ന്യൂദൽഹി: കേന്ദ്രത്തിന്റെ ‘പ്രസാദ് ‘ പദ്ധതി പ്രകാരം വികസനത്തിനായി 27 പുതിയ തീർത്ഥാടന കേന്ദ്രങ്ങൾ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ പാർലമെൻ്റിനെ അറിയിച്ചു. ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ഇക്കാര്യം അറിയിച്ചത്. സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ വികസനത്തിനായി 57 ലക്ഷ്യസ്ഥാനങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീർഥാടന കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അടിസ്ഥാന വികസന സൗകര്യങ്ങൾ കൂടുതൽ നൽകുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം അവതരിപ്പിച്ച രണ്ട് പദ്ധതികളാണ് പ്രസാദ്, സ്വദേശ് ദർശൻ എന്നിവ. തീർത്ഥാടകർക്കും സഞ്ചാരികൾക്കും കൂടുതൽ ഫലപ്രദമായ സുഖ സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് തീർത്ഥാടന കേന്ദ്രങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നതാണ് പ്രസാദ്, സ്വദേശ് ദർശൻ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
പ്രസാദ്, സ്വദേശ് ദർശൻ പദ്ധതികൾക്ക് കീഴിൽ യഥാക്രമം 1,631.93 കോടി രൂപ ചെലവിൽ 46 പദ്ധതികൾക്കും 5,294.11 കോടി രൂപ ചെലവിൽ 76 പദ്ധതികൾക്കും അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ടൂറിസം ഉൽപ്പന്നങ്ങളെയും സമഗ്രമായ രീതിയിൽ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ ആഗോള തലത്തിൽ ഇൻക്രെഡിബിൾ ഇന്ത്യ ബ്രാൻഡിന് കൂടുതൽ പ്രചാരം നൽകുമെന്നും റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: