റായ്പുർ : തലയ്ക്ക് എട്ട് ലക്ഷം രൂപ വിലയിട്ടിരുന്ന നക്സലൈറ്റ് ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. മൂന്ന് പതിറ്റാണ്ടോളം നക്സലൈറ്റ് സംഘടനയിൽ സജീവമായിരുന്ന ചന്ദ്രണ്ണ എന്ന ഭീകരനെയാണ് കൊലപ്പെടുതിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് നക്സലൈറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടൽ നടന്നത്.
ദന്തേവാഡ-സുക്മ ജില്ലകളുടെ അതിർത്തിയിലെ ഗോണ്ട്പള്ളി, പർലഗട്ട, ബദേപള്ളി ഗ്രാമങ്ങൾക്കിടയിലുള്ള വനപ്രദേശമായ കുന്നിൻ മുകളിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘം നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. അന്തർ ജില്ലാ അതിർത്തിയിൽ നക്സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പത്രസമ്മേളനത്തിൽ പറഞ്ഞു.
വെടിവയ്പ്പിന് ശേഷം, സംഭവസ്ഥലത്ത് നിന്ന് ഒരു നാടൻ പിസ്റ്റളും അതിന്റെ നാല് വെടിയുണ്ടകളും മാവോയിസ്റ്റുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളും കൂടെ ചന്ദ്രണ്ണന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സുക്മ ജില്ലയിലെ ഗോലാപള്ളി പ്രദേശത്ത് താമസിക്കുന്ന 50 വയസ് പ്രായമുള്ള ചന്ദ്രണ്ണ 30 വർഷത്തിലേറെയായി നിരോധിത സംഘടനയിൽ സജീവമാണെന്നും നക്സൽ അക്രമ സംഭവങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. 2013-ന് മുമ്പ് മാവോയിസ്റ്റ് സംഘടനയുടെ മാഡ് ഡിവിഷനിൽ കമ്മിറ്റി അംഗമായി അയാൾ പ്രവർത്തിച്ചിരുന്നു.
ജില്ലാ റിസർവ് ഗാർഡിലെയും ബസ്തർ ഫൈറ്റേഴ്സിലെയും ഉദ്യോഗസ്ഥരും – സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളും – സിആർപിഎഫ് ന്റെ 231-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: