കണ്ണൂര്‍: ബജറ്റില്‍ സ്വകാര്യ വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനത്തെ ചൊല്ലി സിപിഎമ്മില്‍ സര്‍വത്ര ആശയക്കുഴപ്പം. ഭിന്നാഭിപ്രായങ്ങളുമായി പോഷക സംഘടനകളും നേതാക്കളും രംഗത്ത് വന്നത് ഔദ്യോഗിക നേതൃത്വത്തിന് തലവേദനയാവുന്നു. സിപിഎമ്മില്‍ മാത്രമല്ല എല്‍ഡിഎഫിലെ ഘടകക്ഷികള്‍ക്കിടയിലും പോഷക സംഘടനകളിലും ബജറ്റ് പ്രഖ്യാപനത്തില്‍ കടുത്ത അമര്‍ഷം.
കമ്പ്യൂട്ടര്‍വത്ക്കരണമടക്കമുള്ള വിഷയങ്ങളില്‍ ആദ്യം തള്ളുക, പിന്നെ കൊള്ളുക എന്ന നയം മാറ്റം എല്ലാ കാലത്തും സിപിഎം നിലപാടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എടുത്ത തീരുമാനം പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ക്കുള്ളിലും പാര്‍ട്ടി അണികളിലും സജീവ ചര്‍ച്ചയായിരിക്കുകയാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്ത് കൂത്തുപറമ്പില്‍ 5 പേര്‍ രക്തസാക്ഷികളായതും ജീവിക്കുന്ന രക്തസാക്ഷിയായ, കിടന്ന കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കാനാവാതെ കഴിയുന്ന സഖാവ് പുഷ്പനും സിപിഎമ്മിന്റെ സാമൂഹ്യ മാധ്യമങ്ങളിലും പൊതു സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വം രക്തസാക്ഷികളോടും പുഷ്പനോടും പരസ്യമായി മാപ്പ് പറയണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ നിന്നും ഉയരുന്നത്.
ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
വിദേശ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ വീണ്ടും ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച ബജറ്റ് നിര്‍ദേശങ്ങളില്‍ നിന്നു മാറ്റമില്ലെന്ന് ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ മൂലധനത്തിനു പാര്‍ട്ടി എതിരല്ല. ഒരിക്കലും എതിരു നിന്നിട്ടുമില്ല. വിജ്ഞാന സമ്പദ്വ്യവസ്ഥയാണു പാര്‍ട്ടി ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനം വരുന്നതില്‍ തെറ്റില്ല. സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകണമെന്നു മാത്രം. അതിനു തയാറാകുന്നവര്‍ മാത്രം വന്നാല്‍ മതി. വിദ്യാര്‍ത്ഥികള്‍ വിദേശത്തു പഠനത്തിനു പോകുന്നതു കുറയ്‌ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച് മന്ത്രിമാരില്‍ അഭിപ്രായ വ്യത്യാസമില്ല. എസ്എഫ്‌ഐയുടെ എതിര്‍പ്പ് അവരുമായി ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനു സ്വകാര്യ പങ്കാളിത്തം ഇനിയങ്ങോട്ട് ആവശ്യമാണെന്ന് ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇഎംഎസിന്റെ കാലംതൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. സ്വകാര്യ മേഖല വേണ്ടെന്നു പറഞ്ഞല്ല പണ്ടു സമരം നടത്തിയത്. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുകയാണു ചെയ്തത്. സ്വകാര്യമൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ല. ഇനി എതിര്‍ക്കുകയുമില്ല. ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
എഐഎസ്എഫും ബജറ്റിനെതിരെ രംഗത്ത്
എസ്എഫ്‌ഐക്ക് പിന്നാലെ ഘടകകക്ഷിയായ സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫും ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ വിദേശ സര്‍വകലാശാല സംബന്ധിച്ച് പൂര്‍ണമായും തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചിരുന്നു. ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റില്‍ സംസാരിച്ചതെന്നും ബിന്ദു വിശദീകരിക്കുകയുണ്ടായി. സിപിഎം ദേശീയ നേതൃത്വത്തിന്റെ നയം വിദേശ സര്‍വകലാശാലയ്‌ക്ക് എതിരാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും പിബി അംഗങ്ങളായ എം.എ. ബേബിയുമടക്കമുള്ള നേതാക്കള്‍ അതൃപ്തിയിലാണെന്നാണ് സൂചന.
സിപിഎമ്മിന്റെ പരസ്യ നിലപാടിന് വിരുദ്ധം
വിദേശ സര്‍വകലാശാല സംബന്ധിച്ച കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ലെന്ന വാര്‍ത്ത മന്ത്രി നിഷേധിക്കുന്നില്ലെന്നതും ചര്‍ച്ചയായിരിക്കുകയാണ്. വിദേശ സര്‍വകലാശാലയുടെ കാര്യത്തില്‍ ധനമന്ത്രി പറഞ്ഞത് അന്തിമ തീരുമാനമല്ല. കിട്ടാവുന്ന സാധ്യത ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ധനമന്ത്രി പറഞ്ഞത്.
വിദേശ സര്‍വകലാശാലകളുടെ വാണിജ്യ താത്പര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കുട്ടികള്‍ കബളിപ്പിക്കപ്പെടുമോയെന്നു പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇതെല്ലാം പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും ആശയക്കുഴപ്പമാണ് വ്യക്തമാക്കുന്നത്.
ഫീസ് നിശ്ചയിക്കാനും അദ്ധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം നല്കി വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ സ്ഥാപിക്കാനുള്ള യുജിസി നീക്കത്തെ എതിര്‍ക്കുന്നതായിരുന്നു സിപിഎം നയം. യുജിസിയുടെ നീക്കം ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി നേരിടാന്‍ സഹായകരമല്ലെന്ന് കഴിഞ്ഞ വര്‍ഷം സിപിഎം പരസ്യ നിലപാടെടുത്തിരുന്നു. ഇതിനിടയിലാണ് സംസ്ഥാന ബജറ്റില്‍ വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്ന നിലപാട് ഉണ്ടായത്. ഇത് പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയെന്നാണ് നേതാക്കളുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും പോഷക സംഘടനകളുടേയും നിലപാടുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: