ഡെറാഡൂൺ: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഹരക് സിംഗ് റാവത്തിനെതിരെ അന്വേഷണം സംഘടിപ്പിച്ചു. തിരച്ചിൽ അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച ദൽഹി, ചണ്ഡീഗഢ് എന്നിവയ്‌ക്ക് പുറമെ ഡെറാഡൂണിലെ അദ്ദേഹത്തിന്റെ വസതി ഉൾപ്പെടെ ഉത്തരാഖണ്ഡിലെ ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി ഇഡി പറഞ്ഞു. ഇയാൾക്ക് സംസ്ഥാനത്തെ ജിം കോർബറ്റ് ടൈഗർ റിസർവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ഇഡി സംശയിക്കുന്നുണ്ട്.
കടുവാ സങ്കേതത്തിൽ വൻതോതിൽ മരങ്ങൾ വെട്ടിമാറ്റിയതും അനധികൃത നിർമാണങ്ങൾ നടത്തിയതും സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാരിന്റെ വിജിലൻസ് വിഭാഗം കഴിഞ്ഞ വർഷം റാവത്തിനെതിരേ റെയ്ഡ് നടത്തിയിരുന്നു. ഇയാൾ അധികാരത്തിലിരിക്കെ വനത്തിൽ നിന്നും വൻതോതിൽ മരങ്ങൾ പെട്ടിമാറ്റി കടത്തിയെന്നാണ് ആരോപണം. 63 കാരനായ റാവത്ത് 2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
കോൺഗ്രസിനും ബിജെപിക്കും പുറമെ റാവത്ത് ബിഎസ്പിയുടെയും ഭാഗമായിട്ടുണ്ട്. ഉത്തർപ്രദേശിൽ ബിജെപിക്കൊപ്പം രാഷ്‌ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1996 ൽ ബിഎസ്പിയിൽ ചേരുകയും രണ്ട് വർഷത്തിന് ശേഷം അത് ഉപേക്ഷിച്ച് കോൺഗ്രസിൽ ചേരുകയും ചെയ്തു.
18 വർഷം നീണ്ട കോൺഗ്രസിനൊപ്പം കഴിഞ്ഞ ഹരീഷ് റാവത്ത് സർക്കാരിനെതിരെ മത്സരിച്ച് 2016ൽ ബിജെപിയിൽ ചേർന്നു. അധികാര മോഹത്തെ തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ തനിക്കും മരുമകൾക്കും പാർട്ടി ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് 2022ൽ കലാപം ഉണ്ടാക്കിയതിനെ തുടർന്ന് അദ്ദേഹത്തെ ബിജെപിയിൽ നിന്ന് പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: