ആലപ്പുഴ: പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി.സുധാകരന്.
താന്‍ ഇടപെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്താണ് കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചതെന്നും, എന്നാല്‍ അക്കാര്യം നോട്ടീസില്‍ പോലും പറഞ്ഞില്ലെന്നാണ് സുധാകരന്റെ വിമര്‍ശനം. ഇപ്പോഴത്തെ ജനപ്രതിനിധികളും ഇതില്‍ വീഴ്ച വരുത്തിയെന്നും സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. മൂന്ന് കോടി 90 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചത്.
‘ഫണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ നിയമസഭാ അംഗവും മന്ത്രിയുമായിരുന്ന ഞാന്‍ നിര്‍ദ്ദേശിച്ചു അനുവദിച്ചതാണ് എന്ന് ഇതിന്റെ പ്രോഗ്രാമില്‍ ചേര്‍ക്കേണ്ടത് പ്രിന്‍സിപ്പലും, ഹെഡ്മിസ്ട്രെസും, പിടിഎ പ്രസിഡന്റും ആണ്. ഇപ്പോഴത്തെ ജനപ്രതിനിധികള്‍ അത് ചൂണ്ടി കാണിക്കേണ്ടതാണ്. അത് ഉണ്ടായില്ല… ഇന്നത്തെ ജന പ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ മാറി പുതിയ ആളുകള്‍ നാളെ വരുമ്പോള്‍ ഇത് ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. അങ്ങനെ ഉണ്ടാവാന്‍ പാടില്ല. അത് ഭരണപരമായ ഒരു കുറവ് തന്നെയാണ്.
കഴിഞ്ഞകാലത്ത് അനുവദിക്കപ്പെട്ട വികസനം കാലം മാറ്റി ഇപ്പോഴാണ് അനുവദിക്കുന്നത് എന്ന തോന്നല്‍ ഉളവാക്കുന്നത് സര്‍ക്കാറിന് ദോഷകരമാണ്. ഇത് അമ്പലപ്പുഴയില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടവര്‍ അത് തിരുത്തുന്നത് നന്നായിരിക്കുമെന്നും സുധകരന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: