ചെങ്ങന്നൂര്‍: ഇടതുവലതു മുന്നണികളുടെ അഴിമതിരാഷ്ട്രീയത്തിനും മോദിവിരുദ്ധതയ്ക്കുമെതിരെ ജനസഹസ്രങ്ങളെ ബോധവല്‍ക്കരിച്ച് കൊണ്ട് ചെങ്ങന്നൂരിന്റെ മണ്ണിലൂടെ ജനനായകന്റെ പദയാത്ര. ബിസിനസ് ഇന്ത്യാ ഗ്രൗണ്ടില്‍ ചരിത്രം രചിച്ച സമ്മേളനത്തിനാണ് സാക്ഷ്യം വഹിച്ചത്.
അയോധ്യയായിലും ആര്‍ട്ടിക്കിള്‍ 370 ആയാലും പറഞ്ഞതെല്ലാം പാലിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് യാത്രാനായകന് കെ. സുരേന്ദ്രന്. കേരള പദയാത്രക്ക് മുന്നോടിയായി ബിസിനസ് ഇന്ത്യ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇരുമുന്നണികളും മോദിക്കെതിരെ കള്ള പ്രചാരവേലയാണ് നടത്തുന്നത്. അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ പണം മോഷ്ടിക്കില്ല, മോഷ്ടിക്കാന്‍ സമ്മതിക്കില്ല എന്നത് മോദി നല്കിയ വാക്കാണ്. പിണറായി അതോര്‍ത്തുവേണം ദില്ലിയില്‍ സമരം ചെയ്യാന്‍. കണക്ക് നല്‍കിയില്ലെങ്കില്‍ പണം എങ്ങനെയാണ് അനുവദിക്കാന്‍ തോന്നുക.
പണമെല്ലാം വാങ്ങിയിട്ട് മോദിക്ക് നേരെ രാജാവ് കളിക്കാന്‍ പോയാല്‍ ജനം വെറുതെ വിടില്ലെന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടും. കേരളം പിണറായിയുടെ നുണകളെല്ലാം തള്ളിക്കളയും. മാസപ്പടി കേസില്‍ അന്വേഷണം മൂര്‍ച്ഛിച്ചപ്പോള്‍ അതില്‍നിന്നും ജനശ്രദ്ധമാറ്റാനാകുമോ എന്നാണ് ദില്ലി സമരത്തിലൂടെ മുഖ്യമന്ത്രിയുടെ ലക്ഷ്യം. പിണറായിയുടെ ഉറപ്പല്ല, മോദിയുടെ ഗ്യാരന്റിയിലാണ് ജനം വിശ്വസിക്കുന്നതെന്നും കെ. സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
സമ്മേളനത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റി പള്ളിയോടം ഉപഹാരമായി സുരേന്ദ്രന് നല്കിയപ്പോള് പാര്‍ട്ടി മാന്നാര്‍ മണ്ഡലം കമ്മിറ്റി ഓട്ടുവിളക്ക് ഉപഹാരമായി നല്കി. ലോക്സഭമണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നത്തൂര്‍, ചങ്ങനാശേരി, ശാസ്താംകോട്ട, ചാരുംമൂട്, കുന്നിക്കോട്, കൊട്ടാരക്കര, മാടപ്പള്ളി, തകഴി, കുട്ടനാട്, മാവേലിക്കര, നെടുവത്തൂര്‍, പത്തനാപുരം മണ്ഡലങ്ങളുടെ ഭാരവാഹികളും അദ്ദേഹത്തിന് പൊന്നാടയണിയിക്കുകയും ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും ദേശീയതയിലേക്ക് കടന്നുവന്ന ആയിരത്തോളം പേര്‍ക്ക് സമ്മേളനത്തില്‍ വച്ച് അംഗത്വം നല്കി. ബിജെപി നേതാക്കളായ ഷാജി രാഘവന് അധ്യക്ഷനായ സമ്മേളനത്തിന് ശേഷമാണ് പദയാത്ര ആരംഭിച്ചത്. മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ ഡോ. ഹര്‍ഷവര്‍ധനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
മണ്ഡലം കണ്‍വീനര്‍ എം. വി. ഗോപകുമാര്‍, ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, അഡ്വ. പി.സുധീര്‍, രാജിപ്രസാദ്, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ദേശീയസമിതിയംഗം വെള്ളിയാകുളം പരമേശ്വരന്, ഐടി സെല്‍ കണ്‍വീനര്‍ ജയശങ്കര്‍, അഡ്വ. ബി. രാധാകൃഷ്ണമേനോന്, ബിഡിജെഎസ് വൈസ് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി, നാഷണല്‍ കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യുസ്, എസ്ജെഡി ജനറല്‍ സെക്രട്ടറി ബി.ടി. രമ, എല്‍ജെപി നേതാവ് വിജയകുമാര്‍ മാവേലിക്കര, ജെആര്‍പി നേതാവ് സെല്‍ജു ആറുപറ, കാമരാജ് കോണ്‍ഗ്രസ് സെക്രട്ടറി അനില്‍കുമാര്‍, ശിവസേന ജില്ലാ സെക്രട്ടറി ഷിബു മുതുവിലാക്കടി, എല്‍ജെപി നേതാവ് കിരണ്‍, രാജ്മോഹന്‍, എം.ബി. രാജഗോപാല്‍, വയക്കല്‍ സോമന്, ബി. കൃഷ്ണകുമാര്‍, സജു ഇടിക്കല്ലില്‍, പി.കെ.വാസുദേവന്‍, കെ.ആര്. രാധാകൃഷ്ണന്, കെ.ജി. കര്‍ത്ത, ടി.ഒ.നൗഷാദ്, കെ. സോമന്, ഗോപിനാഥ്, കെ. സഞ്ജു, ഡോ. ഗീത, ഷാജു പ.എസ്, പൊന്നമ്മ സുരേന്ദ്രന്, അഡ്വ. ഇരമ്പില്‍ വിജയന്, പി.ഡി. രവീന്ദ്രന്, ശ്യാംകൃഷ്ണന്, ഡി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടത്തു.
യാത്രയുടെ മുന്‍നിര സമ്മേളനവേദിയായ ബിസിനസ് ഇന്ത്യ ഗ്രൗണ്ടില്‍ നിന്നും കല്ലിശേരിയില്‍ എത്തിയിട്ടും പിന്‍നിര സമ്മേളനവേദിയില്‍ നിന്നും യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പദയാത്രയില്‍ ഭാഗമാകാനായി നേരത്തെ തന്നെ സമ്മേളനസ്ഥലത്ത് ഇടം പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: