മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയെ രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്ന നല്കി ആദരിച്ചത് ചരിത്രപരമായ ഉപകാരസ്മരണയാണ്. നീണ്ട എട്ടുപതിറ്റാണ്ടിലേറെക്കാലം നിസ്വാര്‍ത്ഥമായി പൊതുസേവനം നടത്തിയതിനുള്ള നന്ദിപ്രകാശനമാണിത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ച ഈ പുരസ്കാര വിവരം പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ തീര്‍ത്തും അര്‍ത്ഥപൂര്‍ണമാണ്. സുതാര്യതയും സത്യസന്ധതയും നിറഞ്ഞ പതിറ്റാണ്ടുകളുടെ പൊതുജീവിതമാണ് അദ്വാനി അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയ നൈതികതയില്‍ മാതൃകാപരമായ നിലവാരം പുലര്‍ത്തുകയും, ദേശീയ ഐക്യത്തിനും രാഷ്ട്രത്തിന്റെ സാംസ്കാരിക ഉയര്‍ത്തെഴുന്നേല്‍പ്പിനും സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തുകയുമാണ് അദ്വാനി ചെയ്തത്. പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നതുപോലെ നമ്മുടെ കാലത്തെ ഏറ്റവും ബഹുമാന്യനായ രാഷ്ട്രതത്രജ്ഞനാണ് അദ്വാനി. ഭാരതരത്നം ലഭിച്ചതിനോടുള്ള അദ്വാനിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. ഈ ബഹുമതി വ്യക്തിപരമായി കാണുന്നില്ലെന്നും, ജീവിതത്തിലുടനീളം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദശലക്ഷക്കണക്കിന് സ്വയംസേവകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദിയറിക്കുകയാണെന്നും പറഞ്ഞ അദ്വാനി, വ്യക്തിജീവിതത്തില്‍ തനിക്ക് താങ്ങും തണലുമായിരുന്ന ഭാര്യ കമലയോടും കുടുംബാംഗങ്ങളോടുമുള്ള കടപ്പാടും രേഖപ്പെടുത്തിയിരിക്കുന്നു. പൊതുജീവിതത്തില്‍ അടുത്തുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ രണ്ട് വ്യക്തികളെ താന്‍ പ്രത്യേകം ഓര്‍ക്കുകയാണെന്നും, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയും അടല്‍ബിഹാരി വാജ്പേയിയുമാണ് അവരെന്നും അദ്വാനി പറയുകയുണ്ടായി. ഇവരില്‍ വാജ്പേയിക്ക് ഭാരതരത്നം നല്കുകയുണ്ടായി. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യയും ഈ പരമോന്നത ബഹുമതിക്ക് പൂര്‍ണമായും അര്‍ഹനാണ്. വരുംകാലത്ത് അത് ലഭിക്കുമെന്ന് ഉറച്ചുവിശ്വസിക്കാം.
ആധുനിക ഭാരതത്തെ കരുപ്പിടിപ്പിച്ച നായകന്മാരില് ഒരാളാണ് എല്‍.കെ. അദ്വാനി എന്ന ലാല്‍കൃഷ്ണ അദ്വാനി. ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ കറാച്ചിയില്‍ ജനിക്കുകയും, പതിനാലാമത്തെ വയസ്സില്‍ ആര്‍എസ്എസില്‍ അംഗമാവുകയും ചെയ്ത അദ്വാനി രാഷ്ട്രവിഭജനത്തിന്റെ ദുഃഖസ്മരണകളുമായി ഭാരതത്തിലെത്തുകയായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ആര്‍എസ്എസ് പ്രചാരകനായി രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ദേശീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. അധികം വൈകാതെ ജനസംഘത്തിലെത്തിയ അദ്വാനി തന്റെ പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയിലേക്ക് മാറ്റുകയും, ദീനദയാല്‍ ഉപാധ്യായയുടെയും അടല്‍ബിഹാരി വാജ്പേയിയുടെയും സഹപ്രവര്ത്തകനാവുകയും ചെയ്തു. ജനസംഘത്തിന്റെ ദല്‍ഹി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റെടുത്ത അദ്വാനി ആറ് വര്‍ഷത്തോളം ഇംഗ്ലീഷിലുള്ള ഓര്‍ഗനൈസര്‍ വാരികയിലും പ്രവര്‍ത്തിച്ചു. അധികം വൈകാതെ രാജ്യസഭയിലെത്തുകയും, സംഭവബഹുലമായ ഒരു പാര്‍ലമെന്ററി ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. ജനസംഘത്തിന്റെ അധ്യക്ഷപദവി ഏറ്റെടുത്ത അദ്വാനി പിന്നീട് അടിയന്തരാവസ്ഥയ്ക്കെതിരെ സമരം നയിച്ച് ബെംഗളൂരുവില്‍ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടു. അടിയന്തരാവസ്ഥ രണ്ട് വര്‍ഷത്തിനപ്പുറം നീണ്ടുപോയിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നു പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘തന്റെ കയ്യില്‍ ലൈസന്‍സുള്ള തോക്കുണ്ട്’ എന്നായിരുന്നു അദ്വാനിയുടെ പ്രതികരണം. അടിയന്തരാവസ്ഥയ്ക്കുശേഷം രൂപംകൊണ്ട ജനതാപാര്‍ട്ടിയുടെ ശില്‍പ്പികളിലൊരാളും, അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വാര്‍ത്താവിതരണ മന്ത്രിയുമായിരുന്ന അദ്വാനിയുടെ ജീവിതം പിന്നീടങ്ങോട്ട് ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ തന്നെയായിരുന്നു.
നമുക്ക് സുപരിചിതരായ സ്വാര്‍ത്ഥമതികളും അധികാരമോഹികളുമായ രാഷ്ട്രീയ നേതാക്കളിലൊരാളല്ല അദ്വാനി. ഭാരത റിപ്പബ്ലിക്കിന്റെ ജാതകം തിരുത്തിക്കുറിച്ച രാഷ്ട്രതന്ത്രജ്ഞനാണ്. ജനതാ സര്‍ക്കാരിന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപംകൊണ്ട ബിജെപിയുടെ അധ്യക്ഷനായി ഒന്നിലധികം തവണ ചുമതലയേറ്റ അദ്വാനി പാര്‍ട്ടിയെ ദിശാബോധത്തോടെ നയിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ പുതുയുഗം കുറിച്ച് വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്വാനി ആഭ്യന്തര മന്ത്രിയായി. അയോദ്ധ്യാ പ്രക്ഷോഭം ശക്തിപ്പെട്ടുവരികയും, ഗുജറാത്തിലെ സോമനാഥില്‍നിന്ന് സീതാ-രാമ രഥയാത്രയ്ക്ക് തുടക്കംകുറിക്കുകയും ചെയ്തതോടെ ആ പ്രക്ഷോഭത്തിന്റെ ജനനായകനായി അദ്വാനി മാറി. വര്‍ഗീയപ്രീണനം മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനെതിരെ വീറോടെ പൊരുതുകയും, കപടമതേതരവാദികളെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍നിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത അദ്വാനി സാംസ്കാരിക ദേശീയതയുടെ അടിത്തറയില്‍ ഭാരതരാഷ്ട്രീയത്തെ പുതുക്കിപ്പണിയുകയായിരുന്നു. ബിജെപിയെ ഒരു ബഹുജന പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്വാനിയെപ്പോലെ വിയര്‍പ്പൊഴുക്കിയവര്‍ വളരെ കുറവാണ്. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ്സിന്റെ കുടുംബാധിപത്യം അവസാനിപ്പിക്കുന്നതില്‍ ഒത്തുതീര്‍പ്പില്ലാതെ പോരാടുകയും ചെയ്തു. അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നുകാണാന്‍ തീവ്രമായി ആഗ്രഹിച്ച സമരനായകനാണ് അദ്വാനി. ജീവിത സായാഹ്നത്തില്‍ അത് കണ്മുന്നില് കാണാന്‍ കഴിഞ്ഞതിനു പിന്നാലെ പരമോന്നത ബഹുമതിയായ ഭാരതരത്നയും ലഭിച്ചത് ഒരു നിയോഗത്തിന്റെ പൂര്‍ത്തീകരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: