തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് പോയ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം തൊടിയില്‍ വീട്ടില്‍ ഇന്ദിരയുടെ മകന്‍ അനില്‍കുമാറിനെ (49) കാണാതായിട്ട് ഒരു മാസം പിന്നിടുന്നു. പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. 2023 ഡിസംബർ 30ന് അഞ്ച് സുഹൃത്തുക്കളോടൊപ്പമാണ് അനില്‍കുമാര്‍ ശബരിമലയിലേക്ക് പോയത്.
കാനനപാതയിലുടെ ശബരിമലയ്‌ക്ക് പോകവെ ജനുവരി ഒന്നിന് എരുമേലി ഇടത്താവളത്തില്‍ തങ്ങി. പിറ്റേ ദിവസം രാവിലെ അനില്‍കുമാറിനെ കാണാതാവുകയും തുടര്‍ന്ന് ഫോറസ്റ്റ് വിഭാഗം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ പമ്പാ പോലീസില്‍ പരാതി നല്കി.
പെരുവന്താനം പോലീസ് ജനു. 6ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. കൂടെപ്പോയ സുഹൃത്തുക്കളുടെയോ അമ്മയുടെയോ മൊഴിയെടുക്കാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. ഓട്ടോ തൊഴിലാളിയായ മകനെ കാണാതായ കേസില്‍ പോലീസിന്റെ ഗുരുതര വീഴ്ചയ്‌ക്കെതിരെ അമ്മ ഡിജിപിക്ക് പരാതി നല്കി കാത്തിരിക്കയാണ്. ഹിന്ദു ഐക്യവേദി ശംഖുമുഖം നഗര്‍ സമിതി സെക്രട്ടറിയാണ് അനില്‍കുമാര്‍.
ഹിന്ദു ഐക്യവേദി പരാതി നല്കി
ശബരിമല തീര്‍ത്ഥാടനത്തിന് പോയി കാണാതായ അനില്‍കുമാറിനെ കണ്ടെത്തുന്നതില്‍ പോലീസ് വീഴ്ച ആരോപിച്ച് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേത്യത്വത്തില്‍ ഡിജിപിക്ക് പരാതി നല്കി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നല്കി. ജില്ലാ സംഘടന സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് പ്രസിഡന്റ് അനില്‍ രവീന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് ജയദീപ് എന്നിവരാണ് ഡിജിപിയെ കണ്ട് പരാതി നല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: