ബീന കുമ്പളങ്ങി എന്ന പേരു ഒരുപക്ഷേ മലയാളികൾക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാൽ വളയ്‌ക്കാൻ നോക്കുന്ന പ്യാരിയെ ഓടിച്ചു വിടുന്ന കല്യാണ രാമനിലെ ഭവാനിയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. അത്രയേറെ ശ്രദ്ധ നേടിയിരുന്നു കല്യാണ രാമനിലെ സലിം കുമാറും ബീന കുമ്പളങ്ങിയും ചേർന്നുള്ള കോമ്പിനേഷൻ രംഗങ്ങൾ.
ജീവിതത്തിന്റെ നല്ലൊരു പങ്ക് സഹോദരങ്ങൾക്കു വേണ്ടി ജീവിച്ചിട്ട് ഒടുവിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കഥയാണ് ബീനയ്‌ക്കു പറയാനുള്ളത്. ഏഴു സഹോദരങ്ങളുള്ള കുടുംബത്തിന് കൈതാങ്ങായി മാറിയത് ബീനയായിരുന്നു. സിനിമകളിൽ നിന്നും കിട്ടിയ വരുമാനം വച്ച് സഹോദരങ്ങളെയെല്ലാം പഠിപ്പിച്ചു. എന്നാൽ, വീട്ടുകാർ തനിക്കൊരു നല്ല ജീവിതമോ കുടുംബമോ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നാണ് ബീന പറയുന്നത്.
“അപ്പച്ചൻ മരിക്കുമ്പോൾ എനിക്ക് 31 വയസ്സാണ് പ്രായം. അതോടെ വീട്ടിലെ ഭാരം മൊത്തം എന്റെ ചുമലിലായി. എന്നെ വീട്ടിൽ നിന്നും കെട്ടിച്ചു വിടില്ലായിരുന്നു. എന്നെ എല്ലാവരെയും നോക്കാൻ നിർത്തിയിരിക്കുന്നതല്ലേ. പിന്നെ ഞാൻ തന്നെയാണ് അവിടുന്നു പോന്നത്. സാബു എന്നൊരാൾ പലപ്പോഴും വിവാഹം കഴിച്ചോട്ടെ എന്നു ചോദിച്ചിട്ടു വിളിക്കുമായിരുന്നു. ഭാരം താങ്ങി മടുത്തപ്പോൾ 36-ാം വയസ്സിൽ ഞാൻ ഇറങ്ങിപ്പോന്നു.”
80കളിലാണ് ബീന കുമ്പളങ്ങി അഭിനയരംഗത്ത് എത്തുന്നത്. ചാപ്പ, കള്ളൻ പവിത്രൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. കള്ളൻ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയിൽ ശ്രദ്ധേയയാക്കിയത്. ഷാർജ ടു ഷാർജ, കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ചിലർ, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: