കറാച്ചി: പൊതുതെരഞ്ഞെടുപ്പിന് ഒരു ദിവസം അവശേഷിക്കെ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്താണ് ശക്തമായ ബോംബ് സ്ഫോടനം ഉണ്ടായത്.
ബലൂചിസ്ഥാനിലെ പിഷിൻ ജില്ലയിലെ ഖനോസായി പ്രദേശത്തുള്ള സ്വതന്ത്ര സ്ഥാനാർത്ഥി അസ്ഫന്ദ്യാർ ഖാൻ കാക്കറിന്റെ ഓഫീസിന് പുറത്താണ് സ്ഫോടനം നടന്നത്. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുമെന്ന് പാംഗൂരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അബ്ദുല്ല സെഹ്രി പറഞ്ഞു.
സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് ബാഗിൽ സൂക്ഷിച്ച ബോംബാണ് പിന്നീട് റിമോട്ട് ടൈമർ ഉപയോഗിച്ച് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി എട്ടിന് പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബലൂചിസ്ഥാനിൽ ഭികരാക്രമണങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയ നിലയിലാണ്.
ചൊവ്വാഴ്ചയും പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലെ സുരക്ഷാ പോസ്റ്റുകൾ, തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസുകൾ, റാലികൾ എന്നിവയ്ക്ക് നേരെ പത്ത് ഗ്രനേഡ് ആക്രമണങ്ങൾ നടന്നു. ഞായറാഴ്ച മുതൽ പ്രവിശ്യയിൽ ഇത്തരത്തിൽ 50 ഓളം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. സിബി ടൗണിൽ നടന്ന ഒരു സംഭവത്തിൽ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പിന്തുണയുള്ള ദേശീയ അസംബ്ലിയിലെ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിയെ അക്രമികൾ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനത്തിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിഘടനവാദ ഗ്രൂപ്പുകൾ പ്രാദേശിക ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രവിശ്യയെ സമ്പന്നരുടെ കൈവശം വയ്ക്കുന്നത് അവസാനിപ്പിക്കുന്നതിനുമായിട്ടാണ് യുദ്ധം ചെയ്യുന്നതെന്നാണ് അവകാശപ്പെടുന്നത്.
പ്രവിശ്യയിലെമ്പാടുമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവർക്കെതിരെ ആക്രമണം ഇവർ നടത്തുകയാണ്. കഴിഞ്ഞ വർഷം മുതലാണ് ഇവർ ആക്രമണം ശക്തമാക്കി തുടങ്ങിയത്. വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ വധിക്കാനുള്ള ആക്രമണമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബലൂച് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം അവസാനം മാച്ച് പട്ടണത്തിൽ നടന്ന വൻ ആക്രമണത്തിൽ കുറഞ്ഞത് 24 തീവ്രവാദികളും നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു. ബലൂച് ലിബറേഷൻ ആർമി എന്ന (ബിഎൽഎ) അവകാശപ്പെട്ടവർക്ക് നേരെയായിരുന്നു സൈന്യം മൂന്ന് ദിവസത്തെ ആക്രമണം നടത്തിയത്.
മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വസതികൾ പോലും തീവ്രവാദികൾ വെറുതെ വിട്ടില്ല. ബലൂചിസ്ഥാൻ നാഷണൽ പാർട്ടി-മെംഗൽ ദേശീയ അസംബ്ലി സ്ഥാനാർത്ഥി മിർ മുഹമ്മദ് യാക്കൂബിന്റെ അവറാൻ ജില്ലയിലെ വീടുകൾക്ക് നേരെ ചൊവ്വാഴ്ച രാത്രി ഹാൻഡ് ഗ്രനേഡ് ആക്രമണവും നടന്നു. ബുലേദയിൽ പിഎംഎൽ-എൻ സ്ഥാനാർത്ഥി മിർ മുഹമ്മദ് അസ്ലം ബുലേദി,പഞ്ച്ഗുർ ടൗണിൽ ദേശീയ പാർട്ടി നേതാവ് അബ്ദുൾ ഖാദിർ സജ്ദിയുടെയും സ്വതന്ത്ര സ്ഥാനാർഥി ഡോ. നൂർ ബലോച്ചിന്റെയും വീടുകൾക്ക് നേരെയും ഭീകരർ ഗ്രനേഡുകൾ എറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: