തിരുവനന്തപുരം: സർവമേഖലകളിലും സ്വകാര്യ നിക്ഷേപം അനുവദിച്ച് സംസ്ഥാന ബജറ്റ്. ഉന്നത വിദ്യാഭ്യാസം, വിനോദ സഞ്ചാര, ആരോഗ്യമേഖലകളിലടക്കം സ്വകാര്യപങ്കാളിത്തത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. രണ്ടര മണിക്കൂർ നീണ്ടുനിന്ന ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിൽ ഇടത് സർക്കാരിന്റെ നയം മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നയം മാറ്റമാണ് ഇതിൽ ഏറ്റവും പ്രധാനം.
നികുതി ഇളവുകൾ ഉൾപ്പടെ നൽകി സംസ്ഥാനത്തേയ്‌ക്ക് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം. കൂടാതെ പഠനത്തിനായി വിദേശത്തേയ്‌ക്ക് പോകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും. ഇത് ഉൾപ്പടെ പരിഗണിച്ചാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നയം മാറ്റം. പ്രവാസികളായ അക്കാദമി വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു.
മുതിർന്ന പൗരന്മാരുടെ കെയർ സെൻ്റർ തുടങ്ങുന്നതിനും സ്വകാര്യമേഖലയെ അനുവദിച്ചു. കെയർ ഹബ്ബായി കേരളത്തെ മാറ്റിയാൽ അത് സമ്പത്ത് വ്യവസ്ഥയ്‌ക്ക് മുതൽ കൂട്ടാകും എന്നാണ് സർക്കാർ അനുമാനം. കേരളത്തിൽ നിന്നും പുറത്തുള്ളവർക്കും വിദേശത്തുള്ളവർക്കും പരിചരണം നൽകുന്ന അന്തർദേശീയ കേന്ദ്രങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്രാദേശിക ടൂറിസം വികസനത്തിനും സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ കൊണ്ടുവരുമെന്ന് ബജറ്റിൽ പറയുന്നു. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങൾ നവീകരിക്കാനും മറ്റുമായി 5000 കോടിയുടെ വികസന പദ്ധതിയാണ് നടപ്പാക്കുക. സംസ്ഥാന വ്യാപകമായി ലീസ് സെൻ്റർ തുടങ്ങാൻ 10 കോടി നീക്കി വച്ചിട്ടുണ്ട്. ഇവിടെയും സ്വകാര്യ പങ്കാളിത്തമാണ് അനുവദിച്ചിരിക്കുന്നത്. സ്വകര്യ മേഖലയുടെ സഹായത്തോടെ ഭക്ഷ്യ സംരക്ഷണ സ്റ്റാർട്ട് രംഗത്ത് കൂടുതൽ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു.
സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃക സൃഷ്ടിക്കണമെന്നും ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍ പ്രത്യേക അക്കൗണ്ട് ആണ് ആരംഭിക്കുക. പലരും സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ തയ്യാറാണ്. ഇത് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയും മറ്റും മെച്ചപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതിയെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
ആരോഗ്യ മേഖലയുടെ ആകെ വികസനത്തിന് 401.24 കോടി. മെഡിക്കൽ കോളജുകളുടെ സമഗ്ര വികസനത്തിന് 217 കോടി. 5 പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടിയും ആർദ്രം പദ്ധതിക്ക് 28.88 കോടി രൂപയും വകയിരുത്തി. കനിവ് പദ്ധതിക്ക് 80 കോടി. മെഡിക്കൽ കോളജുകളിലെ മാലിന്യ സംസ്കരണത്തിന് 13 കോടി രൂപ.
പുതിയ ഡയാലിസിസ് യൂണിറ്റുകൾക്ക് 9.8 കോടി. കാൻസർ ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 14 കോടി. മലബാർ കാൻസർ സെൻ്ററിന് 28 കോടി. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. ആരോഗ്യ സര്‍വകലാശാലയ്‌ക്ക് 11.5 കോടി രൂപ വകയിരുത്തി. പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. ഹോമിയോയ്‌ക്ക് 6.83 കോടി. ആരോഗ്യമേഖലയിലെ ഇൻഫർമേഷൻ ടെക്‌നോളജിക്ക് 27.6 കോടി. ഡ്രഗ് കൺട്രോൾ വകുപ്പിന് 5.52 കോടി. 2,547 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: