തില്‍ ആളുകള്‍ നമ്മെപ്പറ്റി എന്തുപറയും എന്നു ചിന്തിക്കുന്നത് നല്ലതാണ്, ഉചിതമാണ്. എന്നാല്‍ ഈ മനോഭാവം ആഡംബരങ്ങളില്‍ കുറവുവരുന്ന സമയത്തുണ്ടായാല്‍ അത് അനാവശ്യമായ ആശങ്കയാണെന്നാണ് കരുതേണ്ടത്. ഈ ചിന്ത വ്യര്‍ത്ഥവും വ്യയവര്ദ്ധകവുമാണ്. ലളിതമായി ജീവിച്ചാല്‍ നിര്‍ദ്ധനരായി പരിഗണിക്കപ്പെടുമെന്നും നമ്മെ ആരും ബഹുമാനിക്കുകയില്ലെന്നും മറ്റുമുള്ള തെറ്റായ ചിന്തകള്‍ ദുര്ബ്ബലമനസ്സുകളിലാണ് ഉടലെടുക്കുന്നത്. നിരവധി വൈഷമ്യങ്ങളും, ചിന്തകളും, ധര്മ്മസങ്കടങ്ങളും, പ്രകോപനങ്ങളും, വിഷയലാലസയും, ദുര്‍വികാരങ്ങളും ഇക്കാലത്ത് നമുക്കുനേരെ ഉയര്‍ന്നുവരികയാണ്.
ഇതെല്ലാം കാണുമ്പോള്‍ ഈ ലോകം തിന്മനിറഞ്ഞതും ഭീകരവുമാണെന്നും ഇവിടുത്തെ ഓരോ സാധനവും കരടിയെപ്പോലെ ഭയാവഹമാണെന്നും തോന്നിപ്പോകുന്നു. എന്നാല്‍ അജ്ഞാനത്തിന്റെ മൂടല്‍ മഞ്ഞുമാറി, ആത്മജ്ഞാനത്തിന്റെ പ്രകാശം പരക്കുമ്പോള്‍ മനോദൗര്ബ്ബല്യങ്ങള് അകലുമ്പോള്‍ കരടിയെന്നു ഭ്രമിച്ചുനടന്നത് പശുക്കളാണെന്ന് ബോദ്ധ്യമാകുന്നു. ശത്രുക്കളായി നമ്മള് കരുതിയവര്‍ നമ്മുടെതന്നെ സ്വരൂപമാണ്, ഈശ്വരന്റെ തന്നെ അംശമാണ്. ഈശ്വരന് നമുക്കു പ്രിയങ്കരനാണെങ്കില്‍ അദ്ദേഹത്തിന്റെ സൃഷ്ടിയും മംഗളദായകമായിരിക്കണമല്ലോ. അതിനെ നാം വിരൂപപ്പെടുത്തുമ്പോള് അതില്‍നിന്നും ഭയമുളവാകുന്നു. ചുമട്ടുകാരന്റെ ആലു(കിഴങ്ങ്) എന്ന ശബ്ദം ഭാലു(കരടി) എന്നു ധരിച്ചതുപോലെ ഈ അശുദ്ധമായ ചിത്രീകരണം നമ്മുടെ മനസ്സിന്റെ ഭ്രമമാണ്.
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ വിജനതയിലെ സഹചാരികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: