അഗർത്തല: ത്രിപുരയിലെ സമർഗഞ്ചയിൽ നിന്ന് ചൊവ്വാഴ്ച 23 ബംഗ്ലാദേശി കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായി ബിഎസ്എഫ് അറിയിച്ചു. പഞ്ചസാര കടത്തുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്.
അതിർത്തി കടന്നുള്ള പഞ്ചസാര കടത്തുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യം ചൊവ്വാഴ്ച സമർഗഞ്ചിൽ കാത്തുനിൽക്കുകയും 23 ബംഗ്ലാദേശി കള്ളക്കടത്തുകാരെ പിടികൂടുകയും ചെയ്തുവെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ നിന്ന് 6,000 കിലോ പഞ്ചസാരയും 17 മൊബൈൽ ഫോണുകളും ബിഎസ്എഫ് സേന പിടിച്ചെടുത്തു.
ഏകദേശം 30 ബംഗ്ലാദേശി കള്ളക്കടത്തുകാർ ചെറുസംഘങ്ങളായി തിരിഞ്ഞ് അന്താരാഷ്ട്ര അതിർത്തി കടന്ന് ഭാരതത്തിന്റെ ഭാഗത്തുള്ള തങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് ചരക്ക് സ്വീകരിക്കുന്ന രീതിയാണ് ഇവർ നടത്തിയിരുന്നത്. ഇവരിൽ നിന്ന് 125 ബാഗുകളിലായി നിറച്ച 6,250 കിലോ പഞ്ചസാര കണ്ടെടുക്കുകയും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. അറസ്റ്റിലായ 23 പേരിൽ 22 പേർ ഫെനി ജില്ലയിൽ നിന്നുള്ളവരും ഒരാൾ ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ നിന്നുള്ളയാളാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടർന്ന് പിടികൂടിയ ബംഗ്ലാദേശികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്കായി പോലീസിന് കൈമാറി. സമീപ വർഷങ്ങളിൽ ത്രിപുരയിലെ ഭാരതം-ബംഗ്ലാദേശ് അതിർത്തിയിലൂടെ പഞ്ചസാര കടത്ത് വർധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2023ൽ ത്രിപുരയിലെ ഭാരതം-ബംഗ്ലാദേശ് അതിർത്തിയിൽ 16 കള്ളക്കടത്തുകാരിൽ നിന്നായി 5.49 ലക്ഷം കിലോ പഞ്ചസാര പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: