ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗോവയില്‍ ‘ഇന്ത്യ ഊര്‍ജവാരം 2024’ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഊര്‍ജസംക്രമണ ലക്ഷ്യങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി മുഴുവന്‍ ഊര്‍ജ മൂല്യശൃംഖലയും ഒരുമിച്ച് കൊണ്ടുവരുന്ന, ഇന്ത്യയുടെ ഏറ്റവും വലുതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ ഊര്‍ജപ്രദര്‍ശനവും ഉച്ചകോടിയുമാണ് ഇന്ത്യ ഊര്‍ജവാരം 2024.
പരിപാടിയുടെ ഭാഗമായി ആഗോള എണ്ണവാതക സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ഊര്‍ജവാരത്തിന്റെ രണ്ടാം പതിപ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു.
ഊര്‍ജസ്വല സംസ്ഥാനമായ ഗോവയില്‍ പരിപാടി നടക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ആതിഥ്യമര്യാദയുടെ മനോഭാവത്തിന് പേരുകേട്ട സ്ഥലമാണിതെന്നും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളില്‍ ഈ സ്ഥലത്തിന്റെ പ്രകൃതി സൗന്ദര്യവും സംസ്‌കാരവും ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നും പറഞ്ഞു.
‘ഗോവ വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടുകയാണ്’ സുസ്ഥിരമായ ഭാവിയെയും പരിസ്ഥിതിയോടുള്ള സംവേദനക്ഷമതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ സ്ഥലമാണിതെന്ന് അടിവരയിട്ട് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യ ഊര്‍ജവാരം 2024’നായി ഗോവയില്‍ ഒത്തുകൂടിയ വിദേശ അതിഥികള്‍ സംസ്ഥാനത്തെ അനുഭവങ്ങള്‍ ആജീവനാന്ത ഓര്‍മയായി കൂടെക്കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് 7.5 ശതമാനം കടന്ന സുപ്രധാന കാലഘട്ടത്തിലാണ് ഇന്ത്യ ഊര്‍ജവാരം 2024 നടക്കുന്നത് എന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, പ്രതീക്ഷിത ആഗോള വളര്‍ച്ചയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക്, ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കുന്നുവെന്ന് പറഞ്ഞു.
ഭാവിയില്‍ സമാനമായ വളര്‍ച്ചാ പ്രവണതകളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര നാണയ നിധിയുടെ പ്രവചനവും അദ്ദേഹം പരാമര്‍ശിച്ചു. ‘ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നത് ഇന്ത്യ ഉടന്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ്’ മോദി പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ചയില്‍ ഊര്‍ജ മേഖലയുടെ വിപുലീകരണ വ്യാപ്തി സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. ഊര്‍ജം, എണ്ണ, എല്‍പിജി എന്നിവയുടെ ഉപഭോഗത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒപ്പം, നാലാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിക്കൊപ്പം എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയ്‌ക്കും അദ്ദേഹം അടിവരയിട്ടു. 2045ഓടെ രാജ്യത്തിന്റെ ഊര്‍ജ ആവശ്യം ഇരട്ടിയാകുമെന്ന കണക്കുകൂട്ടലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വര്‍ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി പ്രധാനമന്ത്രി വിശദീകരിച്ചു.
താങ്ങാനാകുന്ന വിലയില്‍ ഇന്ധനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പ്രതികൂല ആഗോള ഘടകങ്ങള്‍ക്കിടയിലും പെട്രോള്‍ വില കുറഞ്ഞ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും കോടിക്കണക്കിന് വീടുകള്‍ വൈദ്യുതീകരിച്ച് 100 ശതമാനം വൈദ്യുതി എത്തിക്കല്‍ കൈവരിച്ചുവെന്നും എടുത്തുകാട്ടി.
‘ഇന്ത്യ അതിന്റെ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, ആഗോള ദിശ നിര്‍ണയിക്കുകയും ചെയ്യുന്നു’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര പെട്രോളിയം, എണ്ണ പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തേലി എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: