തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് പുതിയ പെന്ഷന് നടപ്പാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വോട്ട് തട്ടിയെടുക്കാനുള്ള അടവ് മാത്രമാണെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാര്‍ ആരോപിച്ചു.
സംസ്ഥാന ബജറ്റില്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഫെറ്റോ സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് നടപ്പാക്കുകയാണ് വേണ്ടത്. 21 ശതമാനം ക്ഷാമബത്ത കുടിശികയാക്കിയതില് രണ്ട് ശതമാനം മാത്രമായി അനുവദിച്ചത് ജീവനക്കാരെ അവഹേളിക്കുന്നതിന് തുല്യമാണ്. മൂന്ന് വര്‍ഷമായി പെന്ഷന് പരിഷ്കരണ കുടിശിക പോലും ലഭിക്കാതെ ഒരു ലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരണപ്പെട്ടിട്ടും ഈ ബജറ്റില്‍ അതിനെക്കുറിച്ച് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ജീവനക്കാരോടും പെന്‍ഷന്‍കാരോടും നീതി പുലര്‍ത്താത്ത ബജറ്റ് സെക്രട്ടറിയേറ്റ് നടയില്‍ കത്തിച്ച് ഫെറ്റോ പ്രതിഷേധിച്ചു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന ട്രഷറര്‍ സി.കെ. ജയപ്രസാദ്, സംസ്ഥാന സെക്രട്ടറി ആര്. ശ്രീകുമാരന്‍, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല, സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഐ അജയകുമാര്‍, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് ജയകുമാര്‍ കൈപ്പള്ളി, എന്‍ടിയു ജില്ലാ പ്രസിഡന്റ് അരുണ്‍, പിഎസ്സി എപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ആര്.ഹരികൃഷ്ണന്, ജി. ഹരികുമാര്‍, ബി.കെ സതീഷ്കുമാര്‍, ജി. ഡി. അജികുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: