സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ അതിനനുസൃതമായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതും. രണ്ടാം പിണറായി സര്‍ക്കാരിന്റെ 2024-25 ലെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജനങ്ങളെ വളരെയധികം നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതോ, വരുമാനക്കുറവിലും വിലക്കയറ്റത്തിലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോ ആയ ്രപഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. പണം എവിടെനിന്ന് കണ്ടെത്തുമെന്ന് വ്യക്തമല്ലാത്ത പ്രഖ്യാപനങ്ങള്‍ വെറും പൊള്ളയാണ്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം. ബജറ്റിലെ പല നിര്‍ദ്ദേശങ്ങളും നോക്കുമ്പോള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത ഒരു ധനമന്ത്രിയെയാണ് കാണാന്‍ കഴിയുന്നത്. ഇത് മറച്ചുപിടിക്കാന്‍ ബജറ്റിലെമ്പാടും കേന്ദ്രവിരോധം കുത്തിനിറച്ചിരിക്കുകയാണ്. കേന്ദ്രം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെങ്കിലും കേരളം തകരില്ലെന്നും, ഇതിനെ മറികടക്കാന്‍ പ്ലാന്‍ ബി പദ്ധതിയുണ്ടെന്നുമൊക്കെ നിരുത്തരവാദപരമായി വാചകമടിക്കുകയാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചെയ്തത്. സംസ്ഥാനത്തെ കൂടുതല്‍ കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കില്ലെന്നു പറഞ്ഞ് സുപ്രീംകോടതിയെ സമീപിച്ചത് വലിയ തിരിച്ചടിയായിരിക്കുമ്പോഴാണ് ബജറ്റിലും കേന്ദ്രവിരോധം വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്. സുപ്രീംകോടതിയില്‍ കേന്ദ്രം നല്‍കിയ കുറിപ്പ് സാമ്പത്തിക കാര്യങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും നയവൈകല്യവും അക്കമിട്ട് നിരത്തുകയുണ്ടായി.
നികുതിനിര്‍ദ്ദേശങ്ങളുടെ ഒരു പരമ്പരതന്നെയാണ് സംസ്ഥാന ബജറ്റിലുള്ളത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടിയതിലൂടെ വന്‍ വരുമാന വര്‍ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവരുടെ തീരുവ യൂണിറ്റിന് 15 രൂപയായി വര്‍ധിപ്പിച്ചത് വലിയ ചൂഷണമാണ്. സോളാര്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാണ്. വൈദ്യുതിനിരക്ക് വര്‍ധിക്കുമെന്ന് ധനമന്ത്രിതന്നെ പറഞ്ഞിരിക്കുന്നു. കോടതി ഫീസ് വര്‍ധിപ്പിക്കുന്നതും മോട്ടോര്‍വാഹന നിരക്കുകള്‍ പരിഷ്‌കരിക്കുന്നതും ജനങ്ങളെ ബാധിക്കും. രജിസ്ട്രേഷന്‍-ലാന്റ് റവന്യൂ മേഖലയില്‍ നിരവധി നികുതി നിര്‍ദേശങ്ങളുണ്ട്. ഇതനുസരിച്ച് ഭൂമിയുടെ ന്യായവില കൂടുകയും ഭൂനികുതി വര്‍ധിക്കുകയും ചെയ്യും. വസ്തുവിന്റെ ഉപയോഗം അനുസരിച്ച് പുതിയ ഭൂനികുതിക്കുള്ള നിര്‍ദ്ദേശവുമുണ്ടാകും. കെട്ടിടങ്ങള്‍ വില്‍ക്കുമ്പോള്‍ പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. സാക്ഷ്യപത്രങ്ങളില്‍ വില കുറച്ചുകാണിക്കുന്നതിനാല്‍ നികുതി ചോര്‍ച്ച ഉണ്ടാകുമെന്നു പറഞ്ഞാണ് ഇങ്ങനെയാരു മാറ്റം. ലീസ് കരാറുകള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിപ്പിച്ചിട്ടുണ്ട്. പുഴകളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. പുഴ മലിനീകരണവും ജലനിരപ്പ് താഴുന്നതും മറ്റും കണക്കിലെടുത്താണ് പത്ത് വര്‍ഷം മുന്‍പ്
പുഴകളില്‍ മണല്‍വാരല്‍ നിര്‍ത്തിവച്ചത്. മണല്‍കൊള്ളയും വ്യാപകമായിരുന്നു. ഇപ്പോള്‍ പുഴകളില്‍ മണല്‍ വന്നുനിറഞ്ഞിരിക്കുകയാണെന്നു പറഞ്ഞാണ് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്‌ട്രീയപ്രേരിതമായ തീരുമാനമാണിത്. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനെന്ന് പറയുന്നുണ്ടെങ്കിലും പാ
ര്‍ട്ടി ഫണ്ട് കൊഴുപ്പിക്കാനുള്ള തീരുമാനമാണിതെന്ന് കരുതേണ്ടിയിരിക്കുന്നു. നവകേരള സദസ്സില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ പണം വകയിരുത്തിയിട്ടുള്ളത് ധൂര്‍ത്തിന്റെ തുടര്‍ക്കഥയാണ്.
സിപിഎമ്മിന്റെ രാഷ്‌ട്രീയ കാപട്യമാണ് ഈ ബജറ്റിന്റെ മറ്റൊരു സവിശേഷത. വിദേശ മൂലധനത്തിന് ചുവപ്പ് പരവതാനി വിരിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. വിദേശ മൂലധനത്തിനെതിരെ പതിറ്റാണ്ടുകള്‍ സമരം നയിച്ചവരാണ് സിപിഎമ്മും എല്‍ഡിഎഫും. ഈ നയം കാര്യമായ വിശദീകരണമൊന്നുമില്ലാതെ കയ്യൊഴിയുന്നത് തികഞ്ഞ അവസരവാദമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ ഒരുകാലത്ത് സമരം നയിച്ചവര്‍തന്നെ ബജറ്റിലൂടെ അതിനെ സ്വാഗതം ചെയ്യുന്നതിന്റെ പരിഹാസ്യത മൂടിവയ്‌ക്കാനാവില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദേശ മൂലധനനിക്ഷേപത്തിനും വിദേശ സര്‍വ്വകലാശാലകള്‍ക്കും വേണ്ടി വാദിച്ചതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കെ ടി.പി. ശ്രീനിവാസനെ എസ്എഫ്ഐക്കാര്‍ അടിച്ചുവീഴ്‌ത്തുകയുണ്ടായി. എസ്എഫ്ഐയുടെ സ്വാശ്രയ കോളേജ് വിരുദ്ധ സമരവും ഡിവൈഎഫ്ഐയുടെ എഡിബി സമരവും ആരും മറന്നിട്ടില്ല.
രാഷ്‌ട്രീയപ്രേരിതമായ സമരങ്ങളിലൂടെ വിദ്യാഭ്യാസരംഗത്തുണ്ടായ നഷ്ടത്തിന് ആര് സമാധാനം പറയും? കേരളത്തിലേത് അങ്ങേയറ്റം മോശമായ ധന മാനേജ്മെന്റാണെന്നും, ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കേരളത്തിന്റെ കയ്യില്‍ പണമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കെ ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ വിലപ്പോവില്ല. എന്തുവന്നാലും ക്ഷേമപദ്ധതികളില്‍നിന്ന് പിന്മാറില്ല എന്നൊക്കെ ധനമന്ത്രി പറയുന്നുണ്ട്. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍പോലും നല്‍കാന്‍ കഴിയാത്തവരാണ് ഇതൊക്കെ പറയുന്നത്. ജനങ്ങളെ സഹായിക്കാന്‍ കഴിയാത്തത് കേന്ദ്രസര്‍ക്കാരിന്റെ സഹകരണമില്ലാത്തതുകൊണ്ടാണെന്ന് പറയുന്നത് വെറും നുണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: