ശ്രീരാമജന്മഭൂമിയില് പ്രാണപ്രതിഷ്ഠനടക്കുമ്പോള് കേരളത്തിലെ ഹിന്ദുമതവിശ്വാസികള്‍ ശ്രീരാമനാമം ജപിക്കുകയും വീടുകളില്‍ വിളക്കുകള്‍ തെളിക്കുകയും ചെയ്യണമെന്ന് അഭിപ്രായപ്പെട്ടതിന് ചിത്രയെന്ന ജനപ്രിയഗായികയുടെ പാടാനുള്ള അവകാശംപോലും റദ്ദുചെയ്യണമെന്ന ആവശ്യവുമായി ചിലപാട്ടുകാരടക്കം അണിനിരക്കുന്നതു കണ്ട് ആകെ ആശയക്കുഴപ്പത്തിലാണ് പൊതുസമൂഹം. ഹിന്ദുമതവിദ്വേഷമെന്ന സിപിഎമ്മിന്റെ രാഷ്ട്രീയമായ അജണ്ടയില്‍ ആദ്യംകാലിടറിയത് യുഡിഎഫിനാണ്. കാരണം സുവ്യക്തം; ഏത് നിമിഷവും എല്ഡിഎഫിനോടൊപ്പംകൂടാന് ഒരുകാരണം നോക്കിയിരിക്കുന്ന മുസ്ലിംലീഗ് ശ്രീരാമക്ഷേത്രത്തിന്റെ പേര്പറഞ്ഞ് മുന്നണിവിടുമെന്ന് പേടിക്കുന്നതിനാല്‍ മുസ്ലിംലീഗിന്റെ താല്‍പ്പര്യം മതവിശ്വാസത്തിന്റെകാര്യത്തിലും സംരക്ഷിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്. കേരളത്തിലിപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത് ഹിന്ദുമതവിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ പോകുകയും വിളക്കുകള്കത്തിക്കുകയും രാമനാമം ജപിക്കുകയും ചെയ്യുന്നത് ശരിയാണോ എന്ന കാര്യമാണ്. സിപിഎമ്മും മുസ്ലിം സംഘടനകളും അതൊരു രാഷ്ട്രീയ പ്രശ്നമാക്കിയിരിക്കുന്നു. ഇത് ഹിന്ദുക്കളുടെ വിശ്വാസപരമായ പ്രശ്നമാണെന്ന് പറയാനുള്ള നട്ടെല്ലുറപ്പ് അടുത്ത ഊഴത്തിലെങ്കിലും അധികാരത്തിലേറണമെന്ന മോഹവുമായിനടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനില്ല.
അധികാരത്തിനും അതുവഴിയുണ്ടാകുന്ന പലതരം നേട്ടങ്ങള്‍ക്കും ഹിന്ദുഅടിമകളും മുസ്ലിംതീവ്രവാദികളും ചേര്‍ന്ന, വിജയന്റെ കുടുംബസ്വത്തായിത്തീര്ന്നിട്ടുള്ള സിപിഎമ്മാണ് നല്ലതെന്ന് മുസ്ലിംലീഗിന് തോന്നിത്തുടങ്ങിയിട്ട് നാളേറെയായി. അവരൊരുകാരണത്തിനുവേണ്ടി തക്കംപാര്‍ത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഹിന്ദുമത വിശ്വാസികള്‍ അമ്പലത്തില്‍ പോകണമോ എന്നകാര്യം മുസ്ലിംലീഗിന്റെ തീരുമാനത്തിന് വിധേയമായത്. അതായത്, കേരളരാഷ്ട്രീയംമാത്രമല്ല ഇസ്ലാമികേതര മതവിശ്വാസങ്ങളും സംഘടിത മതവര്‍ഗീയതയ്ക്ക് വിധേയമാക്കപ്പെട്ടിരിക്കുന്നുവെന്നര്ഥം. അല്ലെങ്കില്‍ ചിത്ര എന്ന ഗായികയ്ക്കോ മറ്റ് ഹിന്ദുദൈവവിശ്വാസികള്ക്കോ രാമനാമം ജപിക്കാനും സ്വന്തംവീടുകളില് സന്ധ്യാദീപം തെളിക്കാനും മറ്റൊരുമതത്തിന്റെ അനുവാദംവേണമെന്ന് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കോ, മതസംഘടയ്ക്കോ, അവരെ പിന്തുണയ്ക്കുന്ന വ്യാജമതേതരര്ക്കോ പറയാന്‍ കഴിയുമായിരുന്നോ? മതേതരത്വമെന്നാല്‍ ഒരു മതവിശ്വാസികള്‍ക്ക് അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ മറ്റൊരു മതത്തിന്റെ അനുവാദം വേണമെന്നതാണോ മതേതരത്വം? അങ്ങനെയാണെങ്കില്‍, എല്ലാമതക്കാരും ഇതംഗീകരിക്കുകയും ഇതര മതവിശ്വാസികളുടെ അനുവാദംവാങ്ങിക്കൊണ്ടേ സ്വമതാനുഷ്ഠാനംനടത്തുകയുള്ളു എന്ന് സമ്മതിക്കുകയും ചെയ്യുമോ? കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും അതാണോ? ഇത് കേരളം കടന്നുപോകുന്ന ഭീകരമായ സാമൂഹിക-സാംസ്കാരിക സാഹചര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ബാബര്‍ പുരാതനമായ ഒരു ഹിന്ദുക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍കൂടി ഉപയോഗിച്ചുകൊണ്ടാണ് ബാബറിമസ്ജിദ് നിര്‍മ്മിച്ചതെന്ന ചരിത്രവസ്തുത മനസ്സിലാക്കിയാണ് അവിടെ വീണ്ടും ശ്രീരാമക്ഷേത്രം പണിയാനും തൊട്ടപ്പുറത്ത് ബാബറിമസ്ജിദ് നിര്‍മ്മിക്കാനും സുപ്രിംകോടതി ഉത്തരവിട്ടത്. അതനുസരിച്ച് അവിടെ രാമക്ഷേത്രമുയര്ന്നു. ഇത് മുസ്ലിംപള്ളി പണിയുന്നതിന് തടസ്സമല്ല. ഇതിനെക്കാള്‍ വലിയൊരു പള്ളി നിര്മ്മിക്കാനവര്ക്ക് ശേഷിയുമുണ്ട്. അങ്ങനെ അടുത്തടുത്തായി പല പള്ളികളും ക്ഷേത്രങ്ങളും ഇന്ത്യയിലും കേരളത്തിലും തിരുവനന്തപുരത്തുമുണ്ട്. അത് സാഭിമാനം ചൂണ്ടിക്കാട്ടുന്നവരാണ് ഭാരതീയര്‍. പിന്നെന്തുകൊണ്ടാണ് ഇപ്പോള്‍ കേരളത്തില്‍മാത്രം ഇതൊരു രാഷ്ട്രീയവും ഹിന്ദുമതവിദ്വേഷപരവുമായ പ്രശ്നമാകുന്നതും ശ്രീരാമനെ പൂജിക്കാന്‍ ഭക്തര്‍ക്ക് കേരളത്തിലെ രണ്ട് മുന്നണികളുടെയും മുസ്ലിം സംഘടനകളുടെയും അനുവാദം വേണമെന്നും പറയുന്നത്? ഇത് മതേതരത്വമാണോ, മതരാഷ്ട്രസിദ്ധാന്തത്തിലേയ്ക്കുള്ള ചുവടുവയ്പ്പാണോയെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ചരിത്രത്തിന്റെ പഴമകള്‍ ചികഞ്ഞ് തകര്‍ന്നുപോയ ക്ഷേത്രങ്ങളെല്ലാം പുനര്നിര്മ്മിക്കണമെന്ന നിലപാട് അംഗീകരിക്കുന്നത് പുതിയ ഭൂതത്തെ കുടത്തില്‍നിന്ന് തുറന്നുവിടുന്നതിന് തുല്യമാണെന്ന കാര്യം നിസ്സംശയമാണ്. കോടതികളും ഏതാണ്ട് ഇത്തരമൊരു കാഴ്ച്ചപ്പാടിലെത്തിയിട്ടുമുണ്ട്. ചരിത്രത്തിലെ ശരിതെറ്റുകളെല്ലാം പുനരന്വേഷിക്കുന്നത് വിനാശകരമായ സമീപനമാണ്. പക്ഷേ, നിര്‍ബന്ധമായും തിരുത്തപ്പെടേണ്ടതെന്ന് നീതിപീഠത്തിന് തോന്നിയ കാര്യത്തെ നീതിവ്യവസ്ഥയില്‍ നിന്ന് മാറി, താല്‍ക്കാലിക രാഷ്ട്രീയ താല്പ്പര്യത്തിനുപയോഗിക്കുകയും അതിനുവേണ്ടി മതനിരപേക്ഷതയുടെ മറവിലൂടെ സംഘടിതവര്ഗീയതയുടെ ദുര്‍വാശിക്ക് ഏതെങ്കിലുമൊരുമതവിശ്വാസത്തെ വിധേയമാക്കുകയും ചെയ്യാനുള്ള ശ്രമം മതനിരപേക്ഷതയല്ല, ശുദ്ധമായ വര്‍ഗീയതയാണ്. കേരളത്തിലെ പൊതുസമൂഹം അത് തിരിച്ചറിയണം.
കുമാരനാശാന്റെ ചരമശതാബ്ദി അവഗണിക്കപ്പെട്ടതെന്തുകൊണ്ട്?
മേല്‍പ്പറഞ്ഞതിന്റെ തുടര്‍ച്ചയല്ലെങ്കിലും കേരളചരിത്രം കടന്നുപോകുന്ന ദുരവസ്ഥയുടെ സാംസ്കാരികാപചയം അധികാരത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് ഇരയാകുന്നതിന്റെ മറ്റൊരുതലമാണ് മലയാളകാവ്യവസന്തത്തിന്റെ കാലാതീത സാമീപ്യമായ മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ഏതാണ്ട് നിശ്ശബ്ദം കടന്നുപോയത് സൂചിപ്പിക്കുന്നത്. ചില മാധ്യമങ്ങള്‍ അതോര്‍ക്കുകയും ചില കുറിപ്പുകളെഴുതുകയും ചെയ്ത കാര്യം മറക്കുന്നില്ല. പക്ഷേ, കുമാരനാശാനെന്ന ദിവ്യജ്യോതിസ്സിനോട് കേരളസര്‍ക്കാരും സാംസ്കാരികസ്ഥാപനങ്ങളും ഇത്തരമൊരു ഒഴുക്കന്സമീപനം സ്വീകരിച്ചാല്‍ മതിയോ? അങ്ങനെ കലണ്ടര്‍ത്താളില്‍ ഒഴുക്കിവിട്ടാല്‍ മതിയെന്ന് കരുതാന്‍ എന്താണ് കാരണം? 1973 ഏപ്രില്‍ 12ന് കായിക്കരയില്ജനിച്ച് 1924 ല്‍ പല്ലനയാറ്റിലുണ്ടാ(ക്കി) യ ഒരു ബോട്ടപകടത്തില്‍ അപമൃത്യുസംഭവിച്ച് അമ്പത്തിഒന്നാംവയസ്സില് ‘അന്തമില്ലത്തൊരാഴിയിലേയ്ക്ക്താഴ്ന്നു’പോയ ആ മഹത്തായ ജീവിതം കേരളസംസ്കാരത്തില്‍ അവഗണിക്കപ്പെടാവുന്നതല്ല. നാരായണഗുരുവിന്റെ ഉത്തമശിഷ്യരിലൊരാള് മാത്രമല്ല ആശാന്. ഗുരുവിന്റെ സഹായത്തോടെ ഉന്നതവിദ്യാഭ്യാസം നേടിയതിനുശേഷം 1903 ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയാകുകയും 1904ല്‍ വിവേകോദയം മാസിക സ്ഥാപിച്ചുകൊണ്ട് കേരളസംസ്കാരത്തില്‍ തിരുത്തല്‍ ശക്തിയായി ഇടപെടുകയും ചെയ്ത ചരിത്രപുരുഷനാണ് അദ്ദേഹം.
1920 ല്‍ യോഗം സെക്രട്ടറി സ്ഥാനം രാജിവച്ച് ആശാന് നിയമസഭാംഗമായി. 1922ല്‍ വെയിത്സ് രാജകുമാരനില്‍നിന്ന് സാഹിത്യ സംഭാവനകളുടെ പേരില്‍ പട്ടും വളയും നേടി. അതേവര്‍ഷം തന്നെയാണ് 1921ലെ മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍ ദുരവസ്ഥയും ഹിന്ദുമതത്തിലെ ജാതിഭീകരതയുടെ വിഷപ്പല്ലുപറിക്കുന്ന ചണ്ഡാലഭിക്ഷുകിയുമെഴുതിയത്. ‘ചണ്ഡാലിതന്മെയ് ദ്വിജന്റെ/ബീജപിണ്ഡത്തിനൂഷരമാണോ?’ എന്ന കലാപംനിറഞ്ഞചോദ്യം കേരളത്തിലെ ജാതിക്കോട്ടകളെ ഇളക്കിമറിച്ചുവെന്നത് ചരിത്രമാണ്. പക്ഷേ, അദ്ദേഹത്തെ കേവലം ജാതിവിരുദ്ധതയുടെ ഇടുക്കുതൊഴുത്തില്‍ തളച്ചിടാന്‍ ഇടതുപക്ഷമേലങ്കിയണിഞ്ഞവര് തയാറായത് യാദൃച്ഛികമല്ല. 1907 ല്‍ വീണപൂവെന്ന ഖണ്ഡകാവ്യത്തിലൂടെ നടന്നുപഴകിയപാതകള് വിട്ട് പുതിയവഴിവെട്ടിയ ആശാന് നളിനി, ലീല, ചിന്താവിഷ്ടയായ സീത, ഗ്രാമവൃക്ഷത്തിലെ കുയില്‍, കരുണ, എഡ്വിന് അര്‍ണോള്‍ഡിന്റെ ശ്രീബുദ്ധകാവ്യത്തിന്റെ മൊഴിമാറ്റമായി ശ്രീബുദ്ധചരിതം കിളിപ്പാട്ട് തുടങ്ങിയ കൃതികളിലൂടെയാണ് തന്റെ കാവ്യപ്രതിഭയുടെ സൂര്യമണ്ഡലം നിര്‍മ്മിച്ചത്. പൂക്കാലംപോലെ മറ്റ് പല മനോഹരകവിതകളും എഴുതുകയും ചെയ്തു.
ദുരവസ്ഥയെന്ന കാവ്യം ആശാന്റെ കാവ്യജീവിതത്തെ കേരളചരിത്രവുമായിബന്ധിപ്പിക്കുകയും ജീവിതത്തെത്തന്നെ അപകടപ്പെടുത്തുകയും ചെയ്തുവെന്ന വിശ്വാസം യുക്തിപരമായി നിലനില്‍ക്കുന്നുണ്ട്. ചണ്ഡാലഭിക്ഷുകി ‘ഉത്തരഹിന്ദുസ്ഥാനിലെ പണ്ട’ത്തെ സാമൂഹികാസ്പര്ശ്യതയെ കടന്നാക്രമിച്ചതാണെങ്കില് ദുരവസ്ഥ 1921 ല്‍ ഏറനാട്ടില്‍ നടന്ന മാപ്പിളലഹളയുടെ വംശീയ നിര്മ്മാര്ജ്ജനതലത്തെ നിര്‍വിശങ്കം കടന്നാക്രമിക്കുന്നതാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമെന്നനിലയിലാരംഭിക്കുകയും ഹൈന്ദവരുടെ വംശീയഹത്യയിലേയ്ക്ക് വഴിതിരിയുകയും ചെയ്ത മാപ്പിളകലാപത്തെ ഹിന്ദുജന്മിമാരുടെ മറപിടിച്ച് സ്വാതന്ത്ര്യസമരമാക്കാന്‍ പരിശ്രമിക്കുന്ന ഇടതുപക്ഷ മുഖംമൂടി ധരിച്ച ചരിത്രമെഴുത്തുകാര്‍ക്കും സാഹിത്യജീവികള്‍ക്കും വലിയ ഭീഷണിയായി ദുരവസ്ഥ ഇപ്പോഴും വായിക്കപ്പെടുന്നുണ്ട്. കാരണം, ആശാന് മാപ്പിളലഹളയുടെ ദൃക്സാക്ഷിവിവരണമാണ് നല്‍കുന്നത്. ജാതിവിദ്വേഷത്തിന്റെ മറപിടിച്ചുള്ള പ്രതിരോധത്തിലൂടെ മാപ്പിളലഹളയുടെ ആത്യന്തികവും ചരിത്ര-സാമൂഹ്യനിര്‍മ്മിതിയെ സ്വാധീനിച്ചിട്ടുള്ളതുമായ ഹിന്ദുവിരുദ്ധതയെ മറച്ചുപിടിക്കാനാകില്ല. എല്ലാ മുസ്ലിങ്ങളും ലഹളയുടെ പിന്തുണക്കാരോ, പങ്കാളികളോ ആയിരുന്നില്ലെന്നു മാത്രമല്ല, പലരും രഹസ്യമായി അതിന്റെ ഇരകളെ സഹായിച്ചിട്ടുണ്ടെന്നുള്ളതുമിരിക്കേതന്നെ, ആ കലാപം ഹിന്ദുധര്മ്മവിശ്വാസികളെ ഉന്മൂലനം ചെയ്യാനുള്ള രാഷ്ട്രീയതാല്‍പ്പര്യത്തിന്റെ ഉല്‍പ്പന്നമായി മാറിയത് ഡോ.അംബേദ്കറും ആനിബസന്റും മാധവന്നായരുമടക്കം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാന്ധിജിപോലും അതിന്റെപേരില്‍ വിമര്‍ശിക്കപ്പെടുകയും ഒടുവിലദ്ദേഹത്തിന് തെറ്റ് സമ്മതിക്കേണ്ടിവരുകയും ചെയ്തു.
‘ക്രൂരമുഹമ്മദര്‍ എന്ന പേരുകേട്ടാല്‍ പോലും കയ്ക്കു’മെന്ന് സാവിത്രി പറയുന്നത് ആ ലഹളയില്‍ തന്റെ കണ്മുന്നില്വച്ച് അക്രമികള്‍ നടത്തിയ പൈശാചികമായ സ്ത്രീപീഡനപരമ്പരകളോര്ത്താണ്. ഈ കൃതിയിലെ ഇത്തരം പരാമര്‍ശങ്ങള്‍ പിന്വലിക്കണമെന്നസമ്മര്ദ്ദത്തിന് ആശാന് വഴങ്ങിയില്ല. അതിന്റെ പശ്ചാത്തലത്തിലുംകൂടിയാണ് 1924 ജനുവരി 16ന് ആ ബോട്ടപകടം നടക്കുന്നത്. ആശാന് കടലിനും കായലിനും ഇടയ്ക്ക് ജനിച്ചുവളര്‍ന്ന, നന്നായി നീന്തലറിഞ്ഞിരുന്നയാളാണ്. ആലപ്പുഴയിലാണല്ലോ വളരെ അടുത്തകാലത്ത്പോലും ‘ചന്ദനത്തിരിയും കുന്തിരിക്കവും കൈകളില്‍ കരുതിക്കോ’ എന്നും മാപ്പിളലഹളയ്ക്കപയോഗിച്ച വാളും കത്തിയുമൊന്നും അറബിക്കടലിലെറിഞ്ഞിട്ടില്ലെന്നുമൊക്കെ ഒരു കുഞ്ഞിനെക്കൊണ്ടുപോലും ഓര്‍മ്മിപ്പിച്ചത്. അപ്പോള്‍, ഒരുനൂറ്റാണ്ട് മുമ്പ് ആശാന്റെ ഈ കൃതി അദ്ദേഹത്തിന്റെ ദുരന്തത്തിന് കാരണമായിരിക്കാമെന്ന വിശ്വാസത്തിന് യുക്തിയുടെ അടിത്തറയുണ്ട്. ദുരവസ്ഥയിലെ ജാതിവിരുദ്ധമായ വരികള്‍ മാത്രം വായിക്കുന്നവര്‍ അതിലെ ലഹളക്കാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വായിക്കാറില്ല. അതാണോ ആശാന്റെ നൂറാം ചരമവര്‍ഷം അവഗണിക്കപ്പെടാനുള്ള കാരണമെന്നതാണ് എന്റെ ചോദ്യം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: