ബെനോനി : അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 245 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി.
ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ക്യാപ്റ്റന്‍ ഉദയ് സഹരണും സച്ചിന് ദാസും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്.ഇരുവരും അഞ്ചാം വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സച്ചിന് ദാസ് 95 പന്തില്‍ നിന്ന് 96 റണ്‍സ് നേടി പുറത്തായി. 11 ഫോറും ഒരു സിക്സും താരത്തിന്റെ ഇന്നിംഗിസില്‍ ഉള്‍പ്പെടുന്നു. ക്യാപ്റ്റന്‍ ഉദയ് സഹരണ്‍ 124 പന്തില്‍ 84 റണ്‍സ് നേടി റണ്ണൗട്ടാകുമ്പോള്‍ ജയിക്കാന്‍ ആകെ ഒരു റണ്‍ മാത്രമെ വേണ്ടിയിരുന്നുള്ളൂ. പാകിസ്ഥാന് – ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ ആകും ഇന്ത്യ ഫൈനലില്‍ നേരിടുക. ഞായറാഴ്ച ആണ് ഫൈനല്‍.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍ പ്രൊറ്റോരിയസ് 76 റണ്‍സ് നേടി.സെലെറ്റ്സൈ്വന് 64 റണ്‍സെടുത്തു.
ഇന്ത്യക്ക് വേണ്ടി മുഷീര്‍ ഖാന് 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. രാജ് ലിംബാനി 9 ഓവറില്‍ 60 റണ്‍സ് വിട്ടു നല്കി 3 വിക്കറ്റും വീഴ്ത്തി. നമന്‍ തിവാരി, സൗമി പാണ്ടെ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: