തിരുവനന്തപുരം; കേന്ദ്രസർക്കാരിനെ പഴിചാരി സംസ്ഥാന ബജറ്റ് അവതരണത്തിന് തുടക്കം. കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ ആണെന്നും കേന്ദ്ര അവഗണക്കെതിരെ സ്വന്തം നിലയ്‌ക്കെങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണം എന്നും മന്ത്രി പറഞ്ഞു. തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാകില്ല കേരളം എന്നതാണ് വികാരമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് ശത്രുതാ മനോഭാവമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം കേന്ദ്രം ഏര്‍പ്പെടുത്തി. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനാകില്ല. വികസന പദ്ധതികള്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം വെട്ടിക്കുറച്ചത് 57,400 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. 100ല്‍ നിന്ന് 21 എന്ന തരത്തില്‍ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. കേന്ദ്ര അവഗണന പ്രതിപക്ഷവും അംഗീകരിച്ചു. എന്ത് വിലകൊടുത്തും വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. സ്വയം നവീകരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മികച്ചതാക്കിയെന്ന് ധനമന്ത്രി അവകാശപ്പെട്ടു. മതനിരപേക്ഷതയാണ് കേരളത്തിന്റെ വികസന മാതൃക. ചുരുങ്ങിയ കാലം കൊണ്ടുള്ള ഇടക്കാല പദ്ധതികള്‍ ആവിഷ്‌കരിക്കും.
എട്ടുവർഷം മുൻപ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും മൂന്നുവർഷക്കാലം കൊണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു. വികസന മാതൃകയിൽ സംശയം ഉന്നയിച്ചവർക്കുള്ള മറുപടിയാണ് കേരളം കൈവരിച്ച നേട്ടങ്ങൾ എന്നും പശ്ചാത്തല മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി എന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതാരത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കേരളത്തിൻറെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അവകാശപ്പെട്ടു. അതേസമയം വികസന, ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മെട്രോയ്‌ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ നിലപാട് ശരിയെന്ന് മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടു.
വന്ദേ ഭാരത് കാരണം മറ്റ് ട്രെയിൻ യാത്രക്കാർ പ്രതിസന്ധിയിലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കെ-റെയിൽ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: