ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ അഭിസംബോധനകള്ക്കുള്ള പ്രാധാന്യം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുന്നു. എന്‍ രത്തത്തിന്‍ രത്തമാന, തായ്മാര്‍കളേ…പെരിയോര്‍കളേ… തുടങ്ങി എംജിആര്‍ അടക്കമുള്ളവര്‍ പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത് സവിശേഷമായിരുന്നു. അവര്‍ എപ്പോഴും അതേ രീതി പിന്തുടര്ന്നിരുന്നു.
രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച നടന് വിജയ് അഭിസംബോധനയില്‍ വരുത്തിയ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ച.
ഇത്രയും കാലം ആരാധകരോടു സംസാരിക്കുമ്പോഴും പ്രസ്താവനയിലും ഫാന്‍സ് അസോസിയേഷന് വേദികളിലും ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും രസികര്കളേ’ എന്നു പറഞ്ഞാണ് വിജയ് സംസാരിച്ചു തുടങ്ങിയിരുന്നത്. എന്നാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷം ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളേ’ എന്ന് മാറ്റി.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചശേഷം വിജയ് പുറത്തിറക്കിയ പ്രസ്താവനയിലെ അഭിസംബോധനയിലുണ്ടായ മാറ്റമാണ് ചര്‍ച്ചയായത്. പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പുറത്തിറക്കിയ കുറിപ്പില്‍ രാഷ്ട്രീയ യാത്രയില്‍ ആശംസ അറിയിച്ച എല്ലാവര്ക്കും വിജയ് നന്ദി അറയിച്ചു.
അക്കൂട്ടത്തില്‍ ആരാധകരെ അഭിസംബോധന ചെയ്യുന്നിടത്താണ് രസികര്കളെ എന്ന വാക്കിനു പകരം തോഴര്‍കളെ എന്നു ഉപയോഗിച്ചിരിക്കുന്നത്. ഇനി ആരാധകരെ വിജയ് ഇങ്ങനെയാകുമോ അഭിസംബോധന ചെയ്യുക എന്നാണ് എല്ലാവരുടേയും ആകാംക്ഷ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജയ് പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം മത്സരിക്കില്ല. രണ്ടു വര്‍ഷത്തിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: