തിരുവനന്തപുരം: പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടമെന്ന് സംശയം. പൂജപ്പുരയില്‍ പിഎസ്സി പരീക്ഷാഹാളില്‍ നിന്ന് ഉദ്യോഗാര്‍ഥി ഇറങ്ങിയോടി. കേരള സര്‍വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയാണ് ഇന്നു നടന്നത്. പരീക്ഷാ ഹാളിലേക്ക് എല്ലാവരും പ്രവേശിച്ചതിനു പിന്നാലെ ഹാള്‍ടിക്കറ്റ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥനെത്തിയപ്പോഴാണ് സംഭവം.
ഹാള്‍ടിക്കറ്റ് ചോദിച്ചതോടെ ഉദ്യോഗാര്‍ഥി ഹാളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. നേമം സ്വദേശിയായ ആൾ ആയിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. തിരിച്ചറിയൽ കാർഡുമായി ഒത്തു നോക്കിയുള്ള വെരിഫിക്കേഷനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നിയിരുന്നു. ഹാൾടിക്കറ്റിൽ ഒട്ടിച്ചിരുന്നത് പഴയ ഫോട്ടോ ആയിരുന്നു. ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങി ഓടുകയായിരുന്നു.
ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ ഓടിരക്ഷപെട്ടതാകാമെന്നാണ് പിഎസ്സി അധികൃതര്‍ നല്കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: